Madhavam header
Above Pot

ലൈഫ് മിഷൻ തട്ടിപ്പ് കേസ്: യുണിടാക് എംഡിയെയും ഭാര്യയെയും ചോദ്യം ചെയ്ത ശേഷം വിട്ടയച്ചു.

കൊച്ചി: ലൈഫ് മിഷൻ ക്രമക്കേടുമായി ബന്ധപ്പെട്ട് യുണിടാക് മാനേജിങ് ഡയറക്ടർ സന്തോഷ് ഈപ്പനെയും ഭാര്യ സീമ സന്തോഷിനെയും സിബിഐ സംഘം ചോദ്യം ചെയ്‌തു. കൊച്ചിയിലെ ഓഫീസിൽ വിളിച്ചുവരുത്തിയാണ് ചോദ്യം ചെയ്തത്. യൂണിടാക് കമ്പനി ഡയറക്ടറാണ് സീമ. രണ്ടര മണിക്കൂറാണ് ചോദ്യം ചെയ്യൽ നീണ്ടത്. അടുത്ത ദിവസം വീണ്ടും ചോദ്യം ചെയ്യുമെന്നാണ് വിവരം.

വടക്കാഞ്ചേരിയിലെ ലൈഫ് മിഷൻ ഫ്ളാറ്റിന്റെ നിർമ്മാണം നിലച്ചു. നിർമ്മാണ ജോലികൾ നിർത്തിവയ്ക്കാൻ യൂണിടാക് എംഡി നിർദേശിച്ചതായി ജോലിക്കാർ പറയുന്നു. കഴിഞ്ഞ ബുധനാഴ്ച മുതലാണ് നിർമ്മാണം നിർത്തിവച്ചത്. 350 തൊഴിലാളികളാണ് ഫ്ളാറ്റ് നിർമ്മാണത്തിനായുണ്ടായിരുന്നത്. പണി നിർത്തിവയ്ക്കുന്നതായി കാണിച്ച് യൂണിടാക് ലൈഫ് മിഷന് കത്ത് നൽകിയിട്ടുണ്ട്.

Astrologer

ലൈഫ് മിഷൻ കേസിൽ സിബിഐ അന്വേഷണം ഊർജിതപ്പെടുത്തിയിരിക്കുകയാണ്. ഇന്ന് വടക്കാഞ്ചേരി നഗരസഭയിലെത്തിയ സിബിഐ ഉദ്യോഗസ്ഥർ ലൈഫ് മിഷൻ പദ്ധതിയുമായി ബന്ധപ്പെട്ട ഫയലുകൾ കസ്റ്റഡിയിലെടുത്തു. സിബിഐയുടെ കൊച്ചി യൂണിറ്റിലെ മൂന്ന് ഉദ്യോഗസ്ഥരാണ് വടക്കാഞ്ചേരി നഗരസഭാ ഓഫീസിലെത്തി ഫയലുകൾ കസ്റ്റഡിയിലെടുത്തത്. നഗരസഭാ ഓഫീസിലെ സിബിഐയുടെ പരിശോധന രണ്ട് മണിക്കൂറോളം നീണ്ടു. ലൈഫ് മിഷനുമായി ബന്ധപ്പെട്ട എല്ലാ ഫയലുകളും സിബിഐ സംഘം കസ്റ്റഡിയിൽ എടുത്തുവെന്നാണ് സൂചന. രണ്ട് ദിവസം മുൻപ് വിജിലൻസ് സംഘവും വടക്കാഞ്ചേരി നഗരസഭയിലെത്തി പരിശോധന നടത്തുകയും പല ഫയലുകളും കസ്റ്റഡിയിലെടുക്കുകയും ചെയ്തു. 

Vadasheri Footer