നീണ്ട കാത്തിരിപ്പിന് വിരാമം , കുന്നംകുളം നഗരസഭയുടെ ബസ്റ്റാന്റ് സമുച്ചയം യാഥാർത്ഥ്യമാകുന്നു.
കുന്നംകുളം : നീണ്ടകാലത്തെ കാത്തിരിപ്പിന് വിരാമമിട്ട് കുന്നംകുളം നഗരസഭയുടെ സ്വപ്ന പദ്ധതിയായ ബസ്റ്റാന്റ് സമുച്ചയം യാഥാർത്ഥ്യമാകുന്നു. നഗരസഭ ഭരണത്തിന്റെ മൂന്നാം വാർഷിക ദിനമായ നവംബർ 12 ന് രാവിലെ 11 ന് തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി എ സി മൊയ്തീൻ ബസ് സ്റ്റാൻഡ് സമുച്ചയത്തിന്റെ നിർമാണോദ്ഘാടനം നിർവഹിക്കും.
നിർമാണത്തിലിരുന്ന പ്രവേശന കവാടത്തിലെ ഒരു ഭാഗം പൊളിച്ചുനീക്കി എ.സി മൊയ്തീൻ അനുവദിച്ച 4. 35 കോടി വിനിയോഗിച്ച് ആധുനിക രീതിയിൽ പ്രവേശന കവാടം നിർമിക്കുന്നത്. നിർമാണ ചുമതലയുളള ഊരാളുങ്കൽ ലേബർ കോൺട്രാക്റ്റ് സൊസൈറ്റി നടത്തിയ പരിശോധനയിൽ ബലക്കുറവ് കണ്ടെത്തിയതിനെ തുടർന്നാണ് കെട്ടിടം പൊളിച്ചുനീക്കാൻ തീരുമാനമായത്. 13.5 കോടി രൂപയാണ് നിർമാണത്തിനായി പ്രതീക്ഷിക്കുന്നത്. ബസ്റ്റാന്റ് നിർമാണത്തിന് വേണ്ടി വരുന്ന ബാക്കി തുക കുന്നംകുളം അർബൻ കോ ഓപ്പറേറ്റീവ് ബാങ്ക് വായ്പയായി അനുവദിക്കും. ഇതിനായി സർക്കാർ അനുമതിയും ലഭ്യമായിട്ടുണ്ട്. മുപ്പതിനായിരം ചതുരശ്രയടി വിസ്തീർണമുള്ള ഷോപ്പിംഗ് കോംപ്ലക്‌സും, അനുബന്ധമായി ആധുനിക രീതിയിലുള്ള ബസ് ടെർമിനലുമാണ് നിർമിക്കുന്നത്.
സംഘാടക സമിതി രൂപീകരണ യോഗം നഗരസഭ കോൺഫറൻസ്ഹാളിൽ ചെയർപേഴ്‌സൺ സീത രവീന്ദ്രൻ ഉദ്ഘാടനം ചെയ്തു. വൈസ് ചെയർമാൻ പി എം സുരേഷ് അധ്യക്ഷത വഹിച്ചു. തഹസിൽദാർ ടി ബ്രീജാകുമാരി, സ്ഥിരം സമിതി അധ്യക്ഷൻമാരായ ഗീത ശശി, സുമ ഗംഗാധരൻ, കെ കെ മുരളി,അസി എക്‌സി എഞ്ചിനീയർ ബിനയ് ബോസ്, സി വി ബേബി, സി ജി രഘുനാഥ്, കെ എസ് രാജേഷ്, കെ പി സാക്‌സൺ, കെ എ സോമൻ ഷാജി ആലിക്കൽ നഗരസഭ സെക്രട്ടറി കെ കെ മനോജ് എന്നിവർ സംസാരിച്ചു. ഭാരവാഹികളായി മന്ത്രി എ സി മൊയ്തീൻ, പി കെ ബിജു എം. പി, വി കെ ശ്രീരാമൻ എന്നിവർ രക്ഷാധികാരികളായും നഗരസഭ ചെയർപേഴ്‌സൺ സീത രവീന്ദ്രൻ ചെയർമാൻ
പി എം സുരേഷ് ട്രഷറർ എന്നിവരെ തിരഞ്ഞെടുത്തു.