കേരളരാഷ്ട്രീയത്തിലെ അതികായന് രാഷ്ട്രീയ കേരളത്തിന്റെ യാത്രാമൊഴി;
പാലാ: കേരളരാഷ്ട്രീയത്തിലെ അതികായനും കേരളാ കോണ്‍ഗ്രസ്-എം ചെയര്‍മാനുമായ കെ.എം. മാണിക്ക് കേരളത്തിന്റെ യാത്രാമൊഴി. പാലാ സെന്റ് തോമസ് കത്തീഡ്രല്‍ പള്ളിയിലെ ശുശ്രൂഷങ്ങള്ക്ക് ശേഷം പള്ളി സെമിത്തേരിയിലെ ചാപ്പലിനോടു ചേര്‍ന്നുള്ള കല്ലറയില്‍ ഭൗതിക ശരീരം സംസ്കരിച്ചു. സംസ്ഥാന സര്‍ക്കാര്‍ പൂര്‍ണ ഔദ്യോഗിക ബഹുമതികളോടെ ആദരം അര്‍പ്പിച്ചു. കര്‍ദിനാള്‍ മാര്‍ ബസേലിയോസ് ക്ലിമിസ്, മാര്‍ ജോസഫ് കല്ലറങ്ങാട്ട് തുടങ്ങിയവര്‍ സംസ്കാര ചടങ്ങുകള്‍ക്ക് നേതൃത്വം നല്കി.
പ്രിയ നേതാവിനെ നേതാവിന് അന്തിമോചാരം അര്‍പ്പിക്കാന്‍ പാലയിലേക്ക് വന്‍ജനപ്രവാഹമാണ് സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍നിന്ന് ഒഴുകിയെത്തിയത്. പാലാ നഗരത്തിലൂടെ മൃതദേഹം വഹിച്ചുകൊണ്ടുള്ള അവസാന യാത്രയ്ക്കൊപ്പം ആയിരങ്ങളാണ് അണിചേര്‍ന്നത്. പ്രത്യേക വാഹനത്തില്‍ വിലാപയാത്രയായാണ് മൃതദേഹം പള്ളിയിലേക്ക് എത്തിച്ചത്. രാഷ്ട്രീയ പ്രമുഖരുള്‍പ്പെടെ ആയിരക്കണക്കിന് ആളുകളാണ് അന്ത്യാഞ്ജലി അര്‍പ്പിക്കാനെത്തിയത്.
കരിങ്ങോഴയ്ക്കല്‍ വീട്ടില്‍ നിന്നും തുടങ്ങിയ വിലാപയാത്ര ടൗണ്‍ ചുറ്റിയാണ് പള്ളിയില്‍ എത്തിയത്.വലിയ ജനാവലി അദ്ദേഹത്തിന് അന്തിമോപചാരം അര്‍പ്പിക്കാന്‍ വസതിയില്‍ എത്തിയിരുന്നു. ഭാര്യ കുട്ടിയമ്മയും മക്കളും വസതിയില്‍ അദ്ദേഹത്തിന് വികാരനിര്‍ഭരമായ യാത്രാമൊഴി നല്കി. അനിയന്ത്രിതമായ തിരക്കാണ് പള്ളിയിലും സെമിത്തേരിയിലും ഉണ്ടായത്.
പ്രിയ നേതാവിനെ അവസാനമായി ഒരുനോക്കു കാണാന്‍ നഗരത്തിലെ കെട്ടിടത്തിന് മുകളില്‍ പോലും വന്‍ ജനാവലി സ്ഥാനം പിടിച്ചിരുന്നു. ജനസാഗരമാണ് പാലാ നഗരത്തിലേക്ക് പ്രിയ നേതാവിന് യാത്രാമൊഴി നല്കാന് എത്തിയത്. രാഷ്ട്രീയ, സാമൂഹ്യ, സാംസ്കാരിക രംഗത്തെ നിരവധി പ്രമുഖര്‍ ഇന്നും വസതിയിലെത്തി അദ്ദേഹത്തിന് ആദരാഞ്ജലി അര്‍പ്പിച്ചു.
ശ്വാസകോശസംബന്ധമായ അസുഖത്തെ തുടര്‍ന്ന് ചൊവ്വാഴ്ച വൈകിട്ടാണ് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ അദ്ദേഹം അന്തരിച്ചത്. പ്രതീക്ഷിച്ചതിലും ആളുകള്‍ പൊതുദര്ശനത്തിനെത്തിയതോടെ മൃതദേഹം വഹിച്ചുകൊണ്ടുള്ള വിലാപയാത്ര മുമ്ബ് നിശ്ചയിച്ചിരുന്നതിലും ഒരുമണിക്കൂറോളം വൈകിയാണ് കൊച്ചിയില്‍ നിന്നു പുറപ്പെട്ടത്. വ്യാഴാഴ്ച്ച പുലര്‍ച്ചെയാണ് സ്വവസതിയിലേക്ക് മൃതദേഹം എത്തിച്ചത്.