മമ്മിയൂര്‍ മഹാദേവക്ഷേത്രത്തിലെ മഹാരുദ്രയജ്ഞത്തിന് തുടക്കമായി.
ഗുരുവായൂര്‍: മമ്മിയൂര്‍ മഹാദേവക്ഷേത്രത്തിലെ 11-ദിവസം നീണ്ടുനില്‍ക്കുന്ന മഹാരുദ്രയജ്ഞത്തിന്, മന്ത്രമുഖരിതമായ അന്തരീക്ഷത്തില്‍ യജ്ഞശാലയില്‍ അഗ്നിപകര്‍ന്നതോടുകൂടി തുടക്കമായി. 11-വെള്ളികലശങ്ങളില്‍നിറച്ച ശ്രേഷ്ഠ ദ്രവ്യങ്ങള്‍ ശ്രീരുദ്രമന്ത്രം ജപിച്ച ചൈതന്യമാക്കിയ ശേഷം, ബ്രഹ്മശ്രി ചേന്നാസ് ശ്രീകാന്ത് നമ്പൂതിരിപ്പാട് രാവിലെ മഹാദേവന് അഭിഷേകം ചെയ്തു.
യജ്ഞശാലയില്‍ നടന്ന ശ്രീരുദ്ര മന്ത്രജപത്തിന് കണ്ണമംഗലം വാസുദേവന്‍ നമ്പൂതിരി, കടവത്ത് ഉള്ളനൂര്‍ ജാനവേദന്‍ നമ്പൂതിരി, കീഴേടം രാമന്‍ നമ്പൂതിരി, കീഴേടം സുദേവന്‍ നമ്പൂതിരി, മൂത്തേടം ഗോവിന്ദന്‍ നമ്പൂതിരി, കൊടയ്ക്കാടന്‍ ഗോവിന്ദന്‍ നമ്പൂതിരി, വേങ്ങേരി പത്മനാഭന്‍ നമ്പൂതിരി, കക്കാട് വാസുദേവന്‍ നമ്പൂതിരി, കാരക്കാട് നാരായണന്‍ നമ്പൂതിരി, മുന്നൂലം ഹരിനമ്പൂതിരി, തോട്ടുപുറം കണ്ണന്‍ നമ്പൂതിരി തുടങ്ങിയവര്‍ നേതൃത്വം നല്‍കി. മഹാരുദ്രയജ്ഞത്തോടനുബന്ധിച്ച് ക്ഷേത്രം നടരാജമണ്ഡപത്തില്‍ നടന്ന സാംസ്‌ക്കാരിക പരിപാടി ക്ഷേത്രം മേല്‍ശാന്തി ശ്രീരുദ്രന്‍ നമ്പൂതിരി നിലവിളക്ക് കൊളുത്തി ഉദ്ഘാടനം ചെയ്തു.
തുടര്‍ന്ന് ഗുരുവായൂര്‍ ശശി മാരാരുടെ കേളി, എല്‍. ഗിരീഷ്‌കുമാറിന്റെ ഭക്തിപ്രഭാഷണം, കലാമണ്ഡലം ഈശ്വരനുണ്ണിയുടെ പാഠകം എന്നിവയും, വൈകീട്ട് ഗുരുവായൂര്‍ മുരളിയുടെ നാദസ്വര കച്ചേരി, കല്‍പ്പാത്തി ബാലകൃഷ്ണന്റെ തായമ്പകഎന്നിവയും അരങ്ങേറി. ചടങ്ങില്‍ നൂറുകണക്കിന് ഭക്തജനങ്ങളും, ട്രസ്റ്റി ബോര്‍ഡ് അംഗങ്ങളും പങ്കെടുത്തു. നാഗകാവില്‍ നടക്കുന്ന നാഗപാട്ടിനും, നാവോര്‍പാട്ടിനും വന്‍ ഭക്തജനതിരക്ക് അനുഭവപ്പെട്ടു. മഹാരുദ്രയജ്ഞം രണ്ടാംദിവസമായ ഇന്ന് താന്ത്രിക ചടങ്ങുകള്‍ക്ക് പുറമെ, നടരാജമണ്ഡപത്തില്‍ ഭക്തിപ്രഭാഷണം, പാഠകം എന്നിവയും, വൈകീട്ട് സുചിത്രി വിശ്വേശ്വരന്റെ മോഹിനിയാട്ടം നൃത്തശില്‍പ്പവും ഉണ്ടായിരിയ്ക്കും.