കുന്നംകുളത്തെ സനൂപ് വധം ,മുഖ്യ പ്രതി നന്ദൻ പിടിയിൽ
കുന്നംകുളം: ബ്രാഞ്ച് സെക്രട്ടറി പി.യു.സനൂപിനെ കുത്തി കൊലപ്പെടുത്തിയ കേസിലെ മുഖ്യപ്രതി ചിറ്റലങ്ങാട് തറയില്‍ വീട്ടില്‍ നന്ദനനെ (48) പോലീസ് പിടികൂടി. തൃശൂരിലെ ഒളി സങ്കേതത്തില്‍ നിന്നുമാണ് നന്ദനനെ അന്വേഷണ സംഘ തലവന്‍ കുന്നംകുളം എ.സി.പി.ടി.എസ്. സിനോജിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം പിടികൂടിയത്. രാജ്യം വിടാന്‍ സാധ്യതയുണ്ടെന്നത് കണക്കിലെടുത്ത് ഇയാള്‍ക്കായി പോലീസ് ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചിരുന്നു.
രാവിലെ ചിറ്റിലങ്ങാട് സ്വദേശികളായ രണ്ട് പേരെ പോലീസ് കസ്റ്റഡിയിലെടുത്തിരുന്നു. ഇവരായിരുന്നു പ്രതികളെ കൊലപാതകത്തിന് ശേഷം രക്ഷപ്പെടാന്‍ സഹായിച്ചത്. ഇവരെ ചോദ്യം ചെയ്തതില്‍ നിന്നും ലഭിച്ച നിര്‍ണ്ണായക വിവരങ്ങളാണ് നന്ദനനെ പിടികൂടുന്നതിലേക്ക് നയിച്ചത്. ഇപ്പോള്‍ പ്രതികളായി കണ്ടെത്തിയിട്ടുള്ളവരെ കൂടാതെ ഒരാള്‍ കൂടി സംഭവത്തില്‍ ഉള്‍പ്പെട്ടിട്ടുണ്ടെന്ന് പോലീസിന് വിവരം ലഭിച്ചിട്ടുണ്ട്.
പഴഞ്ഞിയിലുള്ള നന്ദനന്റെ ഭാര്യ വീട്ടില്‍ പോലീസ് നടത്തിയ പരിശോധനയില്‍ പാസ്‌പോര്‍ട്ട് അടക്കമുള്ള രേഖകള്‍ പോലീസ് പിടിച്ചെടുത്തിരുന്നു. ഇതിന് പിന്നാലെയാണ് പോലീസ് നന്ദനനെ പിടികൂടിയത്. കുന്നംകുളം എ.സി.പി. ഓഫീസില്‍ സിറ്റി പോലീസ് കമ്മീഷ്ണര്‍ ആര്‍.ആദിത്യയുടെ നേതൃത്വത്തില്‍ ചോദ്യം ചെയ്ത മുഖ്യപ്രതി നന്ദനന്റെ അറസ്റ്റ് ബുധനാഴ്ച്ച രേഖപ്പെടുത്തും.
സി.പി.എം. പുതുശ്ശേരി കോളനി ബ്രാഞ്ച് സെക്രട്ടറി പി.യു. സനൂപിനെ കൊലപ്പെടുത്തിയ സംഭവത്തിൽ നന്ദൻ ഉൾപ്പെടെ മൂന്ന് പേർക്കെതിരെയാണ് പോലീസ് കേസെടുത്തിട്ടുള്ളത്. പ്രതികൾ ആർ.എസ്.എസ്-ബി.ജെ.പി. പ്രവർത്തകരാണെന്നാണ് സി.പി.എം നേതാക്കളുടെ ആരോപണം. എന്നാൽ പ്രതികളുമായി ബി.ജെ.പിക്കോആർ.എസ്.എസ്സിനോ ബന്ധമില്ലെന്ന് ബി.ജെ.പി. നേതാക്കളും പ്രതികരിച്ചു.
ഇരുവിഭാഗങ്ങൾ തമ്മിലുള്ള തർക്കം പരിഹരിക്കുന്നതിനിടെയുണ്ടായ ആക്രമണമാണ് സനൂപിന്റെ കൊലപാതകത്തിൽ കലാശിച്ചതെന്നാണ് പോലീസ് നൽകുന്ന സൂചന. ചിറ്റിലങ്ങാട് കരിമ്പനയ്ക്കൽ വീട്ടിൽ സജീഷ്, അരണംകോട്ട് വീട്ടിൽ അഭയ്ജിത്ത് എന്നിവരാണ് കേസിലെ മറ്റു പ്രതികൾ. ഞായറാഴ്ച രാത്രി എയ്യാൽ, ചിറ്റിലങ്ങാടുണ്ടായ ആക്രമണത്തിലാണ് സനൂപ് കൊല്ലപ്പെട്ടത്. ആക്രമണത്തിൽ പരിക്കേറ്റ സനൂപിന്റെ മൂന്ന് സുഹൃത്തുക്കൾ വിവിധ ആശുപത്രികളിലായി ചികിത്സയിലാണ്.