മമ്മിയൂര്‍ ശ്രീ മഹാദേവക്ഷേത്രത്തിലെ ശിവരാത്രി മഹോത്സവത്തിന് തുടക്കമായി
ഗുരുവായൂര്‍: കലാമണ്ഡലം രാമചാക്യാരുടെ നേതൃത്വത്തില്‍ മത്തവിലാസം കൂത്തോടെ മമ്മിയൂര്‍ ശ്രീ മഹാദേവക്ഷേത്രത്തിലെ ശിവരാത്രി മഹോത്സവത്തിന് തുടക്കമായതായി മമ്മിയൂര്‍ ദേവസ്വം ബോര്‍ഡ് ചെയര്‍മാന്‍ ജി.കെ. പ്രകാശ് വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. കലാമണ്ഡലം രാമചാക്യാര്‍ക്ക് പുറമെ കലാമണ്ഡലം സംഗീത്, എടനാട് രാമചന്ദ്രന്‍ നമ്പ്യാര്‍, ഇരിങ്ങാലക്കുട ദേവകി എന്നിവരും മൂന്നുദിവസങ്ങളില്‍ നടക്കുന്ന കൂത്തില്‍ പങ്കെടുക്കും.
മഹാശിവരാത്രിദിവസമായ തിങ്കളാഴ്ച്ച രാവിലെ 4.30-ന് ക്ഷേത്രത്തിനകത്ത് ക്ഷേത്രം തന്ത്രി ബ്രഹ്മശ്രി ചേന്നാസ് നാരായണന്‍ നമ്പൂതിരിപ്പാടിന്റെ മുഖ്യകാര്‍മ്മികത്വത്തില്‍ നടക്കുന്ന ലക്ഷാര്‍ച്ചനയോടെ താന്ത്രിക ചടങ്ങുകള്‍ക്ക് തുടക്കമാകും. മൂന്നുദിവസത്തെ കൂത്തിനുശേഷം, ഇന്ന് രാവിലെ 10-ന് ക്ഷേത്രം നടരാജമണ്ഡപത്തില്‍ രാധാകൃഷ്ണന്‍ മാസ്റ്റര്‍ കാക്കശ്ശരിയുടെ ഭക്തിപ്രഭാഷണത്തോടെ കലാപരിപാടികള്‍ക്കും തുടക്കമാകും. ശനിയാഴ്ച വൈകീട്ട് 5.30-ന് രഹ്ന മുരളീദാസിന്റെ മോഹിനിയാട്ട കച്ചേരി, പ്രിയ പ്രണേഷിന്റെ കുച്ചുപ്പുടി എന്നിവയും ഉണ്ടായിരിയ്ക്കും.
ഞായറാഴ്ച രാവിലെ 10-മുതല്‍ ”ശിവമാഹാത്മ്യം” എന്ന വിഷയത്തില്‍ ചൂണ്ടല്‍ അരവിന്ദന്റെ ഭക്തി പ്രഭാഷണം, വൈകീട്ട് മമ്മിയൂര്‍ ശിവഭക്തിയുടെ കൈകൊട്ടികളി എന്നിവയും, രാത്രി പത്മശ്രി കലാമണ്ഡലം ഗോപിയാശാനും, സംഘവും അവതരിപ്പിയ്ക്കുന്ന ”നളചരിതം രണ്ടാം ദിവസം” കഥകളിയുമുണ്ടാകും. മഹാശിരാത്രിദിവസം ക്ഷേത്രം നടരാജമണ്ഡപത്തില്‍ ”ഭാരതീയ പൈതൃകം” എന്ന വിഷയത്തില്‍ ആലങ്കോട് ലീലാകൃഷ്ണന്റെ പ്രഭാഷണത്തോടെ തുടര്‍ച്ചയായ കലാപരിപാടികള്‍ക്ക് തുടക്കമാകും. തുടര്‍ന്ന് ഗുരുവായൂര്‍ ബ്രഹ്മണസഭ മഹിളാവിഭാഗത്തിന്റെ കോലാട്ടം-കുമ്മി, മണലൂര്‍ ഗോപിനാഥിന്റെ ”കല്ല്യാണ സൗഗന്ധികം” ഓട്ടന്‍തുള്ളല്‍, ഗുരുവായൂര്‍ ഗന്ധര്‍വ്വാസ് അവതരിപ്പിയ്ക്കുന്ന സംഗീത സമന്വയം എന്നിവയും, രാത്രി ശ്രീഭൂതബ ലി എഴുന്നെള്ളിപ്പിനുശേഷം, ഗുരുവായൂര്‍ ക്ഷേത്ര കലാനിലയത്തിന്റെ ” ബാണയുദ്ധം” കൃഷ്ണനാട്ടത്തോടെ മഹാശിവരാത്രിയുടെ പരിപാടികള്‍ക്ക് പരിസമാപ്തിയാകും.
ശിവരാത്രി ദിവസം ക്ഷേത്രത്തിനകത്ത് മഹാദേവനും, മഹാവിഷ്ണുവിനും നടക്കുന്ന ലക്ഷാര്‍ച്ചനയ്ക്കുപുറമെ താന്ത്രിക ചടങ്ങുകളായ ഭസ്മാഭിഷേകം, മഹാദേവനും, മഹാവിഷ്ണുവിനും നവകാഭിഷേകം എന്നിവയും കൂടാതെ, ക്ഷേത്രത്തിന് പുറത്ത് കോമത്ത് നാരായണ പണിക്കരുടെ നേതൃത്വത്തില്‍ സമൂഹാര്‍ച്ചനയും ഉണ്ടായിരിയ്ക്കും. ശിവരാത്രിദിവസം ക്ഷേത്രത്തിലെത്തുന്ന എല്ലാ ഭക്തജനങ്ങള്‍ക്കും വിപുലമായ പ്രസാദ ഊട്ടും ഒരുക്കിയിട്ടുള്ളതായും ഭാരവാഹികള്‍ അറിയിച്ചു. ക്ഷേത്ര കുളം മതിൽ കെട്ടി സംരക്ഷിക്കുകയും ,കുളത്തിന് പടിഞ്ഞാറും വടക്കും ഭാഗത്ത് നൂറോളം വാഹനങ്ങൾ പാർക്ക് ചെയ്യാനുള്ള സൗകര്യം ഒരുക്കും . ഇതിന്റെ നിർമാണ കരാർ ഊരാളുങ്കൽ ലേബർ സൊസൈറ്റിക്ക് നൽകി യതായും ഭാരവാഹികൾ അറിയിച്ചു .
വാര്‍ത്താസമ്മേളനത്തില്‍ ഭരണസമിതി അംഗങ്ങളായ വി.പി. ആനന്ദന്‍, കെ.കെ. ഗോവിന്ദദാസ്, വാക്കയില്‍ മാധവദാസ്, ക്ഷേത്രം എക്‌സിക്യൂട്ടീവ് ഓഫീസര്‍ എം.വി. സദാശിവന്‍ എന്നിവരും പങ്കെടുത്തു