Madhavam header
Above Pot

242 കോടി രൂപയുടെ വായ്പ തട്ടിപ്പ്, അറ്റ്‌ലസ് ജ്വല്ലറികളിലും ഓഫീസുകളിലും എൻഫോഴ്സ്മെന്റ് വിഭാഗം റെയ്ഡ്,

കൊച്ചി : അറ്റ്‌ലസ് ജ്വല്ലറികളിലും ഓഫീസുകളിലും എൻഫോഴ്സ്മെന്റ് വിഭാഗം റെയ്ഡ് നടത്തി. അറ്റ്‌ലസ് രാമചന്ദ്രനെതിരെ രജിസ്റ്റർ ചെയ്ത സാമ്പത്തിക തട്ടിപ്പ് കേസിന്റെ ഭാഗമായാണ് റെയ്ഡ് നടത്തിയത്. അറ്റ്‌ലസിന്റെ മുംബൈ, ബെംഗളൂരു, ദില്ലി എന്നിവിടങ്ങളിലെ ജ്വല്ലറികളിലും ഓഫീസുകളിലുമാണ് പരിശോധന നടന്നത്. 26.50 കോടി രൂപയുടെ സ്വർണവും സ്ഥിര നിക്ഷേപ രേഖകളും അന്വേഷണ സംഘം പിടിച്ചെടുത്തു.

Astrologer

തൃശ്ശൂർ പൊലീസാണ് അറ്റ്‌ലസ് രാമചന്ദ്രനെതിരെ സാമ്പത്തിക തട്ടിപ്പുമായി ബന്ധപ്പെട്ട് കേസെടുത്തത്. വ്യാജരേഖകളുണ്ടാക്കി സൗത്ത് ഇന്ത്യൻ ബാങ്കിൽ നിന്ന് കോടികൾ തട്ടിയെടുത്തെന്നാണ് കേസ്. 242 കോടി രൂപയുടെ വായ്പയാണ് സൗത്ത് ഇന്ത്യൻ ബാങ്കിൽ നിന്ന് നേടിയത്. 2013-18 കാലത്താണ് ഈ സാമ്പത്തിക തട്ടിപ്പ് നടന്നത്. ഇതുമായി ബന്ധപ്പെട്ടാണ് അന്വേഷണം.

തൃശ്ശൂർ പൊലീസ് കേസ് രജിസ്റ്റർ ചെയ്തതിന്റെ അടിസ്ഥാനത്തിലാണ് എൻഫോഴ്സ്മെന്റ് വിഭാഗവും അന്വേഷണം തുടങ്ങിയത്. കള്ളപ്പണ നിരോധന നിയമപ്രകാരമാണ് ഇഡി കേസെടുത്ത് റെയ്ഡ് നടത്തിയത്. സ്ഥിര നിക്ഷേപ രേഖകൾ, പണം, സ്വർണം, വെള്ളി, ഡയമണ്ട് തുടങ്ങിയവയും പരിശോധനയിൽ പിടിച്ചെടുത്തിട്ടുണ്ട്. അറ്റ്‌ലസ് രാമചന്ദ്രനും ഇന്ദിര രാമചന്ദ്രനുമെതിരെയാണ് കേസ്. കള്ളപ്പണം വെളുപ്പിക്കാൻ ശ്രമിച്ചെന്ന കേസിലാണ് ഇഡി അന്വേഷണം.

സൗത്ത് ഇന്ത്യൻ ബാങ്കിൽ നിന്ന് 2013 മാർച്ച് 21 നും 2018 സെപ്തംബർ 26 നും ഇടയിൽ എടുത്ത 242.40 കോടി രൂപയുമായി ബന്ധപ്പെട്ടുള്ളതാണ് കേസ്. ഈ തുക അറ്റ്‌ലസ് രാമചന്ദ്രൻ തിരിച്ചടച്ചിരുന്നില്ല. എന്നാൽ അറ്റ്‌ലസ് ജ്വല്ലറി ഇന്ത്യ ലിമിറ്റഡ് എന്ന തന്റെ കമ്പനിയിൽ 100 കോടി രൂപയുടെ ഓഹരികൾ ഈ കാലയളവിൽ അറ്റ്‌ലസ് രാമചന്ദ്രൻ വാങ്ങിയതായി അന്വേഷണ സംഘം കണ്ടെത്തി. ദില്ലിയിൽ ഒരു സ്വകാര്യ ബാങ്കിൽ 14 കോടി രൂപയുടെ നിക്ഷേപം നടത്തിയിട്ടുണ്ടെന്നും ഇഡിയുടെ അന്വേഷണത്തിൽ വ്യക്തമായി.

ബാങ്കുകള്‍ക്ക് സെക്യൂരിറ്റിയായി നല്‍കിയ ചെക്കുകള്‍ മടങ്ങിയതിനെ തുടര്‍ന്ന് 2015ലാണ് അറ്റ്‍ലസ് രാമചന്ദ്രന് ദുബൈ കോടതി ശിക്ഷ വിധിച്ചത്. 2015 ഓഗസ്റ്റിലാണ് അറ്റ്‍ലസ് രാമചന്ദ്രൻ ദുബൈയിൽ ജയിലിലായത്. വായ്പ നൽകിയിരുന്ന 23 ബാങ്കുകൾ അദ്ദേഹത്തിനെതിരെ നിയമ നടപടി സ്വീകരിക്കുകയായിരുന്നു. തുടർന്ന് മൂന്ന് വർഷത്തോളം അദ്ദേഹത്തിന് ജയിലിൽ കിടക്കേണ്ടിവന്നു. രാമചന്ദ്രനെ പുറത്തിറക്കാൻ ബന്ധുക്കൾ പല ശ്രമങ്ങളും നടത്തി.

തിരികെ നൽകാനുള്ള പണത്തെ സംബന്ധിച്ച് ബാങ്കുകളുമായി നിലവിൽ ധാരണയിലെത്തിയതിനെ തുടർന്നാണ് പിന്നീട് ഇദ്ദേഹത്തെ പുറത്തിറക്കിയത്. കൂടാതെ 75 വയസ് കഴിഞ്ഞ പൗരൻമാർക്ക് ലഭിക്കുന്ന ശിക്ഷാ ഇളവും രാമചന്ദ്രന് തുണയായി. ബിസിനസ് രംഗത്ത് സജീവമാകാനുള്ള ശ്രമങ്ങൾ നടത്തുന്നതിനിടെയാണ് അദ്ദേഹത്തിനെതിരെ കേരളത്തിൽ സാമ്പത്തിക തട്ടിപ്പ് കേസ് രജിസ്റ്റർ ചെയ്തത്.

Vadasheri Footer