കടലിനെ വരുതിയിലാക്കിയ രേഖയ്ക്ക് വനിതാ കമ്മീഷന്‍റെ അഭിനന്ദനം
ചാവക്കാട് : ആഴക്കടല്‍ പെണ്ണിനും കൂടി അവകാശപ്പെട്ടതാണെന്ന് തെളിയിച്ച് പുറംകടല്‍ മത്സ്യബന്ധനത്തിന്ഇന്ത്യയില്‍ തന്നെ ആദ്യമായി ലൈസന്‍സ് നേടിയ വനിതാ മത്സ്യത്തൊഴിലാളി തൃശൂര്‍ സ്വദേശിനി കെ.സി.രേഖയെ കേരള വനിതാ കമ്മീഷന്‍ സന്ദര്‍ശിച്ചു. കമ്മീഷന്‍ അധ്യക്ഷ എം.സി.ജോസഫെയ്നും അംഗം ഷിജി ശിവജിയും ചേറ്റുവ കടപ്പുറത്തെ വീട്ടില്‍ എത്തി രേഖയെയും കുടുംബാംഗങ്ങളെയും അഭിനന്ദിച്ചു.
രേഖക്കും കുടുംബത്തിനും മാനസികമായ പിന്തുണ നല്‍കിയതോടൊപ്പം അവരുടെ ആത്മവിശ്വാസവും
അതിജീവനവും മറ്റ് സ്ത്രീകള്‍ക്ക് മാതൃകയാണെന്ന് കമ്മീഷന്‍ അധ്യക്ഷ പറഞ്ഞു. എല്ലാ
രൗദ്രഭാവങ്ങളുമുള്ള കടലിനോട് മല്ലടിച്ച് ജീവിക്കുന്ന രേഖയെ പോലുള്ളവര്‍ നാടിന് മാതൃകയാണെന്നും
എം.സി.ജോസഫെയ്ന്‍ പറഞ്ഞു. കടലിനോട് ചേര്‍ന്നാണ് രേഖയുടെ വീടും ജീവിതവും. പെണ്ണിനെ
പരിഹസിക്കുന്നതിനെതിരെയുള്ള പോരാട്ടങ്ങളിലൂടെയാണ് രേഖയുടെ അതിജീവനം.
നാല് പെണ്‍കുട്ടികളുടെ അമ്മയായതിനും ഭര്‍ത്താവിനോടൊപ്പം കടലില്‍ പോയതിനും പരിഹസിക്കപ്പെട്ടിട്ടും അതൊന്നും വകവെക്കാതെ കടലിനോട് പൊരുതി കൈ നിറയെ മീനുമായി വരുന്ന രേഖയുടെ ജീവിതം പുതുതലമുറക്ക് അനുകരണീയമാണ്. ഈ മേഖലയില്‍ കൂടുതല്‍ സ്ത്രീകള്‍ കടന്നുവരാന്‍ രേഖയുടെ ജീവിതം വഴികാട്ടിയാവുമെന്നും കമ്മീഷന്‍ അഭിപ്രായപ്പെട്ടു.