Above Pot

പ്രളയം : ജില്ലയില്‍ ജനകീയ സംവിധാനത്തോടെ വീട് പുനര്‍നിര്‍മ്മാണം നടത്തുമെന്ന് മന്ത്രിമാര്‍

തൃശൂർ : പ്രളയക്കെടുതിയില്‍ ഏറെ നാശനഷ്ടങ്ങള്‍ സംഭവിച്ച ജില്ലയുടെ പുനര്‍ നിര്‍മ്മാണത്തിന് സമൂഹത്തിലെ വിവിധ ആളുകളില്‍ നിന്ന് ഫണ്ടുകള്‍, മറ്റ് വിഭവ സമാഹരണം എന്നിവ ശേഖരിച്ച് വീടുകള്‍ നഷ്ടപ്പെട്ടവര്‍ക്ക് വീടുകള്‍ നിര്‍മ്മിച്ചു നല്‍കുമെന്ന് പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി പ്രൊഫ. സി.രവീന്ദ്രനാഥ്, കൃഷിവകുപ്പ് മന്ത്രി അഡ്വ. വി.എസ്. സുനില്‍കുമാര്‍ എന്നിവര്‍ അറിയിച്ചു. ജില്ലാ കളക്ടര്‍ ടി.വി. അനുപമയുടെ അധ്യക്ഷതയില്‍ കളക്ടറേറ്റില്‍ വ്യവസായികള്‍, സന്നദ്ധ സംഘടനകള്‍, വ്യക്തികള്‍ എന്നിവരുമായി നടന്ന പ്രളയത്തില്‍ വീട് നഷ്ടപ്പെട്ടവരുടെ പുനര്‍നിര്‍മ്മാണ അവലോകന യോഗത്തിലാണ് മന്ത്രിമാര്‍ ആശയം വ്യക്തമാക്കിയത്.

First Paragraph  728-90

പ്രളയത്തെ തുടര്‍ന്ന് ജില്ലയില്‍ 3607 വീടുകളാണ് പൂര്‍ണമായും തകര്‍ന്നത്. 324 എണ്ണം 75 ശതമാനവും തകര്‍ന്നു. പതിനായിരത്തോളം വീടുകള്‍ക്ക് ഭാഗികമായി കേടുപാടുകള്‍ സംഭവിച്ചു. ഇപ്പോഴും വീടുകള്‍ നഷ്ടപ്പെട്ടവര്‍ ദുരിതാശ്വാസ ക്യാമ്പുകളിലാണ്. ഇവരെ പുനരധിവസിപ്പിക്കാന്‍ സമൂഹത്തിലെ എല്ലാത്തട്ടിലുള്ളവരും തയ്യാറാകണമെന്നും മന്ത്രിമാര്‍ യോഗത്തില്‍ ആവശ്യപ്പെട്ടു. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ഇതുവരെ ജില്ലയില്‍ നിന്ന് 25 കോടി രൂപ സ്വരൂപിക്കാന്‍ സാധിച്ചു. എന്നാല്‍ ജില്ലയ്ക്കുണ്ടായ നഷ്ടങ്ങളുടെ കണക്കെടുത്താല്‍ എത്രയോ തുക ഇനിയും ആവശ്യമുണ്ട്. ഈ സാഹചര്യത്തിലാണ് വീടുകള്‍ പൂര്‍ണമായും നഷ്ടപ്പെട്ടവര്‍ക്ക് അത് നിര്‍മ്മിച്ചു നല്‍കാന്‍ സംസ്ഥാന സര്‍ക്കാര്‍, ജില്ലാ ഭരണകൂടത്തിന്‍റെ നേതൃത്വത്തില്‍ തയ്യാറാവുന്നതെന്നും മന്ത്രിമാര്‍ വ്യക്തമാക്കി.

Second Paragraph (saravana bhavan

ഇതിന്‍റെ അടിസ്ഥാനത്തില്‍ പ്രളയം ഏറെ ബാധിച്ച ഭാഗങ്ങളില്‍ നാനൂറും അതിലധികവും സ്ക്വയര്‍ ഫീറ്റ് വരെ വിസ്തൃതിയുള്ള വീടുകള്‍ മികച്ച രൂപകല്പനയില്‍ നിര്‍മ്മിക്കും. ഇതിനായി സ്പോണ്‍സര്‍മാരുടെ സഹായവും തേടും. വീടുകള്‍ നിര്‍മ്മിക്കാന്‍ ഉദ്ദേശിക്കുന്ന സന്നദ്ധ പ്രവര്‍ത്തകര്‍ക്ക് സാധന സാമഗ്രികള്‍ എത്തിക്കാന്‍ കഴിയാത്ത സാഹചര്യമുണ്ടെങ്കില്‍ അവര്‍ക്ക് റോഡ്, വാഹന സൗകര്യങ്ങള്‍ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ നേതൃത്വത്തില്‍ ഒരുക്കികൊടുക്കും. വീടുനിര്‍മ്മിക്കാനുള്ള സ്ഥലം നല്‍കേണ്ടവര്‍, സാധന സാമഗ്രികള്‍ നല്‍കാന്‍ തയ്യാറുള്ളവര്‍, ഫ്ളാറ്റുകള്‍ നിര്‍മ്മിച്ചു നല്‍കാന്‍ തയ്യാറുള്ളവര്‍, ഫര്‍ണീച്ചറുകള്‍ നല്‍കാന്‍ താത്പര്യമുള്ളവര്‍ എന്നിവര്‍ക്ക് ജി.എസ്.ടി നികുതിയില്‍ ആനുകൂല്യം നല്‍കാനും സര്‍ക്കാര്‍ തലത്തില്‍ കൂടിയാലോചന നടത്തും. ഫണ്ടുകളും മറ്റ് വിഭവങ്ങളും ശേഖരിക്കുന്നതിന്‍റെ ഭാഗമായി ജില്ലയിലെ സാംസ്കാരിക പ്രവര്‍ത്തകര്‍, കലാകാരډാര്‍ എന്നിവരുടെ കൂട്ടായ്മയില്‍ കലാ, സാംസ്കാരിക പരിപാടികള്‍ സംഘടിപ്പിക്കും. പ്രളയവുമായി ബന്ധപ്പെട്ടുള്ള കഥ, കവിത പുസ്തകം അച്ചടിച്ച് വീടുകള്‍ തോറും എത്തിച്ചും ഫണ്ടുകള്‍ ശേഖരിക്കും.

നിലവില്‍ വീടു തകര്‍ന്നവര്‍ക്കു നല്‍കാനായി ജില്ലയില്‍ 10 വീടുകള്‍ നിര്‍മ്മിച്ചു വരുന്നുണ്ട്. 30 വീടുകളുടെ നിര്‍മ്മാണവും ഈ മാസത്തില്‍ തന്നെ തുടങ്ങാനാവുമെന്ന് ജില്ലാ കളക്ടര്‍ ടി.വി. അനുപമ അറിയിച്ചു. thrissur.gov.in, thrissur.nic.in എന്ന വെബ്സൈറ്റില്‍ ഗ്രാമപഞ്ചായത്തു തലത്തില്‍ തകര്‍ന്ന വീടുകളുടെ വിവരം ലഭ്യമാക്കും. വീടു നിര്‍മ്മിച്ചു നല്‍കാന്‍ താല്‍പര്യമുളളവര്‍ ഒരാഴ്ചയ്ക്കകം അറിയിക്കണം. വീട് പുനര്‍ നിര്‍മ്മാണ പ്രവര്‍ത്തനങ്ങളില്‍ പങ്കാളികളാവാന്‍ താത്പര്യമുള്ളവര്‍ക്ക് കൂടുതല്‍ വിവരങ്ങള്‍ അറിയാന്‍ 8848564647 എന്ന നമ്പറില്‍ ഡെപ്യൂട്ടി കളക്ടര്‍ എം.ബി. ഗിരീഷിന്‍റെ നിര്‍ദ്ദേശവും തേടാവുന്നതാണ്. തുടര്‍ന്ന് അവര്‍ക്കുള്ള നിര്‍ദ്ദേശങ്ങള്‍, പ്രവര്‍ത്തനങ്ങളുടെ ക്രോഡീകരണം എന്നിവ ജില്ലാഭരണകൂടം നേരിട്ടുതന്നെ നടത്തുമെന്നും കളക്ടര്‍ വ്യക്തമാക്കി. യോഗത്തില്‍ മേയര്‍ അജിത ജയരാജന്‍, ജില്ലാപഞ്ചായത്ത് പ്രസിഡണ്ട് മേരി തോമസ്, ഡെപ്യൂട്ടി കളക്ടര്‍ എം.ബി. ഗിരീഷ്, വിവിധ മേഖലകളിലുള്ളവര്‍, ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.