ശബരിമല സമരം , ജനങ്ങൾക്ക് മുന്നിൽ ബിജെപിയെ അപഹാസ്യമാക്കി -മുരളീധര പക്ഷം
തൃശ്ശൂര്‍: ശബരിമല സമരത്തെ ചൊല്ലി തൃശ്ശൂരില്‍ ചേര്‍ന്ന ബിജെപി കോര്‍കമ്മിറ്റി യോഗത്തിൽ രൂക്ഷമായ തർക്കം . സെക്രട്ടറിയേറ്റിനു മുന്നിലെ നിരാഹാര സമരം അനാവശ്യമായിരുന്നുവെന്ന് മുരളീധരപക്ഷം ഉന്നയിച്ചതോടെയാണ് തർക്കം ഉടലെടുത്തത്. ഈ സമരം ജനങ്ങൾക്ക് മുന്നിൽ ബിജെപിയെ അപഹാസ്യമാക്കിയെന്നും മുരളീധരപക്ഷം വിമർശിച്ചു. ശബരിമല സമരത്തിൽ ഒരു വിഭാഗം നേതാക്കൾ നിസഹകരിച്ചെന്നും യോഗത്തിൽ വിമർശനം ഉയർന്നു. അതേസമയം, ശബരിമല സമരം വൻ വിജയമായിരുന്നുവെന്നാണ് സംസ്ഥാന അധ്യക്ഷൻ പി.എസ്. ശ്രീധരൻപിള്ള പറഞ്ഞത്.
ലോക്സഭാ തെരഞ്ഞെടുപ്പില്‍ സഖ്യകക്ഷിയായ ബിഡിജെഎസിന് നാല് സീറ്റ് മാത്രം നല്കിയാല് മതിയെന്ന് ബിജെപി നേതൃത്വം തീരുമാനിച്ചു.
അതിനിശിതമായ വിമര്‍ശനമാണ് യോഗത്തിനെത്തിയ ബിജെപി നേതാക്കള്‍ ബിഡിജെഎസിന് നേരെ ഉയര്‍ത്തിയത്. ആകെയുള്ള 20 ലോക്സഭാ സീറ്റില്‍ എട്ടെണ്ണം ചോദിച്ച ബിഡിജെഎസിന നേതാക്കള്‍ രൂക്ഷമായ വിമര്‍ശിക്കുകയും പരിഹസിക്കുകയും ചെയ്തു. എട്ട് സീറ്റ് ചോദിച്ച ബിഡിജെഎസ് അധികപ്രസംഗമാണ് നടത്തുന്നതെന്നും ഇത്രയും സീറ്റില്‍ മത്സരിക്കാന്‍ ബിഡിജെഎസിന് സ്ഥാനാര്‍ഥികളുണ്ടോയെന്നും ബിജെപി നേതാക്കള്‍ ചോദിച്ചു.
ബിഡിജെഎസിന് സീറ്റ് നല്കിയ ശേഷമേ ബിജെപിയുടെ സീറ്റുകൾ തീരുമാനിക്കൂവെന്നും യോഗത്തില്‍ അഭിപ്രായമുയര്‍ന്നു. യോഗത്തില്‍ സംസാരിച്ച ബിജെപി സംസ്ഥാന അധ്യക്ഷന്‍ പിഎസ് ശ്രീധരന്‍പിള്ള ആറ് സീറ്റെങ്കിലും ബിഡിജെഎസിന് നല്‍കേണ്ടി വരുമെന്ന് യോഗത്തില്‍ പറഞ്ഞപ്പോള്‍ ശക്തമായ പ്രതിഷേധമാണ് നേതാക്കളില്‍ നിന്നുണ്ടായത്.