Madhavam header
Above Pot

അമ്പത് ശതമാനം വനിതാസംവരണം എല്ലാ കോടതികളിലും വരണം : ചീഫ് ജസ്റ്റിസ് എൻ വി രമണ

ദില്ലി: വനിതകൾക്ക് 50 ശതമാനം സംവരണം അവകാശമാണെന്നും സുപ്രീം കോടതിയിലും മറ്റ് കോടതികളിലും ഈ ലക്ഷ്യം കൈവരിക്കാനാകണമെന്നും സുപ്രീംകോടതി ചീഫ് ജസ്റ്റിസ് എൻ വി രമണ. ആ നേട്ടം കൈവരിക്കുന്ന ദിവസം ഇവിടെ ഇല്ലെങ്കിലും താൻ സന്തോഷവാനായിരിക്കുമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

കീഴ്ക്കോടതിയിൽ നാല്പത് ശതമാനത്തിൽ താഴെയാണ് വനിത ജഡ്ജിമാരുടെ എണ്ണം. ഹൈക്കോടതിയിലും സുപ്രീം കോടതിയിലും ഇത് 11 ശതമാനത്തിൽ താഴെയാണ്. രാജ്യത്തെ ലോ സ്കൂളുകളിലെ വനിതാസംവരണത്തെ ശക്തമായി പിന്തുണയ്ക്കുന്നു. കൂടുതൽ സ്ത്രീകൾ നിയമരംഗത്തേക്ക് കടന്നു വരുമെന്നും 50% കൈവരിക്കാനാകും എന്നും പ്രതീക്ഷിക്കുന്നതായും ചീഫ് ജസ്റ്റിസ് പറഞ്ഞു.

Astrologer

സുപ്രീം കോടതി ജഡ്ജിമാരെ ആദരിക്കുന്നതിനായി വനിതാ അഭിഭാഷകർ സംഘടിപ്പിച്ച പരിപാടിയിലാണ് എൻ വി രമണയുടെ പ്രതികരണം. ദസറ അവധിക്കുശേഷം നേരിട്ട് വാദം കേൾക്കുന്നത് ആരംഭിക്കാമെന്ന് പ്രതീക്ഷിക്കുന്നു. കോടതികൾ തുറക്കുന്നതിൽ തനിക്ക് പ്രശ്നമില്ല. പലകാരണങ്ങൾകൊണ്ടും മുതിർന്ന ജഡ്ജിമാർ ഉൾപ്പെടെയുള്ളവർക്ക് കോടതിയിൽ നേരിട്ട് എത്തുന്നതിൽ താൽപര്യമില്ല. ജഡ്ജിമാർക്ക് ഇക്കാര്യത്തിൽ പ്രശ്നങ്ങളില്ല. പ്രശ്നം ഉള്ളത് അഭിഭാഷകർക്കും ക്ലർക്ക്മാർക്കുമാണ് എന്നും ചീഫ് ജസ്റ്റിസ് പറഞ്ഞു.

പെൺമക്കളുടെ ദിനത്തിൽ എല്ലാവർക്കും ചീഫ് ജസ്റ്റിസ് ആശംസകൾ നേർന്നു. അമേരിക്കൻ ആഘോഷം ആണെങ്കിലും ലോകത്തെ ചില നല്ല കാര്യങ്ങളും ആഘോഷിക്കാറുണ്ടല്ലോയെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു

Vadasheri Footer