രമ്യ ഹരിദാസ് കുന്നമംഗലം ബ്ളോക് പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനം രാജിവെച്ചു
കോഴിക്കോട്: ആലത്തൂരിലെ യുഡിഎഫ് സ്ഥാനാര്‍ത്ഥി രമ്യ ഹരിദാസ് കുന്ദമംഗലം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് സ്ഥാനം രാജി വെച്ചു. ആലത്തൂരില്‍ പ്രവര്‍ത്തനം കേന്ദ്രീകരിക്കാന്‍ പാര്‍ട്ടി ആവശ്യപ്പെട്ടതിനെ തുടര്‍ന്നാണ് രാജി എന്നാണ് വിശദീകരണം. തിങ്കളാഴ്ച വൈകിട്ടാണ് രാജി സമര്‍പ്പിച്ചത്. തിരഞ്ഞെടുപ്പില്‍ തനിക്കൊപ്പം നിന്നവരെ നാളെ മുതല്‍ നേരിട്ട് ചെന്ന് കാണുമെന്ന് രമ്യ വ്യക്തമാക്കി. ആലത്തൂരിൽ മികച്ച വിജയമുണ്ടാകുമെന്നും ഇനി മുതൽ ആലത്തൂരാകും തൻെറ പ്രവർത്തന മേഖലയെന്നും രമ്യ പറഞ്ഞു.
ആലത്തൂരില്‍ വിജയിച്ചാൽ ബ്ലോക്ക് മെമ്പർ സ്ഥാനം തന്നെ രാജി വെക്കേണ്ടി വരും. ഇത് പ്രസിഡൻറ് സ്ഥാനത്തേക്കുള്ള യു.ഡി.എഫിൻെറ ഭൂരിപക്ഷം കുറയുന്നതിനിടയാക്കും. പിന്നീട് നറുക്കെടുപ്പിലേക്ക് പോവുകയും അത് ചിലപ്പോൾ യു.ഡി.എഫിന് പ്രസിഡൻറ് പദവി നഷ്ടമാവുന്നതിന് ഇടയാക്കുകയും ചെയ്യും. അതിനാലാണ് പ്രസിഡൻറ് പദവിയിൽ നിന്ന് ഇപ്പോൾ തന്നെ രാജി വെച്ച് പുതിയ പ്രസിഡൻറിനെ നിശ്ചയിക്കുന്നത്. 19 അംഗങ്ങളിൽ 10 പേരുടെ പിന്തുണയിലാണ് രമ്യ ഹരിദാസ് പ്രസിഡൻറ് ആയത്.
ലോക്സഭ തെരഞ്ഞെടുപ്പിൽ പരാജയപ്പെട്ടാലും രമ്യ ആലത്തൂര്‍ കേന്ദ്രീകരിച്ച് പ്രവര്‍ത്തനം തുടരണമെന്നാണ് കോണ്‍ഗ്രസ് തീരുമാനം. രമ്യ ഹരിദാസ് പരാജയപ്പെടുകയാെണങ്കിൽ ആലത്തൂര്‍ ലോക്സഭാ മണ്ഡലത്തിലെ സംവരണ നിയമസഭ മണ്ഡലങ്ങളായ തരൂര്‍, ചേലക്കര എന്നിവയിൽ ഏതെങ്കിലും നൽകി അടുത്ത നിയമസഭ തെരഞ്ഞെടുപ്പില്‍ മത്സരിപ്പിക്കാനാണ് പാർട്ടി നേതൃത്വം കണക്ക് കൂട്ടുന്നത്. മണ്ഡലത്തിൽ രമ്യ ഉണ്ടാക്കിയെടുത്ത തരംഗം ഗുണം ചെയ്യുമെന്നും പാർട്ടി വിലയിരുത്തുന്നു