അവിനാശിയിൽ മേൽപ്പാലത്തിൽ നിന്ന് കെ എസ് ആർ ടി സി ബസ് താഴേക്ക് വീണു
കോയമ്പത്തൂർ∙ പത്തനംതിട്ടയിൽ നിന്നു ബെംഗളൂരുവിലേക്കു പോയ കെഎസ്ആർടിസി ബസ് തമിഴ്നാട്ടിലെ തിരുപ്പൂരിനും അവിനാശിക്കും ഇടയിൽ മംഗളം ബൈപാസിലെ മേൽപ്പാലത്തിനു മുകളിൽ നിന്നു താഴേക്കു വീണ് സ്ത്രീകളും കുട്ടികളും ഉൾപ്പെടെ 26 പേർക്ക് പരുക്കേറ്റു. രണ്ടുപേരുടെ നില ഗുരുതരം. പുലർച്ചെ രണ്ടിനായിരുന്നു അപകടം. ഒരു വാഹനത്തിനെ മറികടക്കുന്നതിനിടെ നിയന്ത്രണം വിട്ടു താഴേക്ക് പതിക്കുകയായിരുന്നു വെന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ച ഡ്രൈവർ പറയുന്നു . ഡ്രൈവർ ഉറങ്ങിയതാണ് അപകട കാരണമെന്നു സ്ഥലത്തെത്തിയ അവിനാശി പൊലീസ് ഇൻസ്പെക്ടർ എം. ഇളങ്കോവൻ പറഞ്ഞു. കെഎസ്ആർടിസിയുടെ പുതിയ മോഡലിലുള്ള സ്കാനിയ ബസാണ് അപകടത്തിൽപ്പെട്ടത്.
ബസ് ഡ്രൈവർ ജെയ്സൺ(43), പത്തനംതിട്ട തിരുവല്ല സ്വദേശി സൈദബീഗം(43), ബേബി(33), ജെറിൻ തോമസ്(33), കൃഷ്ണാനന്ദ്(6), ബേബി(28), സിബി മാത്യൂസ്(35), അഖിൽ(27), രാജേഷ്കുമാർ(28), അക്ഷയ്(7), പ്രദീപ്കുമാർ(43), ധന്യ(22), മാളവിക(8), സ്റ്റീഫൻ(39), സനൽകുമാർ(44), സെബി വർഗീസ്(34), സുനിത(32), എന്നിവർക്കാണു പരുക്കേറ്റത്. ഇവരിൽ തലയ്ക്കു ഗുരുതരമായി പരുക്കേറ്റ ഡ്രൈവർ ജെയ്സൺ, സെബി വർഗീസ് എന്നിവരെ കോവൈ മെഡിക്കൽ കോളജ് ആശുപത്രിയിലും മറ്റുള്ളവരെ തിരുപ്പൂരിലെ സ്വകാര്യ ആശുപത്രികളിലുമായി പ്രവേശിപ്പിച്ചു. പരുക്ക് സാരമല്ലാത്തതിനാൽ ഇവരിൽ ചിലർ പ്രാഥമിക ചികിത്സയ്ക്കു ശേഷം യാത്ര തുടർന്നെന്നാണു പൊലീസ് നൽകുന്ന വിവരം.
പത്തനംതിട്ട, തൃശൂർ സ്വദേശികളാണു ബസിലുണ്ടായിരുന്നത്. ദേശീയപാതയിൽ നിയന്ത്രണം വിട്ട് ബസ് കൈവരികൾ തകർത്ത് മേൽപ്പാലത്തിനു താഴേക്കു പതിക്കുകയായിരുന്നു. ബസിലെ യാത്രക്കാരിൽ ഭൂരിഭാഗം പേരും ഉറക്കത്തിലായിരുന്നു. സ്ഥലത്തെത്തിയ മറ്റു യാത്രക്കാരും പട്രോളിങ് ഡ്യൂട്ടിയിലുണ്ടായിരുന്ന പൊലീസും ഇൻസ്പെക്ടർ എം. ഇളങ്കോവന്റെ നേതൃത്വത്തിലുള്ള അവിനാശി പൊലീസും ചേർന്നാണു രക്ഷാപ്രവർത്തനം നടത്തിയത്. ബസിനുള്ളിൽ സീറ്റിനടിയിൽ കുടുങ്ങി കിടന്നിരുന്ന കുട്ടികൾ ഉൾപ്പെടെയുള്ളവരെ വാഹനം വെട്ടിപൊളിച്ചാണു പുറത്തെടുത്ത്. അപകടത്തെ തുടർന്നു ദേശീയപാതയിൽ മൂന്നു മണിക്കൂറിലേറെ ഗതാഗതം തടസ്സപ്പെട്ടു. പത്തരയോടെ ക്രെയിനെത്തിച്ചു ബസ് എടുത്തുമാറ്റിയാണു ഗതാഗതം പുനഃസ്ഥാപിച്ചത്.<