പ്രളയം: വീടുകളുടെ പുനര്‍നിര്‍മ്മാണം സെപ്തംബറില്‍ തന്നെ പൂര്‍ത്തിയാക്കും: മന്ത്രി എ.സി. മൊയ്തീന്‍
തൃശൂർ : കഴിഞ്ഞ വർഷത്തെ പ്രളയത്തില്‍ പൂര്‍ണമായി തകര്‍ന്ന വീടുകളുടെ പുനര്‍നിര്‍മ്മാണം സെപ്തംബറില്‍ തന്നെ പൂര്‍ത്തിയാക്കുമെന്ന് തദ്ദേശസ്വയംഭരണ വകുപ്പ് മന്ത്രി എ.സി. മൊയ്തീന്‍ പറഞ്ഞു. പൊതുജനങ്ങളില്‍നിന്ന് ലഭിച്ച സംഭാവനയുള്‍പ്പെടെ പൂര്‍ണമായി വിനിയോഗിച്ചും അഴിമതിരഹിതമായുമാണ് സര്‍ക്കാര്‍ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ നടപ്പിലാക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. നിര്‍മ്മാണം പൂര്‍ത്തിയായ വീടുകളുടെ താക്കോല്‍ദാനം നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി.
ലൈഫ് പദ്ധതി പൂര്‍ത്തിയാകുമ്പോള്‍ ഭവനലഭ്യതയുടെ കാര്യത്തില്‍ കേരളം ഒന്നാമതെത്തും. പ്രളയത്തില്‍ തകര്‍ന്ന ശുചിമുറികള്‍ പുനര്‍നിര്‍മ്മിക്കാനുള്ള സഹായം നല്‍കാന്‍ സര്‍ക്കാര്‍ ആലോചിക്കുന്നുണ്ട്. വീടും ഭൂമിയുമില്ലാത്തവര്‍ക്ക് ഫ്ളാറ്റുകള്‍ പണിയുന്നതിനായി 56 സ്ഥലങ്ങള്‍ കണ്ടെത്തിയിട്ടുണ്ട്. എല്ലാവിധ സൗകര്യങ്ങളും ഒരുക്കിക്കൊണ്ടാവും ഇവിടങ്ങളില്‍ ഫ്ളാറ്റുകള്‍ നിര്‍മ്മിക്കുക. മഴ പെയ്താല്‍ വെള്ളക്കെട്ട് രൂക്ഷമാകുന്ന പ്രദേശങ്ങളിലെ വെള്ളക്കെട്ട് പരിഹരിക്കാന്‍ നടപടി സ്വീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു.
.
സാഹിത്യ അക്കാദമി ഹാളില്‍ നടന്ന ചടങ്ങില്‍ മൊയ്തീന്‍ 34 വീടുകളുടെ താക്കോല്‍ദാനംനിര്‍വഹിച്ചു. കൃഷിവകുപ്പ് മന്ത്രി അഡ്വ. വി.എസ്. സുനില്‍കുമാര്‍ അധ്യക്ഷനായി 2018 ലെ പ്രളയത്തില്‍ ജില്ലയില്‍ 3792 വീടുകള്‍ പൂര്‍ണമായും 27627 വീടുകള്‍ ഭാഗികമായും തകര്‍ന്നിരുന്നു. പൂര്‍ണമായി തകര്‍ന്ന വീടുകളുടെ പുനര്‍നിര്‍മ്മാണം വിവിധ പദ്ധതികള്‍ പ്രകാരം പുരോഗമിക്കുകയാണ്. ഇതില്‍ സ്വയം വീട് നിര്‍മ്മിക്കുന്നതിന് 2278 ഗുണഭോക്താക്കള്‍ മുന്നോട്ടുവന്നു. ഇപ്രകാരം സന്നദ്ധത അറിയിച്ചവര്‍ക്ക് മൂന്ന് ഗഡുക്കളായി 80.72 കോടി രൂപ വിതരണം ചെയ്തു. ഇതില്‍ 1193 വീടുകളുടെ നിര്‍മ്മാണം പൂര്‍ത്തിയായി. സഹകരണ വകുപ്പ് നടപ്പിലാക്കുന്ന കെയര്‍ ഹോം പദ്ധതി പ്രകാരം 433 വീടുകളും നിര്‍മ്മിച്ചു. ഇങ്ങനെ വിവിധ പദ്ധതികള്‍ പ്രകാരമാണ് 1663 വീടുകളുടെ നിര്‍മ്മാണം തൃശൂര്‍ ജില്ലയില്‍ പൂര്‍ത്തീകരിച്ചത്.
ഭാഗികമായി നാശനഷ്ടം നേരിട്ട വീടുകളുടെ ഉടമസ്ഥര്‍ക്ക് ഇതിനകം 186.46 കോടിരൂപ ധനസഹായമായി വിതരണം ചെയ്തിട്ടുണ്ട്. ഈ വര്‍ഷത്തെ പ്രളയക്കെടുതിയുടെ ഭാഗമായി ദുരിതാശ്വാസ ക്യാമ്പുകളില്‍ കഴിയേണ്ടിവന്ന 21333 കുടുംബങ്ങളില്‍ 7479 പേര്‍ക്ക് അടിയന്തിര ധനസഹായമായി 10000 രൂപ വീതം നല്‍കി.
ഗവ. ചീഫ് വിപ്പ് അഡ്വ. കെ. രാജന്‍, ജില്ലാ പഞ്ചായത്ത് പ്രസിഡന്‍്റ് മേരി തോമസ്, ചാവക്കാട് നഗരസഭ ചെയര്‍മാന്‍ എന്‍.കെ. അക്ബര്‍, ചാലക്കുടി നഗരസഭാ ചെയര്‍പേഴ്സണ്‍ ജയന്തി പ്രവീണ്‍കുമാര്‍, ഇരിങ്ങാലക്കുട ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്‍്റ വി.എ. മനോജ് കുമാര്‍, മാടക്കത്തറ പഞ്ചായത്ത് പ്രസിഡന്‍്റ് പി.എസ്. വിനയന്‍, കോര്‍പ്പറേഷന്‍ കൗണ്‍സിലര്‍ കെ. മഹേഷ്, കോണ്‍ഗ്രസ് ജില്ലാ വൈസ് പ്രസിഡന്‍്റ് ഐ.പി. പോള്‍, കോണ്‍ഗ്രസ്(എസ്) ജില്ലാ പ്രസിഡന്‍്റ് സി.ആര്‍. വത്സന്‍, സി.എം.പി. ജില്ലാ സെക്രട്ടറി പി.പി. പോള്‍ എന്നിവര്‍ സംസാരിച്ചു. കോര്‍പ്പറേഷന്‍ മേയര്‍ അജിത വിജയന്‍ സ്വാഗതവും ജില്ലാ കളക്ടര്‍ എസ്. ഷാനവാസ് നന്ദിയും പറഞ്ഞു