
പാകിസ്ഥാൻ യാത്രാ വിമാനങ്ങളെ കവചമാക്കി

ന്യൂഡൽഹി: മെയ് 8നു രാത്രിയും 9നു പുലർച്ചെയും പാകിസ്ഥാൻ സൈന്യം ഇന്ത്യയെ ലക്ഷ്യമിട്ട് ആക്രമണങ്ങൾ നടത്തിയെന്നു സ്ഥിരീകരിച്ച് ഇന്ത്യ. പാകിസ്ഥാൻ സൈന്യം പടിഞ്ഞാറൻ അതിർത്തിയിലുടനീളം ഇന്തൻ വ്യോമാതിർത്തി ലംഘിച്ച് പലതവണ ആക്രമണം നടത്തിയതായി വിദേശകാര്യ മന്ത്രാലയം വാർത്താസമ്മേളനത്തിൽ വ്യക്തമാക്കി.

ഇന്ത്യയുടെ സൈനിക കേന്ദ്രങ്ങൾ ലക്ഷ്യമിട്ടാണ് പാകിസ്ഥാൻ ആക്രമണം നടത്തിയത്. നിയന്ത്രണ രേഖയിലും ആക്രമണമുണ്ടായി. 36 ഇടങ്ങളിൽ 500 വരെ ഡ്രോണുകൾ ഉപയോഗിച്ചാണ് പാക് ആക്രമണ ശ്രമമുണ്ടായത്. ഇതിൽ 400 ഡ്രോണുകൾ ഇന്ത്യ വെടിവച്ചിട്ടു. ഇന്ത്യൻ സൈന്യം കൈനറ്റിക്, നോൺ കൈനറ്റിക് മാധ്യമങ്ങളിലൂടെയാണ് ഈ ഡ്രോണുകളിൽ ഭൂരിഭാഗവും തകർത്തത്. ഇന്ത്യയുടെ വ്യോമ പ്രതിരോധ സംവിധാനത്തിന്റെ ശക്തി പരീക്ഷിച്ചറിയാനും ഇന്റലിജൻസ് വിവരങ്ങൾ ചോർത്താനും ലക്ഷ്യമിട്ടാണ് ആക്രമണമെന്നു കരുതുന്നതായും വിദേശകാര്യ മന്ത്രാലയം പറഞ്ഞു.
പാകിസ്ഥാൻ ഇന്ത്യയിലെ നാല് വ്യോമ കേന്ദ്രങ്ങളാണു ലക്ഷ്യമിട്ടത്. ഇതെല്ലാം വിഫലമാക്കാൻ ഇന്ത്യക്കായെന്നു സൈന്യം സ്ഥിരീകരിച്ചു. നിയന്ത്രണ രേഖയിൽ മോർട്ടാറുകളും ഹെലി കാലിബർ ആർട്ടിലറികളും ഉപയോഗിച്ചാണ് പാക് ആക്രമണം. ആക്രമണത്തിനു തുർക്കി നിർമിത ഡ്രോണുകൾ ഉപയോഗിച്ചു. ഇതിന്റെ അവശിഷ്ടങ്ങൾ ഭട്ടിൻഡയിൽ നിന്നു കിട്ടി. പാകിസ്ഥാൻ ഭട്ടിൻഡ സൈനിക കേന്ദ്രം ലക്ഷ്യമിട്ടു. ഇന്ത്യയുടെ തിരിച്ചടിയിൽ പാകിസ്ഥാൻ സൈന്യത്തിനു നാശനഷ്ടമുണ്ടായി. ഇന്ത്യയുടെ വ്യോമ പ്രതിരോധ സംവിധാനം ഡ്രോണുകൾ തകർത്തതായും സൈന്യം വ്യക്തമാക്കി.

പാക് ആക്രമണത്തിൽ രണ്ട് വിദ്യാർഥികൾ മരിച്ചു. ജമ്മു കശ്മീരിലെ പൂഞ്ചിലുള്ള ക്രൈസ്റ്റ് സ്കൂളിനു സമീപത്ത് പാകിസ്ഥാൻ നടത്തിയ ഷെൽ ആക്രമണത്തിലാണ് വിദ്യാർഥികൾ മരിച്ചത്. സ്കൂൾ അടച്ചതിനാൽ വലിയ അപകടമാണ് ഒഴിവായത്.
യാത്രാ വിമാനങ്ങളെ കവചമാക്കിയാണ് പാകിസ്ഥാൻ ആക്രമണം നടത്തിയത്. ആക്രമണ സമയത്ത് യാത്രാ വിമാനങ്ങൾക്കു വ്യോമപാത തുറന്നു കൊടുത്തു. ഈ സമയത്ത് ദമാമിൽ നിന്നു ലാഹോറിലേക്ക് വിമാനമെത്തി. ഇന്ത്യ തിരിച്ചടിക്കുമ്പോൾ അതു സിവിൽ വിമാനങ്ങൾക്കു നേരെയാകാൻ വേണ്ടിയുള്ള ഗൂഢാലോചനയാണ് പാകിസ്ഥാൻ നടത്തിയത്. പാക് നീക്കം തിരിച്ചറിഞ്ഞാണ് ഇന്ത്യ പക്ഷേ തിരിച്ചടിച്ചത്.
ആക്രമണത്തിനു പിന്നാലെ പാകിസ്ഥാൻ പതിവു പോലെ ലോകത്തെ വഞ്ചിക്കാനുള്ള നുണകൾ പടച്ചുവിടുകയാണ്. ജനങ്ങൾക്കിടയിൽ മത സ്പർധ വളർത്താനുള്ള ശ്രമമാണ് അവർ ഇപ്പോഴും നടത്തുന്നത്. പൂഞ്ചിലെ ഗുരദ്വാര ഷെല്ലാക്രമണത്തിൽ തകർത്തിരുന്നു. എന്നാൽ ഗുരുദ്വാര ഇന്ത്യയാണ് ആക്രമിച്ചതെന്നു വ്യാജ പ്രചാരണം നടത്താനാണ് പാകിസ്ഥാൻ ശ്രമിക്കുന്നത്. ക്രിസ്ത്യൻ ദേവാലയം, സ്കൂൾ എന്നിവയും ആക്രമിച്ചു. എല്ലാ മര്യാദകളും ലംഘിച്ചാണ് പാകിസ്ഥാൻ മുന്നോട്ടു പോകുന്നത്.
പാകിസ്ഥാന്റെ ഏരിയൽ റഡാർ തകർത്തു. പാക് സൈന്യത്തിനു കനത്ത നാശമുണ്ടാക്കാൻ ഇന്ത്യക്കായി. വിദേശകാര്യ സെക്രട്ടറി വിക്രം മിശ്രി, വിങ് കമാൻഡർ വ്യോമിക സിങ്, കേണൽ സോഫിയ ഖുറേഷി എന്നിവർ വാർത്താസമ്മേളനത്തിൽ പങ്കെടുത്തു