കാനത്തിനെതിരെ പോസ്റ്റർ പതിച്ചവരെ ജാമ്യത്തിൽ എടുത്തതും സിപിഐ നേതാവ്
ആലപ്പുഴ: സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രനെതിരെ പോസ്റ്ററൊട്ടിച്ച എഐവൈഎഫ്, കിസാൻ സഭ നേതാക്കൾക്ക് ജാമ്യം നിന്നതും സിപിഐ നേതാവ് തന്നെ. സിപിഐയുടെ മുൻ മണ്ഡലം അസിസ്റ്റന്‍റ് സെക്രട്ടറിയും കാനം പക്ഷക്കാരനുമായ കെ എഫ് ലാൽജിയാണ് പ്രതികൾക്ക് ജാമ്യം നിന്നത്. പ്രതികൾക്ക് കാർ വാടകയ്ക്ക് എടുത്ത് നൽകിയതും കെ എഫ് ലാൽജിയാണ്. നിലവിൽ അമ്പലപ്പുഴ മണ്ഡലം സെക്രട്ടേറിയറ്റ് അംഗമാണ് കെ എഫ് ലാൽജി.
വിഷയം പാർട്ടി പ്രത്യേകം അന്വേഷിക്കും, ഇക്കാര്യത്തിൽ നാളെ തീരുമാനമുണ്ടായേക്കും. നാളെ ജില്ലാ നേതൃയോഗങ്ങൾ ചേരുന്നുണ്ട്, ഇന്നും ഇന്നലെയും നടന്ന മണ്ഡലം ക്യാമ്പുകളിലും പാർട്ടി അന്വേഷണം എന്ന ആവശ്യം ഉയർന്നിരുന്നു. സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രനെതിരെ പോസ്റ്ററൊട്ടിച്ച എഐവൈഎഫ് ആലപ്പുഴ ജില്ലാ കമ്മിറ്റി അംഗം ജയേഷ്, മണ്ഡലം കമ്മിറ്റി അംഗം ഷിജു, കിസാന്‍ സഭ മണ്ഡലം പ്രസിഡന്റ് കൃഷ്ണകുമാര്‍ എന്നിവരെ പാർട്ടിയിൽ നിന്നും പുറത്താക്കിയിരുന്നു.
ജില്ലാ സെക്രട്ടറിയുടെ പരാതിയുടെ അടിസ്ഥാനത്തിൽ ജയേഷിനേയും ഷിജുവിനെയും പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. കിസാന്‍ സഭ നേതാവ് കൃഷ്ണകുമാര്‍ ഒളിവിലാണെന്നും പൊലീസ് അറിയിച്ചു. സിപിഐ ആലപ്പുഴ ജില്ലാ കമ്മിറ്റി ഓഫീസിന്‍റെ മതിലിലാണ് കാനത്തിനെതിരെയുള്ള പോസ്റ്ററുകള്‍ പ്രത്യക്ഷപ്പെട്ടത്. ജയേഷ്, ഷിജു, കൃഷ്ണകുമാർ എന്നിവരാണ് പോസ്റ്റര്‍ ഒട്ടിച്ചതെന്ന് സിസിടിവി പരിശോധനയിലൂടെയാണ് പൊലീസ് കണ്ടെത്തിയത്. അപകീര്‍ത്തിപ്പെടുത്തുക എന്ന ഉദ്ദേശ്യത്തോടെ ഗൂഢാലോചന നടത്തി എന്ന കുറ്റം ചുമത്തിയാണ് പൊലീസ് ഇവര്‍ക്കെതിരെ കേസെടുത്തത്.