കൊടുങ്ങല്ലൂരിൽ വൻ വിദേശ മദ്യ വേട്ട; രണ്ടു പേർ അറസ്റ്റിൽ
തൃശൂര്‍ : കൊലപാതകികളെ തേടിയിറങ്ങിയ പോലീസിന്റെ വലയിൽ വീണത് വിദേശമദ്യക്കടത്ത് സംഘം. ഇരിങ്ങാലക്കുട ആലീസ് വധക്കേസ് അന്വേഷിക്കുന്ന സ്പെഷ്യൽ സ്ക്വാഡിന്റെ മുന്നിലാണ് കണ്ണൂരിൽ നിന്ന് ടയോട്ട ഫോർച്യൂണർ കാറിൽ എറണാകുളത്തേക്ക് കടത്തുന്ന 416 കുപ്പി വിദേശ മദ്യവുമായി സംഘം വന്നു പെട്ടത്. സംഭവത്തിൽ രണ്ടു പേർ പിടിയിലായി.
കണ്ണൂർ പിണറായി സ്വദേശി വള്ളിൽ പി.എ. മൻസിൽ റസാഖ് മകൻ ഷാനവാസ് (35 ) ചക്കരയ്ക്കൽ സ്വദേശി മാടത്തിൽ സക്കറിയ മകൻ ഷക്കീർ (28) എന്നിവരാണ് അറസ്റ്റിലായത്. വടക്കൻ കേരളത്തിൽ നിന്ന് എറണാകുളം, തിരുവനന്തപുരം ഭാഗങ്ങളിലേക്ക് വൻതോതിൽ മദ്യക്കടത്തു നടത്തുന്ന സംഘത്തിലെ അംഗങ്ങളാണ് പിടിയിലായവർ.
മധ്യമേഖല ഡി.ഐ.ജി എസ്.സുരേന്ദ്രൻ, തൃശൂർ റൂറൽ എസ്.പി. കെ.പി. വിജയകുമാരൻ, ഇരിങ്ങാലക്കുട ഡി.വൈ എസ്.പി. ഫേമസ് വർഗ്ഗീസ് എന്നിവരുടെ നേതൃത്വത്തിൽ രൂപീകരിച്ച ഇരിങ്ങാലക്കുട ആലീസ് വധക്കേസ് പ്രത്യേക അന്വേഷണ സംഘാംഗങ്ങളാണ് പ്രതികളെ പിടികൂടിയത്. മഫ്തിയിൽ എത്തിയ അന്വേഷണ സംഘത്തിനിടയിലേക്ക് കാർ ഇടിച്ചു കയറ്റാൻ ശ്രമിച്ച പ്രതികൾ കൂടുതൽ വാഹനങ്ങളിലെത്തിയ പോലീസ് സംഘത്തെ കണ്ട് ചന്തപ്പുരയിലെ ഒരു പറമ്പിലേക്ക് കാർ കയറ്റി രക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടയിൽ അന്വേഷണ സംഘാംഗങ്ങൾ ഓടിച്ച് പിടികൂടുകയായിരുന്നു.
കൊലക്കേസുമായി ബന്ധപ്പെട്ട് മുൻകാലകേസുകളിലെ പ്രതികളെക്കുറിച്ചുള്ള അന്വേഷണത്തിനിടയിൽ മദ്യക്കടത്തു സംഘത്തെക്കുറിച്ച് ലഭിച്ച വിവരത്തെ തുടർന്നാണ് പ്രതികളെ പിടികൂടിയത്. മുന്തിയ ഇനം 416 കുപ്പി മദ്യമാണ് പിടിചെടുത്തത്. മദ്യം കടത്താൻ വ്യാജ നമ്പറിൽ ഇവർ ഉപയോഗിച്ച ആഡംബര കാറും കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്. മദ്യത്തിന്റെ ഉറവിടത്തേപ്പറ്റിയും, സംഘത്തിലെ കൂടുതൽ പേരെക്കുറിച്ചും അന്വേഷണം നടന്നു വരികയാണ്. കണ്ണൂരിൽ നിന്ന് മദ്യം കയറ്റിയ വാഹനം കടന്നുപോകുന്ന വഴിയിലെല്ലാം റൂട്ട് ക്ലിയർ ചെയ്ത് കൊടുക്കാനും പോലീസിന്റെ സാന്നിധ്യത്തെക്കുറിച്ച് വിവരം കൊടുക്കാനും മദ്യക്കടത്ത് ലോബിക്ക് ആളുകളുണ്ട്. എന്നാൽ ഇവരുടെ കണ്ണിൽ പെടാതെ വിദഗ്ദമായാണ് പോലീസ് സംഘം ഇവരെ കെണിയിലാക്കിയത്.
പ്രത്യേക അന്വേഷണ സംഘംഗങ്ങളായ കൊടുങ്ങല്ലൂർ ഇൻസ്പെക്ടർ പി.കെ. പത്മരാജൻ, എസ്.ഐ. ഇ ആർ.ബൈജു റൂറൽ ക്രൈം ബ്രാഞ്ച് എസ്.ഐ. എം.പി.മുഹമ്മദ് റാഫി, എ.എസ്.ഐ.മാരായ പി.ജയകൃഷ്ണൻ , സി.എ.ജോബ്,എം.കെ.ഗോപി, സീനിയർ സി.പി.ഒ.മാരായ ഷഫീർ ബാബു, ലിജു ഇയ്യാനി, ഇ.എസ്. ജീവൻ, അനൂപ് ലാലൻ, എം.വി. മാനുവൽ, കൊടുങ്ങല്ലൂർ സ്റ്റേഷനിലെ എസ്. ഐ. ബസന്ത് എ.എസ്.ഐ. വിനോദ്, സീനിയർ സി.പി.ഒ. സുമേഷ്,സജീഷ്, എന്നിവരടങ്ങുന്ന സംഘമാണ് പ്രതികളെ പിടികൂടിയത്.