ഹാഥ്‌റസ് യുവതിയുടെ കുടുംബത്തെ മാധ്യമങ്ങളെ കാണാൻ അനുവദിക്കണമെന്ന് ഉമാഭാരതി.
ന്യൂഡല്‍ഹി: ഹാഥ്‌റസ് പെണ്‍കുട്ടിയുടെ വീട് വളഞ്ഞിരിക്കുന്ന പോലീസുകാരെ പിന്‍വലിക്കണമെന്ന് യു.പി മുഖ്യമന്ത്രി യോഗി ആദിത്യനാഥിനോട് മുതിര്‍ന്ന ബിജെപി നേതാവ് ഉമ ഭാരതി. പ്രതിപക്ഷ പാര്‍ട്ടികള്‍ ഉള്‍പ്പെടെയുള്ളവയിലെ രാഷ്ട്രീയ നേതാക്കള്‍, മാധ്യമ പ്രവര്‍ത്തകര്‍ തുടങ്ങിയവരെ പെണ്‍കുട്ടിയുടെ കുടുംബാംഗങ്ങളെ സന്ദര്‍ശിക്കാന്‍ അനുവദിക്കണമെന്നും അവര്‍ യോഗിയോട് അഭ്യര്‍ഥിച്ചു.
പെണ്‍കുട്ടിയുടെ മൃതദേഹം സംസ്‌കരിക്കാന്‍ തിടുക്കം കാട്ടിയതിനെ അവര്‍ വിമര്‍ശിച്ചുവെന്നും എന്‍ഡിടിവി റിപ്പോര്‍ട്ടുചെയ്തു. ഹാഥ്‌റസ് കേസില്‍ രാജ്യവ്യാപക പ്രതിഷേധം ഉയരുന്നതിനിടെയാണ് മുതിര്‍ന്ന ബിജെപി നേതാവിന്റെ പരാമര്‍ശം.
ഹാഥ്‌റസ് സന്ദര്‍ശിക്കാന്‍ പുറപ്പെട്ട രാഹുല്‍ ഗാന്ധി, പ്രിയങ്ക ഗാന്ധി വദ്ര എന്നിവരെ പോലീസ് തടയുകയും അറസ്റ്റുചെയ്യുകയും തിരിച്ചയയ്ക്കുകയും ചെയ്തിരുന്നു. തന്നെ പോലീസ് കൈയേറ്റം ചെയ്തുവെന്ന് രാഹുല്‍ ഗാന്ധി പറഞ്ഞിരുന്നു. ഹാഥ്‌റസ് സന്ദര്‍ശിക്കാന്‍ പോയ തൃണമൂല്‍ കോണ്‍ഗ്രസ് നേതാവ് ഡെറിക് ഒബ്രിയാനെ തടഞ്ഞ പോലീസ് അദ്ദേഹത്തെ തള്ളിവീഴ്ത്തുകയും ഒപ്പമുണ്ടായിരുന്ന വനിതാ എംപി കൈയേറ്റം ചെയ്യുകയും ചെയ്തിരുന്നു. ഇതിനെല്ലാം പിന്നാലെയാണ് രാഷ്ട്രീയ നേതാക്കളെ ഹാഥ്‌റസ് സന്ദര്‍ശിക്കാന്‍ അനുവദിക്കണമെന്ന ഉമ ഭാരതിയുടെ അഭ്യര്‍ഥന.