ആറ്റിങ്ങലിൽ അടൂർ പ്രകാശ് യു ഡി എഫ് സ്ഥാനാർഥി
ദില്ലി: ആറ്റിങ്ങൽ ലോകസഭാ മണ്ഡലത്തിൽ അടൂര്‍ പ്രകാശ് കോൺഗ്രസ് സ്ഥാനാര്‍ത്ഥിത്വം ഉറപ്പിച്ചു . ആറ്റിങ്ങലിനു പുറമെ ആലപ്പുഴ മണ്ഡലത്തി ലേക്കും അടൂര്‍ പ്രകാശിനെ പരിഗണിച്ചിരുന്നു . ആലപ്പുഴയിൽ ഷാനിമോൾ ഉസ്മാനും ആറ്റിങ്ങലിൽ അടൂര്‍ പ്രകാശും എന്ന് ഏകദേശ ധാരണ നേരത്തെ ഉണ്ടായിരുന്നെങ്കിലും അന്തിമ തീരുമാനം ആയിരുന്നില്ല. ഗ്രൂപ്പ് സമവാക്യങ്ങളിൽ ഉടക്കി നിന്ന നാല് സീറ്റിലെ സ്ഥാനാര്‍ത്ഥി നിര്‍ണ്ണയത്തിന്‍റെ കൂട്ടത്തിൽ പെടുത്തിയാണ് ആറ്റിങ്ങലിനെ മാറ്റി നിര്‍ത്തിയിരുന്നത്.
എന്നാൽ ആറ്റിങ്ങലിൽ അടൂര്‍ പ്രകാശ് തന്നെ മതിയെന്ന തീരുമാനത്തിൽ ഒടുവിൽ നേതാക്കൾ എത്തിച്ചേരുകയായിരുന്നു. അതേസമയം വയനാട് സീറ്റിനെ ചൊല്ലിയുള്ള തര്‍ക്കത്തിന് ഒട്ടും അയവില്ല . ചര്‍ച്ച തുടങ്ങിയിടത്തു തന്നെ നില്‍ക്കുന്നു. ടി സിദ്ദിഖിനെ സ്ഥാനാര്‍ഥിയാക്കണമെന്നാവശ്യത്തിൽ ഒട്ടും വിട്ടുവീഴ്ചയ്ക്ക് ഉമ്മൻ ചാണ്ടി തയ്യാറായിട്ടില്ല . സീറ്റ് എ ഗ്രൂപ്പിന് വിട്ടു കൊടുക്കാനാവില്ലെന്ന നിലപാടിൽ രമേശ് ചെന്നിത്തലയും തുടരുന്നു. ഇതിനിടെ സിദ്ദിഖിനെ വടകരയിലേയ്ക്ക് മാറ്റി പ്രശ്നം പരിഹരിക്കാമെന്ന നിര്‍ദേശം വച്ചെങ്കിലും സിദ്ദിഖ് വഴങ്ങിയില്ല . ആലപ്പുഴ സീറ്റ് സിദ്ദിഖ് വാഗ്ദാനം ചെയ്ത് മറ്റൊരു ഫോര്‍മുല ഐ ഗ്രൂപ്പ് വച്ചെങ്കിലും അതിനോടും എ ഗ്രൂപ്പ് വഴങ്ങിയിട്ടില്ല .
ഏറ്റവും ഒടുവിലത്തെ ഫോര്‍മുല അനുസരിച്ച് വയനാട്ടിൽ ഷാനിമോള്‍ ഉസ്മാനും വടകരയിൽ വിദ്യാബാലകൃഷ്ണനും സ്ഥാനാര്‍ഥിയാക്കണമെന്നതാണ് നിര്‍ദേശം. എ ഗ്രൂപ്പ് വഴങ്ങാത്ത സാഹചര്യത്തിലാണ് ഉമ്മൻ ചാണ്ടിയുടെ സാന്നിധ്യത്തിൽ ചര്‍ച്ച.നാളെ വൈകീട്ട് ദില്ലിയിലെത്താനായിരുന്നു ഉമ്മൻ ചാണ്ടിയുടെ തീരുമാനം . എന്നാൽ യാത്ര നേരത്തെയാക്കി . നാളെ രാവിലെ അദ്ദേഹം ദില്ലിയിലെത്തും. രമേശ് ചെന്നിത്തലയും മുല്ലപ്പള്ളിയും ഇന്ന് നിശ്ചയിച്ചിരുന്ന മടക്കയാത്ര മാറ്റി . ആന്ധ്ര പ്രദേശിന്‍റെ തിരഞ്ഞെടുപ്പ് സമിതിയോഗം നേരത്തെയാക്കിയതിനാലാണെന്നാണ് വിശദീകരണം. വടകരയിൽ വിദ്യാബാലകൃഷ്ണന് പകരം ബിന്ദു കൃഷ്ണയെ സ്ഥാനാര്‍ഥിയാക്കാനുള്ള ആലോചന നേതാക്കള്‍ നടത്തിയെങ്കിലും പിന്നീട് ഉപേക്ഷിച്ചു . മല്‍സരിക്കാൻ താല്‍പര്യമില്ലെന്ന് ബിന്ദു കൃഷ്ണ അറിയിച്ചതായാണ് വിവരം