കൂടത്തായിലെ കൂട്ടക്കൊലപാതകം ഷാജുവിനെ പൊലീസ് കസ്റ്റഡിയിലെടുത്തു.
കോഴിക്കോട് : കൂടത്തായിൽ ബന്ധുക്കളെ കൂട്ടക്കൊല നടത്തിയ ജോളിയുടെ രണ്ടാം ഭര്‍ത്താവ് ഷാജുവിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. രാവിലെ പയ്യോളിയിലെ ക്രൈംബ്രാഞ്ച് ഓഫീസില്‍ വിളിച്ചുവരുത്തിയ ഷാജുവിനെ ഒന്നര മണിക്കൂറോളം അന്വേഷണസംഘം ചോദ്യം ചെയ്തിരുന്നു. ഇതിന് ശേഷമാണ് കസ്റ്റഡിയിലെടുത്തത്. ചോദ്യം ചെയ്യലില്‍ ചില നിര്‍ണായക വിവരങ്ങള്‍ ലഭിച്ചതായാണ് സൂചന. കസ്റ്റഡിയിലെടുത്ത ഷാജുവിനെ വടകര എസ്പി ഓഫീസിലേക്ക് കൊണ്ടുപോയി.
ഷാജുവിന് കൊലപാതകത്തെക്കുറിച്ച് അറിയാമായിരുന്നുവെന്ന് ജോളി അന്വേഷണസംഘത്തോട് വെളിപ്പെടുത്തിയിരുന്നു. ആദ്യഭാര്യയായ സിലിയെയും മകളെയും കൊന്നതാണെന്ന കാര്യം ഷാജുവിന് അറിയാമായിരുന്നുവെന്നാണ് ജോളി അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക് മൊഴി നല്‍കിയത്. താന്‍ തന്നെയാണ് ഇക്കാര്യം ഷാജുവിനോട് പറഞ്ഞത്. അവള്‍ മരിക്കേണ്ടവളായിരുന്നുവെന്ന് ഷാജു പറഞ്ഞു. തനിക്ക് ദുഃഖമില്ല. ഇക്കാര്യം പുറത്താരും അറിയരുതെന്നും ഷാജു പറഞ്ഞതായി ജോളി അന്വേഷണ സംഘത്തോട് പറഞ്ഞു.
കൊലപാതകം അറിഞ്ഞിട്ട് പുറത്ത് പറയാതിരുന്നത് എന്തുകൊണ്ടാണ് എന്നതടക്കമുള്ള കാര്യങ്ങള്‍ അന്വേഷണ സംഘം ചോദിച്ചു. അധ്യാപകനായ താങ്കള്‍ക്ക് ഇക്കാര്യം അറിവുള്ളതല്ലേയെന്നും പൊലീസ് ചോദിച്ചു. എന്നാല്‍ വ്യക്തമായ മറുപടി നല്‍കാന്‍ ഷാജുവിന് സാധിച്ചില്ലെന്നാണ് റിപ്പോര്‍ട്ട്. ഷാജുവിന്റെ പുലിക്കയത്തെ വീട്ടില്‍ അന്വേഷണസംഘം രാവിലെ പരിശോധന നടത്തിയിരുന്നു. കൂട്ടക്കൊലപാതകം നടന്ന പൊന്നാമറ്റം തറവാട്ടില്‍ നിന്നും കഴിഞ്ഞദിവസം വൈകീട്ട് ഷാജു ഏതാനും സാധനങ്ങള്‍ കടത്തിയതായ വിവരം പുറത്തുവന്നിരുന്നു. നിര്‍ണായകമായ തെളിവുകള്‍ കടത്തിക്കൊണ്ടുപോയോ എന്ന് സംശയമുള്ളതായി ജോളിയുടെയും കൊല്ലപ്പെട്ട റോയി തോമസിന്റെയും മകനായ റോമോ റോയി അഭിപ്രായപ്പെട്ടിരുന്നു.
കല്ലറ തുറന്നുള്ള പരിശോധനയിലേക്ക് അന്വേഷണം നീണ്ടതോടെ, അടുത്ത താമസക്കാരനായ ഒരാളോടാണ് തനിക്ക് ഒരു കൈപ്പിഴവ് സംഭവിച്ചതായി ജോളി സൂചിപ്പിച്ചത്. ഇക്കാര്യം അദ്ദേഹം അന്വേഷണ ഉദ്യോഗസ്ഥരെ അറിയിച്ചു. ഇക്കാര്യം സ്ഥിരീകരിക്കാനായി അന്വേഷണ ഉദ്യോഗസ്ഥര്‍ വീണ്ടുമൊരു പരീക്ഷണത്തിന് മുതിര്‍ന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ ജോളിയെ കസ്റ്റഡിയില്‍ എടുക്കുന്നതിന് മുമ്ബ് മകന്‍ റോമോയെ അമ്മ ജോളിയുടെ അടുത്തേക്ക് അയച്ചു. മകന്‍ റോമോയോടും ജോളി തനിക്ക് പറ്റിയ പിഴവ് തുറന്നുപറഞ്ഞ് കുറ്റസമ്മതം നടത്തി. കൊലപാതകം നടത്തിയത് സംബന്ധിച്ച കാര്യങ്ങളും തുറന്നു പറഞ്ഞതായാണ് റിപ്പോര്‍ട്ടുകള്‍