മുന്‍ നക്‌സലൈറ്റ് നേതാവ് എ.ഡി സഹദേവന്‍ അന്തരിച്ചു.
തൃശൂർ : മുന്‍ നക്‌സലൈറ്റ് നേതാവ് എ.ഡി സഹദേവന്‍ അന്തരിച്ചു. തൃശ്ശൂര്‍ മെഡിക്കല്‍ കോളജ് ആശുപത്രിയിൽ വെച്ചായിരുന്നു അന്ത്യം. തൃശ്ശൂര്‍ ജില്ലയില്‍ സിപിഐ എംഎല്‍ പ്രസ്ഥാനം കെട്ടിപ്പടുക്കാന്‍ മുന്നണിയില്‍ പ്രവര്‍ത്തിച്ചയാളാണ് സഹദേവന്‍. തൃശ്ശൂര്‍ ജില്ലയിലെ ആദ്യ കമ്മറ്റിയിലെ അംഗമായിരുന്നു.
അടിയന്തിരാവസ്ഥക്കാലത്ത് ജയില്‍വാസമനുഷ്ഠിച്ചിട്ടുണ്ട്. അക്കാലത്ത് വിയ്യൂര്‍ ജയിലില്‍ വെച്ച് രൂപീകരിച്ച പാര്‍ട്ടി കമ്മറ്റിയില്‍ അംഗമായിരുന്നു. കമ്മ്യൂണിസ്റ്റ് നേതാവായ പിസി ഉണ്ണിച്ചെക്കന്‍ അടക്കമുള്ളവര്‍ ഈ കമ്മറ്റിയിലുണ്ടായിരുന്നു. അടിയന്തരാവസ്ഥാ തടവുകാരുടെ ഏകോപന സമിതിയുമായി ബന്ധപ്പെട്ട് സജീവമായി പ്രവര്‍ത്തിച്ചിരുന്നു.
പില്‍ക്കാലത്ത് പാര്‍ട്ടിയില്‍ നിന്ന് അകലുകയും സിഐടിയുവില്‍ ചുമട്ടു തൊഴിലാളിയാകുകയും ചെയ്തു. പിന്നീട് ജോസ് ചിറമ്മലിന്റെ നാടകപ്രവര്‍ത്തനങ്ങളുമായി ഇദ്ദേഹം സഹകരിക്കുകയുണ്ടായി. 1983-ല്‍ ജോസ് ചിറമ്മലിന്റെ നേതൃത്വത്തില്‍ കാട്ടൂരില്‍ നടന്ന അഞ്ചു മാസത്തെ നാടകക്യാമ്ബിന്റെ മുഖ്യസംഘാടകനായിരുന്നു. മുപ്പതോളം വര്‍ഷത്തിനു ശേഷം 2014-ല്‍ കാട്ടൂര്‍ ക്യാമ്ബിന്റെ സ്മരണ പുതുക്കാനായി കാട്ടൂരില്‍ നടന്ന ഒത്തുചേരലിന്റെയും മുഖ്യസംഘാടകനും ഇദ്ദേഹമായിരുന്നു.