ചേറ്റുവയില്‍ നിന്നും പോയ ആറ് മത്സ്യത്തൊഴിലാളികളെ സ്വകാര്യ കപ്പൽ രക്ഷിച്ചു. ഒരാളെ കാണാതായി.
ചാവക്കാട് ചേറ്റുവ കടപ്പുറത്തുനിന്ന് കടലിൽ പോയ ‘സാമുവൽ’ എന്ന വള്ളത്തിലെ ആറ് മത്സ്യത്തൊഴിലാളികളെ സ്വകാര്യ കപ്പൽ രക്ഷിച്ചു. ഒരാളെ കാണാതായി.
സാമുവൽ വള്ളത്തിലെ തൊഴിലാളികളെ എൻ.വി. ക്രിസം നൈറ്റ് എന്ന കപ്പലാണ് രക്ഷിച്ച് കൊച്ചിയിൽ എത്തിച്ചത്. ഏഴ് പേരാണ് വള്ളത്തിലുണ്ടായിരുന്നത്. ചേറ്റുവയിൽനിന്നും തന്നെ കടലിൽപോയ ‘തമ്പുരാൻ’ എന്ന ബോട്ടുമായുള്ള ആശയവിനിമയം നഷ്ടമായിട്ടുണ്ട് . തമ്പുരാൻ ബോട്ട് ഒക്‌ടോബർ 28ന് കടലിൽ പോയ ശേഷം തിരിച്ചുകയറിയിട്ടില്ല. ബോട്ടുമായി ആശയവിനിമയം സ്ഥാപിക്കാൻ നേവിയും കോസ്റ്റ് ഗാർഡും ശ്രമം തുടരുകയാണ്. ഏഴ് പേരാണ് ഈ ബോട്ടിലുള്ളത്. ഇവർക്കായി തിരച്ചിൽ തുടരുകയാണ്.
കടലിൽ പോയ ലിജിമോൾ എന്ന ബോട്ട് കഴിഞ്ഞ ദിവസം രാത്രി തിരിച്ചെത്തിയിരുന്നു. മൂന്ന് ബോട്ടുകളാണ് ഇവിടെനിന്ന് പോയിരുന്നത്.അടുത്ത 12 മണിക്കൂർ കന്യാകുമാരി, മാലിദ്വീപ് ഭാഗങ്ങളിലേക്കുള്ള മത്സ്യബന്ധനം പൂർണമായും നിരോധിച്ചിട്ടുണ്ട്. ലക്ഷദ്വീപ് പ്രദേശങ്ങളിലും അതിനോട് ചേർന്നുള്ള തെക്കു കിഴക്കു അറബിക്കടലിലും കേരള – കർണാടക തീരങ്ങളിലും അടുത്ത 24 മണിക്കൂറിലേക്ക് മത്സ്യബന്ധനം പൂർണമായും നിരോധിച്ചു. നവംബർ നാല് വരെ മധ്യകിഴക്ക് അറബിക്കടൽ ഭാഗത്തേയ്ക്ക് മത്സ്യതൊഴിലാളികൾ മത്സ്യബന്ധനത്തിന് പോകാൻ പാടുള്ളതല്ല.
നവംബർ ഒന്ന്‍ രാത്രി 11.30 വരെ പൊഴിയൂർ മുതൽ കാസറഗോഡ് വരെയുള്ള തീരത്ത് കടലിൽ 3.5 മുതൽ 4.3 മീറ്റർ വരെ ഉയരത്തിൽ തിരമാലകൾ ഉണ്ടാകാൻ സാധ്യതയുണ്ടെന്ന് ദേശീയ സമുദ്ര സ്ഥിതിപഠന കേന്ദ്രം അറിയിച്ചു. കടലോര മേഖലയിലും ചേർന്നുള്ള താഴ്ന്ന പ്രദേശങ്ങളിലും വെള്ളം കയറുവാൻ ഇടയുണ്ട്. കേന്ദ്ര കാലാവസ്ഥ വകുപ്പിൻറെ മുന്നറിയിപ്പിൽ മാറ്റം വരുന്നത് വരെ മൽസ്യത്തൊഴിലാളികളെ കടലിൽ പോകുന്നതിൽ നിന്ന് വിലക്കുന്നതിന് വേണ്ടിയുള്ള നടപടിയെടുക്കാൻ ഫിഷറീസ് വകുപ്പിനും പോലീസിനും നിർദേശം നൽകിയിട്ടുണ്ട്.