പെന്‍ഷന്‍ ഗുണഭോക്താക്കളുടെ ബയോമെട്രിക് മസ്റ്ററിങ് ഡിസംബര്‍ 15 വരെ നീട്ടി
തിരുവനന്തപുരം : സാമൂഹിക സുരക്ഷാ പെന്‍ഷന്‍, ക്ഷേമനിധി ബോര്‍ഡ് പെന്‍ഷന്‍ ഗുണഭോക്താക്കളുടെ ബയോമെട്രിക് മസ്റ്ററിങ് നടത്തേണ്ട തീയതി ഡിസംബര്‍ 15 വരെ നീട്ടി. അക്ഷയ കേന്ദ്രത്തില്‍ എത്തി jeevanrekha.kerala.gov.in വെബ്‌സൈറ്റ് വഴിയാണ് മസ്റ്ററിങ് നടത്തേണ്ടത്. കൈവിരലടയാളമോ അതിനു സാധിക്കാത്തവരുടെ കൃഷ്ണമണിയുടെ വിവരങ്ങളോ ആണ് ശേഖരിക്കുക. ഗുണഭോക്താവിന്റെ ആധാര്‍ കാര്‍ഡും പെന്‍ഷന്‍ ഐഡിയും കയ്യില്‍ കരുതണം.
ബയോമെട്രിക് മസ്റ്ററിങ് നടത്തുന്നതിന് ഗുണഭോക്താവ് ഫീസ് നല്‍കേണ്ടതില്ല. ഒരാള്‍ക്കു 30 രൂപ വച്ച് അക്ഷയ കേന്ദ്രത്തിനു സര്‍ക്കാര്‍ നല്‍കും. കിടപ്പുരോഗികളുടെ മസ്റ്ററിങ് അടുത്ത മാസം 11 മുതല്‍ 15 വരെ നടക്കും. ഇവരുടെ വീട്ടിലെത്തി നടത്തുന്നതിന് 130 രൂപ സര്‍ക്കാര്‍ നല്‍കും. കിടപ്പുരോഗികളുടെ വിവരങ്ങള്‍ കുടുംബാംഗം ഡിസംബര്‍ ഒന്‍പതിനകം ബന്ധപ്പെട്ട തദ്ദേശസ്ഥാപന സെക്രട്ടറിയെ അറിയിക്കണം. ബയോമെട്രിക് മസ്റ്റര്‍ ചെയ്ത ഗുണഭോക്താക്കള്‍ അക്ഷയ കേന്ദ്രത്തില്‍ നിന്നു രസീത് കൈപ്പറ്റണമെന്നും സര്‍ക്കാര്‍ നിര്‍ദേശിച്ചു.
സംസ്ഥാനത്ത് അനധികൃതായി പെന്‍ഷന്‍ വാങ്ങുന്നവരെ പൂട്ടുന്നതിന്റെ ഭാഗമായാണ് സര്‍ക്കാര്‍ പെന്‍ഷന്‍ ഗുണഭോക്താക്കള്‍ക്ക് ബയോമെട്രിക് മസ്റ്ററിങ് നിര്‍ബന്ധമാക്കിയത്. പെന്‍ഷന്‍ വാങ്ങിയവരില്‍ 2.34 ലക്ഷം പേര്‍ ‘പരേതര്‍’ ആണെന്ന ധനവകുപ്പിന്റെ കണ്ടെത്തലിനെത്തുടര്‍ന്നാണ് സര്‍ക്കാര്‍ നടപടി കര്‍ശനമാക്കിയത്. പഞ്ചായത്ത് ഡയറക്ടറേറ്റിലെ ഡയറക്‌ട് ബെനഫിറ്റ് ട്രാന്‍സ്ഫര്‍ (ഡിബിടി) സെല്ലിനു ധനവകുപ്പ് അഡീഷനല്‍ ചീഫ് സെക്രട്ടറി നല്‍കിയ കുറിപ്പിലാണ് ഞെട്ടിപ്പിക്കുന്ന വിവരങ്ങളുള്ളത്.പ>
തിരുവനന്തപുരം കരകുളം പഞ്ചായത്തില്‍ നടത്തിയ പൈലറ്റ് സര്‍വേയില്‍, ഗുണഭോക്താവ് മരിച്ച ശേഷവും അനന്തരാവകാശികളോ ബന്ധുക്കളോ ആയ 338 പേര്‍ സാമൂഹിക സുരക്ഷാ പെന്‍ഷന്‍ വാങ്ങിയതായി കണ്ടെത്തിയിരുന്നു. പഞ്ചായത്തിലെ ആകെ ഗുണഭോക്താക്കളുടെ 5% വരുമിത്. സംസ്ഥാനത്ത് സാമൂഹിക സുരക്ഷാ പെന്‍ഷന്‍ വാങ്ങുന്നത് 46,89,419 പേരാണ്. ഇതിന്റെ 5% കണക്കാക്കിയാല്‍ 2,34,470 പേര്‍ വരുമെന്നും ഇവര്‍ക്കു പെന്‍ഷനായി പ്രതിമാസം 29 കോടി രൂപ നല്‍കേണ്ടി വരുന്നതായും കണ്ടാണ് മസ്റ്ററിങ്ങിനു നിര്‍ദേശമെന്നും കുറിപ്പിലുണ്ട്. നിലവില്‍ 51% പേര്‍ക്കു ബാങ്കിലൂടെയും ബാക്കിയുള്ളവര്‍ക്കു പ്രാഥമിക സഹകരണ സംഘം ഏജന്റുമാര്‍ മുഖേനയുമാണ് പെന്‍ഷന്‍ വിതരണം ചെയ്യുന്നത്. ബയോമെട്രിക് മസ്റ്ററിങ് ചെയ്തവര്‍ക്ക് മാത്രമേ ഇനി പെന്‍ഷന്‍ ലഭിക്കൂ എന്നു ധനവകുപ്പ് അറിയിച്ചിട്ടുണ്ട്.