കൃത്രിമം :ഫോക്സ്വാഗന് 100 കോടി പിഴ , ഇല്ലെങ്കിൽ എം ഡി യെ അറസ്റ്റ് ചെയ്യും
ന്യൂഡല്‍ഹി: മലിനീകരണ നിയന്ത്രണ പരിശോധന മറികടക്കാന്‍ കൃത്രിമം കാട്ടിയ ജര്‍മന്‍ കാര്‍ നിര്‍മ്മാതാക്കളായ ഫോക്സ്വാഗന് വന്‍ തുക പിഴ ഒടുക്കാന്‍ നിര്‍ദേശം. 100 കോടി രൂപ പിഴ അടയ്ക്കാനാണ് ദേശീയ ഹരിത ട്രൈബ്യുണലിന്റെ ഉത്തരവ്. വെള്ളിയാഴ്ച വൈകുന്നേരം അഞ്ചിന് മുന്‍പ് പിഴ അടയ്ക്കണമെന്നും അല്ലാത്ത പക്ഷം ഇന്ത്യയിലെ എംഡിയെ അറസ്റ്റു ചെയ്യുമെന്നും എന്‍ജിടി ഉത്തരവിട്ടു. രാജ്യത്തെ ജനങ്ങളുടെ ആരോഗ്യത്തിനും പരിസ്ഥിതിക്കും ഭീഷണിയുയര്‍ത്തി ഫോക്സ്വാഗന് കാറുകള്‍ വിറ്റെന്ന കണ്ടെത്തലിനെ തുടര്‍ന്നാണ് നടപടി.
2015ലാണ് ഫോക്സ്വാഗന് പ്രതിയായ ഡീസല്‍ഗേറ്റ് വിവാദം പൊട്ടിപുറപ്പെട്ടത്. മലിനീകരണ നിയന്ത്രണ പരിശോധന മറികടക്കാന്‍ ഫോക്സ്വാഗന് കൃത്രിമം കാണിച്ചെന്നാണ് ആരോപണം. അനുവദനീയമായ അളവിലും കൂടുതല്‍ നൈട്രജന്‍ ഓക്സൈഡ് പുറന്തള്ളുന്ന കാറുകളെ സോഫ്റ്റ്വെയര് ഉപയോഗിച്ച് പരിശോധന വിജയിപ്പിക്കുകയായിരുന്നു.