മധ്യപ്രദേശില്‍ മുന്‍ എംപിയും ബിജെപി മുതിര്‍ന്ന നേതാവുമായ രാംകൃഷ്ണ കുസ്മാരിയ കോണ്‍ഗ്രസിലേക്ക്
ന്യൂഡല്‍ഹി: മധ്യപ്രദേശില്‍ മുന്‍ എംപിയും ബിജെപി മുതിര്‍ന്ന നേതാവുമായ രാംകൃഷ്ണ കുസ്മാരിയ കോണ്‍ഗ്രസിലേക്ക്. ഫെബ്രുവരി 8ന് കോണ്‍ഗ്രസ് അദ്ധ്യക്ഷന്‍ രാഹുല്‍ ഗാന്ധി പങ്കെടുക്കുന്ന ചടങ്ങില്‍ വച്ച് കോണ്‍ഗ്രസിന്റെ ഭാഗമാവും.
രാംകൃഷ്ണ കുസ്മാരിയ 1991 മുതല്‍ 1999വരെ ദമോഹ് മണ്ഡലത്തില്‍ നിന്നുള്ള എംപിയായിരുന്നു. 2004ല്‍ ഖജുരാഖോ മണ്ഡലത്തില്‍ മത്സരിക്കുകയും വിജയിച്ച് എംപിയാവുകയും ചെയ്തു.
മുന്‍ മധ്യപ്രദേശ് കൃഷി മന്ത്രിയായിരുന്നു രാംകൃഷ്ണ കുസ്മാരിയ. ബിജെപിയുടെ മുതിര്‍ന്ന നേതാവും മുന്‍ മുഖ്യമന്ത്രിയുമായിരുന്ന ബാബുലാല്‍ ഗൗറിനെ കണ്ടതിന് ശേഷമാണ് രാംകൃഷ്ണ കുസ്മാരിയ കോണ്‍ഗ്രസില്‍ ചേരാനുള്ള തീരുമാനം പ്രഖ്യാപിച്ചത്. ബിജെപിയുമായി ഇടഞ്ഞ് നില്‍ക്കുന്ന ബാബുലാല്‍ ഗൗറിനെ കുസ്മാരിയ കണ്ടത് സംസ്ഥാനത്ത് വലിയ രാഷ്ട്രീയ ചര്‍ച്ചകള്‍ക്ക് തിരികൊളുത്തി കഴിഞ്ഞു
ഇതിനിടെ പ്രമുഖ ഹിന്ദി സീരിയല്‍ നടി ശില്‍പ്പാ ഷിന്‍ഡെ കോണ്‍ഗ്രസില്‍ ചേര്‍ന്നു. മുംബൈ കോണ്‍ഗ്രസ് കമ്മിറ്റി പ്രസിഡണ്ട് സഞ്ജയ് നിരുപമാണ് ഷിന്‍ഡയെ ഷാള്‍ അണിയിച്ച് പാര്‍ട്ടിയിലേക്ക് സ്വാഗതം ചെയ്തത്. മുതിര്‍ന്ന പാര്‍ട്ടി നേതാവ് ചരണ്‍ സിങ് സപ്രയും യോഗത്തില്‍ സന്നിഹിതനായിരുന്നു.
‘ഭാബി ജി ഗര്‍ പര്‍ ഹെ’ എന്ന സൂപ്പര്‍ ഹിറ്റ് സീരിയലിലൂടെ ഹിന്ദി ടിവി പ്രേക്ഷകര്‍ക്ക് സുപരിചതയാണ് ശില്‍പ്പ, അടുത്തിടെ നടന്ന ബിഗ് ബോസ് സീസണ്‍ 11 നില്‍ വിജയി കൂടിയായതോടെ ശില്‍പ്പയുടെ താരമൂല്യം ഉയര്‍ന്നിരുന്നു.
ഏറെ നാളായി ശില്‍പ്പ കോണ്‍ഗ്രസില്‍ അംഗത്വം എടുക്കുന്നതായി വാര്‍ത്തകള്‍ പ്രചരിച്ചിരുന്നെങ്കിലും നടി ഇതൊക്കെ നിഷേധിച്ചിരുന്നു. ശില്‍പ്പയുടെ പാര്‍ട്ടിയിലേക്കുള്ള കടന്ന് വരവ് ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന് വീട്ടമ്മമാര്‍ക്കിടയില്‍ കൂടുതല്‍ സ്വീകാര്യത നല്‍കാന്‍ ഇടയാക്കുമെന്നാണ് നേതൃത്വത്തിന്റെ കണക്ക്ക്കൂട്ടല്‍.