ഗുരുവായൂര്‍ ഏകാദശി രാത്രിയില്‍ പോലിസിനെ ആക്രമിച്ച ഗുണ്ടകളെ അറസ്റ്റ് ചെയ്തു
ഗുരുവായൂര്‍: ഗുരുവായൂരില്‍ സി.പി.എം ഗുണ്ടകള്‍ പോലീസിനെ അക്രമിച്ചും, ഭീകരാന്തരീക്ഷം സൃഷ്ടിച്ചും ഏകാദശിനാളില്‍ അഴിഞ്ഞാടി. എണ്ണത്തില്‍ കുറവായിരുന്ന പോലീസ് സംയമനം പാലിച്ചിട്ടും, കലിയടങ്ങാതെ സി.പി.എം ക്രിമിനിലുകള്‍, എസ്.ഐയെ ചവുട്ടിവീഴ്ത്തി. അത് തടയാനെത്തിയ കെ.എ.പി ബറ്റാലിയനിലെ ഒരു പോലീസുകാരനും അക്രമികളുടെ മര്‍ദ്ദനമേറ്റു. അര്‍ധരാത്രിയോടെ കിഴക്കെനടയിലാണ് മൂന്നംഗ സംഘം പരസ്യമായി ഗുണ്ടാവിളയാട്ടം നടത്തിയത്. ഏകാദശി നാളില്‍ സമയപരിധി കഴിഞ്ഞിട്ടും പ്രവര്‍ത്തിച്ച ബാര്‍, പൊലീസ് ഇടപെട്ട് അടപ്പിച്ചതാണ് അക്രമികളെ ചൊടിപ്പിച്ചത്.
കിഴക്കെ നടയിലെ സോപാനം ബാറാണ്, സമയപരിധി കഴിഞ്ഞതിനെ തുടര്‍ന്ന് പൊലീസ് ഇടപെട്ട് അടപ്പിച്ചത്. ഏറെ തിരക്കുള്ള ഗുരുവായൂര്‍ ഏകാദശിനാളില്‍ രാത്രി 11-ന് ശേഷമാണ് മദ്യപിച്ചെത്തിയ സി.പി.എം ക്രിമിനലുകള്‍ പോലീസിനുനേരെ തിരിഞ്ഞ് അക്രമം അഴിച്ചുവിട്ടത്. അക്രമികളുടെ മര്‍ദ്ദനത്തില്‍ ഗുരുവായൂര്‍ ടെമ്പിള്‍ സ്റ്റേഷനിലെ സബ്ബ് ഇന്‍സ്‌പെക്ടര്‍ എം.പി. വര്‍ഗ്ഗീസിനും, സായുധ പൊലീസിലെ സി.പി.ഒ: റംഷാദിനും പരിക്കേറ്റു. പോലീസിനെ അക്രമിച്ച മൂന്നുപേരെ പിടികൂടി ജീപ്പില്‍കയറ്റുന്നതിനിടെ, രണ്ടുപേര്‍ ”ഡി.വൈ.എഫ്.ഐ സിന്ദാബാദ്” പിണറായി വിജയന്‍ സിന്ദാബാദ് എന്ന് മുദ്രാവാക്യം വിളിച്ച് ജീപ്പില്‍ നിന്ന് ഇറങ്ങി.
കൂടുതല്‍ പോലീസ് എത്തുന്നതിനുമുമ്പ് അവര്‍ ഓടിരക്ഷപ്പെട്ടു. അക്രമികളില്‍ ഒരാളായ പേരകം സ്വദേശി കുമ്മായക്കാരന്റകത്ത് വീട്ടില്‍ നിഷാദിനെ (27) രാത്രി തന്നെ കസ്റ്റഡിയിലെടുത്തു. ഓടിരക്ഷപ്പെട്ട ചെന്തുരുത്തി വീട്ടില്‍ മനീഷ് (30), കല്ലാഴിക്കുന്നത്ത് വീട്ടില്‍ ഷഹിന്‍ഷാ (21) എന്നിവര്‍ ഇന്ന്‍ പോലീസില്‍ കീഴടങ്ങി. അറസ്റ്റുരേഖപ്പെടുത്തി കോടതിയില്‍ ഹാജറാക്കിയ പ്രതികളെ റിമാന്റ്‌ചെയ്തു. രണ്ട് അടിപിടികേസുകളില്‍ പ്രതിയാണ് പോലീസില്‍ ഇന്നലെ കീഴടങ്ങിയ പ്രതികളിലൊരാളായ മനീഷെന്ന് പോലീസ് പറഞ്ഞു.