കണ്ണൂരിൽ സദാചാര ഗുണ്ടായിസത്തെ ചോദ്യം ചെയ്ത യുവതിക്ക് നേരെ ആക്രമണം : രണ്ടു പേർ അറസ്റ്റിൽ
കണ്ണൂര്‍: കണ്ണൂര്‍ പയ്യാന്പലം ബീച്ചില്‍ സദാചാര ഗുണ്ടായിസത്തെ ചോദ്യം ചെയ്ത യുവതിയെ ആക്രമിച്ച സംഭവത്തിൽ രണ്ടു പേരെ പോലീസ് അറസ്റ്റ് ചെയ്തു . ചിറക്കല്‍ മുക്കണ്ണന് ഹൗസില്‍ എം. നവാസ് (36), പാപ്പിനിശേരി എംഎം ഹോസ്പിറ്റലിനു സമീപത്തെ കെ. ഹൗസില്‍ മുഹമ്മദലി (36) എന്നിവരെ പോലീസ് അറസ്റ്റ് ചെയ്തു. കോടതിയില്‍ ഹാജരാക്കിയ ഇരുവരെയും റിമാന്‍ഡ് ചെയ്തു. ആക്രമണത്തിൽ സാരമായി പരിക്കേറ്റ പള്ളിക്കുന്ന് സ്വദേശിനിയെ കണ്ണൂരിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പെണ്‍കുട്ടികളോട് മോശമായി പെരുമാറിയത് ചോദ്യംചെയ്ത പള്ളിക്കുന്ന് സ്വദേശിനിയായ ഇരുപത്തിയൊന്നുകാരിയെയാണ് തള്ളിയിട്ടു പരിക്കേല്‍പ്പിച്ചത്.
കൈയെല്ല് പൊട്ടിയ യുവതി കണ്ണൂരിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്.
സംഭവത്തെക്കുറിച്ച് പോലീസ് പറയുന്നതിങ്ങനെ: ഞായറാഴ്ച വൈകുന്നേരം 4.30 ന് പയ്യാന്പലം ബീച്ചിലായിരുന്നു സംഭവത്തിന് തുടക്കം. പള്ളിക്കുന്ന് സ്വദേശിനിയായ ഇരുപത്തിയൊന്നുകാരിയും സുഹൃത്തും പയ്യാന്പലത്ത് സംസാരിച്ചുകൊണ്ടിരിക്കുകയായിരുന്നു. ഇതിനിടെ ഇവരുടെ സമീപത്തായി രണ്ടു പെണ്‍കുട്ടികളും വന്നിരുന്നു. ഈസമയം ബുള്ളറ്റിലെത്തിയ രണ്ടു യുവാക്കള്‍ സംസാരിച്ചുകൊണ്ടിരിക്കുന്ന പെണ്‍കുട്ടികളോട് മോശമായി പെരുമാറി.
ഇതു ശ്രദ്ധയില്‍പ്പെട്ട പള്ളിക്കുന്ന് സ്വദേശിനി യുവാക്കളെ ചോദ്യംചെയ്തു. ഇതോടെ ക്ഷുഭിതരായ യുവാക്കള്‍ പള്ളിക്കുന്ന് സ്വദേശിനിക്കും സുഹൃത്തിനുംനേരേ വാക്കേറ്റവും കൈയാങ്കളിയുമായി. ഇതിനിടെ പള്ളിക്കുന്ന് സ്വദേശിനിയെ മുകളില്‍നിന്ന് താഴേയ്ക്ക് തള്ളിയിടുകയായിരുന്നു. ഇതിനുശേഷം അക്രമിസംഘം ബുള്ളറ്റുമായി കടന്നുകളഞ്ഞു.
വാഹനത്തിന്റെ നന്പര് കേന്ദ്രീകരിച്ചായിരുന്നു പോലീസിന്റെ അന്വേഷണം. ഉടമയെ കണ്ടെത്തിയെങ്കിലും സുഹൃത്തുക്കളാണ് വാഹനവുമായി പോയതെന്നു വ്യക്തമായി. തുടര്‍ന്ന് പോലീസ് പ്രതികളുടെ മൊബൈല്‍ ടവര്‍ ലൊക്കേഷന്‍ കേന്ദ്രീകരിച്ചു നടത്തിയ അന്വേഷണത്തിലാണ് പാപ്പിനിശേരിയില്‍ വച്ച് ഇരുവരും വലയിലാകുന്നത്.