Madhavam header
Above Pot

” നിനക്ക് തന്തയില്ലാത്ത കൊച്ചിനെ ഉണ്ടാക്കി തരും” , പത്ത് എസ്‌എഫ്‌ഐ നേതാക്കള്‍ക്കെതിരെ പൊലീസ് കേസെടുത്തു

കോട്ടയം: എം ജി സര്‍വകലാശാലയിലെ എഐഎസ്‌എഫ് വനിതാ നേതാവിന്റെ പരാതിയില്‍ പത്ത് എസ്‌എഫ്‌ഐ നേതാക്കള്‍ക്കെതിരെ പൊലീസ് കേസെടുത്തു . ടോണി കുര്യാക്കോസ്, ഷിയാസ് ഇസ്മയില്‍, അര്‍ഷോം, ദീപക്, അമല്‍, പ്രജിത് കെ ബാബു, സുധിന്‍ എന്നിവര്‍ക്കെതിരെയാണ് ഗാന്ധിനഗര്‍ പൊലീസ് എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തത്. ഇവരെക്കൂടാതെ നേരിട്ട് അറിയാത്ത മൂന്നുപേര്‍ക്കെതിരെയും ഗാന്ധിനഗര്‍ പൊലീസ് എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തു.

Astrologer

വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടിയുടെ പേഴ്സണല്‍ സ്റ്റാഫ് അംഗം കെഎം അരുണിനെതിരെ പെണ്‍കുട്ടി പരാതിയില്‍ പരാമര്‍ശിച്ചിരുന്നു. ഇയാള്‍ക്കെതിരെ മൊഴിനല്‍കി എന്നായിരുന്നു പോലീസ് സ്റ്റേഷനില്‍ നിന്ന് പുറത്തു വന്ന ശേഷം പെണ്‍കുട്ടി മാധ്യമങ്ങളോട് പറഞ്ഞത്. എന്നാല്‍ പെണ്‍കുട്ടി അരുണിനെതിരെ മൊഴി നല്‍കിയിട്ടില്ല എന്നാണ് പോലീസ് നല്‍കുന്ന സൂചന. അതുകൊണ്ടാണ് അരുണിനെ പ്രതിപ്പട്ടികയില്‍ ഉള്‍പ്പെടുത്താത്തത് എന്നും പൊലീസ് പറയുന്നു. ‘മാറിടത്തില്‍ പിടിച്ചു, ജാതിപ്പേര് വിളിച്ച്‌ ആക്ഷേപിച്ചു, ബലാത്സംഗം ചെയ്യുമെന്ന് ഭീഷണിപ്പെടുത്തി’; എസ് എഫ് ഐ ക്കെതിരെ എ ഐ എസ് എഫ് വനിതാ നേതാവ്

സ്ത്രീത്വത്തെ അപമാനിച്ചു, സ്ത്രീയെ മര്‍ദ്ദിച്ചു, എന്നീ കുറ്റങ്ങളും പട്ടികജാതി പട്ടികവര്‍ഗ്ഗ അതിക്രമ നിരോധന നിയമപ്രകാരവും പ്രതികള്‍ക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. എന്നാല്‍ കേസില്‍ അന്വേഷണം നടത്തിയ ശേഷം മാത്രമേ പ്രതികളുടെ അറസ്റ്റ് ഉണ്ടാകു എന്ന് ഗാന്ധിനഗര്‍ പോലീസ് പറയുന്നു.

‘നിനക്ക് തന്തയില്ലാത്ത കൊച്ചുങ്ങളെ ഉണ്ടാക്കുമെന്ന്’ എസ്‌എഫ്‌ഐ നേതാക്കള്‍ കേട്ടാല്‍ അറയ്ക്കുന്ന തെറി വിളിയോടെ തനിക്ക് നേരെ ഭീഷണി മുഴക്കിയതായി പെണ്‍കുട്ടി നല്‍കിയ മൊഴിയില്‍ പറയുന്നു. ഇക്കാര്യം മാധ്യമങ്ങള്‍ക്ക് മുന്നിലും പെണ്‍കുട്ടി വ്യക്തമാക്കി. ക്യാമ്ബസുകള്‍ ജനാധിപത്യവല്‍ക്കരിക്കണം എന്നാണ് എസ്‌എഫ്‌ഐ പറയുന്നത്. ആര്‍എസ്‌എസിനെതിരെ സമാനമായ കുറ്റങ്ങള്‍ ആരോപിക്കാറുണ്ട്. അതേ എസ്‌എഫ്‌ഐ തന്നെ തനിക്കെതിരെ ഇത്തരത്തില്‍ വലിയ ആക്രമണം നടത്തിയത് അംഗീകരിക്കാനാവില്ല എന്ന് പെണ്‍കുട്ടി പറയുന്നു.

എംജി സര്‍വകലാശാല ക്യാമ്ബസില്‍ നടന്ന സംഘര്‍ഷത്തില്‍ വനിതാ നേതാവ് അടക്കം നാല് എഐഎസ്‌എഫ് നേതാക്കള്‍ക്ക് പരിക്ക് പറ്റിയിരുന്നു. ഇവര്‍ കോട്ടയം മെഡിക്കല്‍ കോളേജില്‍ ചികിത്സയിലയിരുന്നു. നേരത്തെ ഒരുമിച്ച്‌ മത്സരിച്ചിരുന്ന രീതിയാണ് ഇരുസംഘടനകളും സ്വീകരിച്ചിരുന്നത്. ഇത്തവണയും ഒരുമിച്ചു മത്സരിക്കാനുള്ള നീക്കങ്ങള്‍ നടന്നു. ചര്‍ച്ചകളില്‍ എസ്‌എഫ്‌ഐ ഒരു തരത്തിലുള്ള വിട്ടുവീഴ്ചയ്ക്കും തയ്യാറായില്ല. ഇതോടെയാണ് ഒറ്റയ്ക്ക് മത്സരിക്കാന്‍ തീരുമാനിച്ചതെന്ന് എഐഎസ്‌എഫ് ജില്ലാ നേതൃത്വം പറയുന്നു. ഇതോടെയാണ് എസ്‌എഫ്‌ഐ പ്രതികാരത്തോടെ ആക്രമണം നടത്തിയതെന്നാണ് ആക്ഷേപം.

കേസില്‍ ഒരുതരത്തിലുള്ള ഒത്തുതീര്‍പ്പുകള്‍ക്കും താന്‍ നില്‍ക്കുകയില്ല എന്നും വനിതാ നേതാവ് വ്യക്തമാക്കുന്നു. രണ്ടും ഇടതുപക്ഷ സംഘടനകള്‍ ആയതുകൊണ്ട് തന്നെ ഒത്തുതീര്‍പ്പുകള്‍ക്ക് തയ്യാറാകുമോ എന്ന ചോദ്യത്തിന് ആയിരുന്നു മറുപടി. ഏതായാലും പാര്‍ട്ടിയിലെ യുവജന സംഘടനകള്‍ക്കിടയില്‍ ഉണ്ടായ തര്‍ക്കത്തില്‍ സിപിഎം- സിപിഐ ജില്ലാ നേതൃത്വങ്ങള്‍ ചര്‍ച്ചകള്‍ നടത്തിയേക്കും. ഇടതുമുന്നണിയില്‍ തന്നെയുണ്ടായ അസ്വാരസ്യങ്ങള്‍ വലിയ വാര്‍ത്തയായത് ഇരു പാര്‍ട്ടികളെയും പ്രതിസന്ധിയിലാക്കിയിട്ടുണ്ട്. നേരത്തെ കെഎസ്‌യു സെനറ്റ് തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ തീരുമാനിച്ചിരുന്നു. എന്നാല്‍ നോമിനേഷന്‍ നല്‍കിയെങ്കിലും മത്സര രംഗത്ത് സജീവമായി ഉണ്ടായിരുന്നില്ല. എസ്‌എഫ്‌ഐയുടെ ഭീഷണി കാരണമാണ് പിന്മാറ്റം എന്നാണ് കെ എസ് യു നേതാക്കള്‍ പറയുന്നത്.

Vadasheri Footer