ദെല്‍ഹി കോടതിയില്‍ അഭിഭാഷകരും പൊലീസും ഏറ്റുമുട്ടി; വെടിവെപ്പ്
ന്യൂഡല്‍ഹി: തീസ് ഹസാരി കോടതിയില്‍ പൊലീസും അഭിഭാഷകരും തമ്മില്‍ സംഘര്‍ഷം. വാഹനങ്ങള്‍ക്ക് തീയിട്ടു. സംഘര്‍ഷത്തിനിടെ പൊലീസ് വെടിയേറ്റ് പരിക്കേറ്റ അഭിഭാഷകനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.എന്നാല്‍, ഇക്കാര്യം പൊലീസ് നിഷേധിച്ചു. അഭിഭാഷകെന്റ കാറില്‍ പൊലീസ് വാഹനമിടിച്ചത് ചോദ്യം ചെയ്തപ്പോള്‍ മര്‍ദിച്ചതാണ് സംഘര്‍ഷത്തിന് കാരണം.
അഭിഭാഷകനെ കസ്റ്റഡിയിലെടുത്ത് ക്രൂരമായി മര്‍ദിച്ചതായി തീസ് ഹസാരി ബാര്‍ അസോസിയേഷന് സെക്രട്ടറി ജയ്വീര് സിങ് ആരോപിച്ചു. വിവിധ കോടതികളിലെ ജഡ്ജിമാര്‍ അഭിഭാഷകനെ വിട്ടയക്കണമെന്ന് ആവശ്യപ്പെട്ട് എത്തിയെങ്കിലും പൊലീസ് തയാറായില്ല. 20 മിനിറ്റിനുശേഷം, ഇതേ ആവശ്യമുന്നയിച്ച് ജഡ്ജിമാര്‍ അടക്കമുള്ളവര്‍ വീണ്ടും എത്തിയെങ്കിലും അവരെ പിരിച്ചുവിടാനെന്ന വ്യാജേന പൊലീസ് നിറയൊഴിക്കുകയായിരുന്നു. എന്നാല്‍, ഇക്കാര്യവും പൊലീസ് സ്ഥിരീകരിച്ചിട്ടില്ല.
കോടതി പരിസരത്തേക്ക് മാധ്യമപ്രവര്‍ത്തകരെ പ്രവേശിപ്പിക്കുന്നത് വിലക്കിയിട്ടുണ്ട്. കോടതിയിലേക്കുള്ള കവാടമെല്ലാം അടച്ചിരിക്കുകയാണ്. പൊലീസ് വാന്‍ ഉള്‍പ്പെടെ വാഹനങ്ങളാണ് അഗ്നിക്കിരയാക്കിയത്. തിസ് ഹസാരി കോടതിയിലുണ്ടായ സംഘര്‍ഷം ഡല്‍ഹി ഹൈകോടതിയിലേക്ക് പടര്‍ന്നു. ഡല്‍ഹി ഹൈകോടതി പരിസരത്തെ ഒരു വാഹനത്തിനും തീയിട്ടു.