യുവാവിന്റെ മരണം, വ്യാജ ചികത്സ കേന്ദ്രത്തിലെ കൊടിയ പീഡനം കൊണ്ടാണെന്ന്
നിലമ്പൂർ : മഞ്ചേരി കരുളായിയില്‍ ദുര്‍മന്ത്രവാദത്തിനിരയായി യുവാവ് മരിച്ചത് വ്യാജചികിത്സാ കേന്ദ്രത്തിലെ കൊടിയ പീഡനം മൂലമെന്ന് ആരോപണം ശക്തമാകുന്നു. പത്തുതറപ്പടി കൊളപ്പറ്റ ഫിറോസ് അലി (38) കഴിഞ്ഞ ദിവസമാണ് ലിവര്‍ സിറോസിസ് ബാധിച്ച് മരിച്ചത്.
സൗദി അറേബ്യയില്‍ 18 വര്‍ഷമായി ജോലിചെയ്തുവരുന്ന ഫിറോസിന് ലിവര്‍ സീറോസിസ് പിടിപ്പെട്ടതിനെ തുടര്‍ന്നാണ് നാട്ടിലെത്തിയത്.
തുടര്‍ന്ന് ആയുര്‍വേദ മരുന്ന് കഴിച്ചിരുന്ന സമയത്താണ് മന്ത്രവാദികള്‍ കുടുംബത്തെ സ്വാധീനിച്ചത്. തുടര്‍ന്നാണ് മഞ്ചേരി ചെരണിയിലെ ചികിത്സാ കേന്ദ്രത്തിലേക്ക് എത്തിച്ചത്. കരള്‍ രോഗമില്ലെന്നും വയറ്റില്‍ ഗണപതിയാണെന്നും അതിനെ ഇല്ലാതാക്കാന്‍ കേന്ദ്രത്തില്‍ നിര്‍ത്തി ചികിത്സിപ്പിക്കണമെന്നും ഇവര്‍ വിശ്വസിപ്പിച്ചു. ഒരു ദിവസത്തിന് 10,000 രൂപയാണ് പണം വാങ്ങിയിരുന്നത്. 26 ദിവസം അവിടെ നിര്‍ത്തി ഭക്ഷണം നല്‍കാതെയും ശാരീരികമായും പീഡിപ്പിച്ചുവെന്ന് നാട്ടുകാര്‍ ആരോപിക്കുന്നു.
ചുമയും കഫക്കെട്ടും മൂര്‍ച്ഛിച്ചതോടെ ഇയാള്‍ മരുന്ന് ആവശ്യപ്പെട്ടു കരഞ്ഞുവെങ്കിലും നല്‍കിയില്ല. രക്ഷപ്പെടാന്‍ ശ്രമിച്ചതോടെ സിദ്ധനും മറ്റു രണ്ടുപേരും ചേര്‍ന്ന് ബലം പിടിച്ചു വീണ്ടും മുറിയില്‍ കൊണ്ടിട്ടു. രോഗം മൂര്‍ച്ഛിച്ച് മരണാസന്നനായതോടെ വീട്ടിലേക്ക് തിരിച്ചയച്ചു. രോഗ്യവാനായിരുന്ന അവസ്ഥയിലാണ് ചികിത്സാ കേന്ദ്രത്തില്‍ കൊണ്ടാക്കിയിരുന്നത്. തീരെ വയ്യാതായിട്ടും ഡോക്ടര്‍ നിര്‍ദ്ദേശിച്ച മരുന്ന് കുടിക്കാന്‍ അനുവദിച്ചില്ല. ഈ മരുന്നുകള്‍ മുസ്ലീംങ്ങള്‍ക്ക് കഴിക്കാന്‍ പാടില്ലെന്ന് വിശ്വസിപ്പിച്ചു.
എന്നാല്‍ നടക്കാനോ ഇരിക്കാനോ പറ്റാതെ ക്ഷീണിച്ച അവസ്ഥയിലാണ് വീട്ടിലെത്തിച്ചത്. തന്റെ ജിദ്ദയിലെ സുഹൃത്തായ ഷാജിക്കാണ് മരിക്കുന്നതിന് രണ്ടുദിവസം മുന്‍പ് ഫിറോസ് ഓഡിയോ അയച്ചുകൊടുത്തത്. ആരും ഇനി ചതിയില്‍പ്പെടരുതെന്നും, ചികിത്സകനെതിരേ നടപടിയെടുക്കാന്‍ ശ്രമിക്കണമെന്നും ഓഡിയോയില്‍ ഫിറോസ് പറയുന്നുണ്ടായിരുന്നു. ഫിറോസ് എന്ന പേര് ഒരിക്കല്‍പ്പോലും വിളിക്കാന്‍ കൂട്ടാക്കാതെ ശെയ്ത്താന് എന്നാണ് അവര്‍ വിളിച്ചിരുന്നത്. ഇനിയൊരാളെയും ഇവര്‍ വഞ്ചിക്കരുത്. ഇവര്‍ക്കെതിരെ ശക്തമായ എന്തെങ്കിലും നടപടികള്‍ഉണ്ടാകണമെന്നും ഫിറോസ് അവസാനമായി അയച്ച വോയ്സ് ക്ലിപ്പില്‍ പറയുന്നു.
ശനിയാഴ്ചയാണ് ഫിറോസ് മരണപ്പെട്ടത്. സിദ്ധനെതിരേ പരാതിയെടുക്കണമെന്നാവശ്യപ്പെട്ട് നാട്ടുകാര്‍ പൊലിസില്‍ പരാതി നല്‍കിയിട്ടുണ്ട്