പുന്നയൂരിൽ പ്രവാസിയുടെ ഫാമിൽ ആടുകൾക്ക് കൂട്ടമരണം
ചാവക്കാട്: പുന്നയൂരിൽ പ്രവാസിയുടെ ഫാമിൽ അഞ്ച് ആടുകൾ ചത്തു. മൂന്ന് ആടുകൾ കൂടി മരണ വക്കിലായിട്ടും അധികൃതർ അലംഭാവം കാണിക്കുന്നതായി ആക്ഷേപം.ഗൾഫിലെ പ്രവാസം ജീവിതം ഒഴിവാക്കി നാട്ടിൽ ഫാം തുടങ്ങിയ തെക്കെ പുന്നയൂർ ഫൈസൽ തങ്ങളുടെ 35 ആടുകളിലെ അഞ്ചെണ്ണമാണ് രണ്ട് ദിവത്തിനുള്ളിൽ ചത്തുവീണത്. കൂട്ടത്തിലെ മൂന്ന് ആടുകൾ കൂടി അസുഖം ബാധിച്ച് തളർന്ന അവസ്ഥയിലാണ്. ആടുകൾ ചത്തതിനെ തുടർന്ന് പുന്നയൂർ പഞ്ചായത്തിനു കീഴിലെ അവിയൂർ മൃഗാശുപത്രിയിൽ ഒരു ആടിനെ എത്തിച്ച് പരിശോധന നടത്തിയിരുന്നു. പോസ്റ്റ് മോർട്ടം നടത്തിയ ശേഷം ആടിനെ ബാധിച്ചത് വിരകളുമായി ബന്ധപ്പെട്ട രോഗമാണെന്നാണ് ഡോക്ടർ അറിയിച്ചത്.
ബാക്കിയുള്ള അടുകൾക്ക് കൂടി മരുന്നുകൾ നൽകി. എന്നാൽ ആട് ഫാമിലെത്താൻ ഡോക്ടർ വിസമ്മതിക്കുന്നുവെന്നും മൂന്ന് ആടുകൾ കൂടി മരണക്കിലാണെന്നും അറിയിച്ചിട്ടും അദ്ദേഹം തിരക്ക് പറഞ്ഞ് ഒഴിഞ്ഞ് മാറുകയാണെന്നാണെന്നാണ് ഫൈസൽ തങ്ങളുടെ ആക്ഷേപം. ഡോക്ടറെ കൊണ്ടുചെല്ലാൻ വാഹനമേർപ്പാടിക്കിയിട്ടും അദ്ദേഹം പുറപ്പെടാൻ താൽപ്പര്യം കാണിച്ചില്ല. ആടുകൾ കൂട്ടത്തോടെ ചാകുന്നത് വർധിച്ചതോടെ ഫൈസൽ തങ്ങൾ ഇനി എന്ത് ചെയ്യണമെന്നറിയാതെ ആശങ്കയിലാണ്. അതേസമയം ആശുപത്രിയിൽ തിരക്കാണെന്നും ആടുകൾക്കുള്ള മരുന്ന് നൽകിയതായും ഇത് സംബന്ധിച്ച് അന്വേഷിച്ചപ്പോൾ ഡോക്ടർ വ്യക്തമാക്കി. ഒമ്പത് മുതൽ മൂന്ന് വരെ മാത്രമാണ് തൻറെ ജോലി സമയം. സ്വകാര്യ മേഖലയിലെ ഡോക്ടറെ കാണിച്ചാലും മതിയെന്നാണ് അദ്ദേഹത്തിൻറെ മറുപടി. ഡോക്ടറുടെ നിസംഗതക്കെതിരെ ഫൈസൽ തങ്ങൾ ഉന്നത ഉദ്യോഗസ്ഥർക്കും കൃഷി മന്ത്രിക്കും പരാതി നൽകുമെന്നും അറിയിച്ചു.