ഗുരുവായൂർ ഉത്സവ സബ് കമ്മറ്റികളിൽ അർഹരായ പലരെയും ഒഴിവാക്കിയെന്ന് ആക്ഷേപം
ഗുരുവായൂർ : ഗുരുവായൂർ ഉത്സവത്തിനോടനുബന്ധിച്ചു രൂപീകരിച്ച വിവിധ സബ് കമ്മറ്റികളിൽ അർഹരായ പലരെയും ഒഴിവാക്കി ദേവസ്വം ഉദ്യോഗസ്ഥരുടെ ഇഷ്ടക്കാരെയും ബന്ധുക്കളെയും കുത്തി നിറച്ചെന്ന് ആക്ഷേപം . ഏതെങ്കിലും സബ് കമ്മറ്റികളിൽ കയറികൂടിയാൽ പത്ത് ദിവസത്തെ കഞ്ഞി പകർച്ചക്കുള്ള കാർഡ് ലഭിക്കുമെന്ന് കണ്ടാണ് ഇത്തരം തിരുകി കയറ്റൽ നടത്തിയതത്രെ . ഉത്സവത്തിന് മുന്നോടിയായി ദേവസ്വം വിളിച്ചു ചേർത്ത ആലോചന യോഗത്തിൽ പങ്കെടുത്ത മുഴുവൻ പേരെയും വിവിധ സബ് കമ്മറ്റികളിൽ ഉൾപ്പെടുത്തും എന്ന് ദേവസ്വം ചെയർമാൻ ഉറപ്പു നൽകിയിരുന്നു . അടിയന്തിര കാരണങ്ങളാൽ യോഗത്തിൽ പങ്കെടുക്കാൻ കഴിയാതിരുന്ന ചിലരെയും സബ് കമ്മറ്റികളിൽ ഉൾക്കൊള്ളിക്കുമെന്നും ചെയർ മാൻ അഭിപ്രായപ്പെട്ടിരുന്നു . സബ് കമ്മറ്റികളിൽ ഉൾപ്പെടുത്താൻ വേണ്ടി ആലോചന യോഗത്തിൽ പങ്കെടുത്ത മുഴുവൻ പേരുടെയും പേരും ഫോൺ നമ്പറും ദേവസ്വം എഴുതി വാങ്ങിച്ചിരുന്നു . എന്നാൽ പങ്കെടുത്ത പകുതി പേരും കമ്മറ്റിയിൽ നിന്ന് പുറത്തും ഉദ്യോഗസ്ഥർക്ക് താൽപര്യമുള്ളവർ കമ്മറ്റിയിലുമായെന്നാണ് ആക്ഷേപം