
ചാവക്കാട് ബീച്ചിൽ ‘തീരപെരുമ 2026’ 27ന് തുടക്കമാകും

ചാവക്കാട് : നഗരസഭയുടെയും ചാവക്കാട് ബീച്ച് ഡെസ്റ്റിനേഷൻ മാനേജ്മെൻ്റ് കൗൺസിലിൻ്റെയും സംയുക്താഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന ഈ വർഷത്തെ ഓണാഘോഷ പരിപാടിയായ ‘തീരപെരുമ 2026’ന് ആഗസ്റ്റ് 27ന് ചാവക്കാട് ബീച്ചിൽ തുടക്കമാകുമെന്ന് എം എൽ എ വാർത്ത സമ്മേളനത്തിൽ അറിയിച്ചു .
ആഗസ്റ്റ് 27, 28 തീയതികളിലായി രണ്ട് ദിവസങ്ങളിലായാണ് വിപുലമായ ആഘോഷപരിപാടികൾ ഒരുക്കിയിട്ടുള്ളത്.

ആഘോഷങ്ങളുടെ ആദ്യ ദിനമായ ആഗസ്റ്റ് 27 വ്യാഴാഴ്ച വൈകുന്നേരം നാലുമണിക്ക് നടക്കുന്ന വർണ്ണാഭമായ ഘോഷയാത്രയോടെ പരിപാടികൾക്ക് തുടക്കം കുറിക്കും. തുടർന്ന് അഞ്ചുമണിക്ക് സാംസ്കാരിക സമ്മേളനം നടക്കും. യുവജനക്ഷേമ-കായിക-രജിസ്ട്രേഷൻ വകുപ്പ് മന്ത്രി, ഗുരുവായൂർ എം.എൽ.എ , ജില്ലാ കളക്ടർ , നഗരസഭാ ചെയർപേഴ്സൺ തുടങ്ങിയ വിശിഷ്ടാതിഥികൾ സമ്മേളനത്തിൽ പങ്കെടുക്കും.


വൈകുന്നേരം അഞ്ചരയ്ക്ക് പ്രാദേശിക കലാകാരന്മാർ അവതരിപ്പിക്കുന്ന വിവിധ കലാപരിപാടികൾ അരങ്ങേറും. തുടർന്ന് ഏഴുമണിക്ക് സ്റ്റാർ സിംഗർ താരങ്ങളായ വിപിൻ നാഥ്, പാർവതി അനീഷ് എന്നിവർ ചേർന്ന് അവതരിപ്പിക്കുന്ന ‘എസ്. ജാനകിയമ്മ സമർപ്പണം’ എന്ന പ്രത്യേക സംഗീത നിശയും നടക്കും.
രണ്ടാം ദിനമായ ആഗസ്റ്റ് 28 വെള്ളിയാഴ്ച വൈകുന്നേരം ഏഴുമണിക്ക് പ്രശസ്ത കലാകാരൻ കെ. എസ്. പ്രസാദ് അവതരിപ്പിക്കുന്ന ‘കൊച്ചിൻ ഗിന്നസ് മെഗാ ഷോ’ അരങ്ങേറും.
വാർത്ത സമ്മേളനത്തിൽ എ എച്ച് അക്ബർ, വൈസ് ചെയർപേഴ്സൺ ബിൻസി സന്തോഷ്, സ്ഥിരം സമിതി അധ്യക്ഷരായ പി യതിന്ദ്രദാസ് ,കെ പി രഞ്ജിത്ത് കുമാർ,കൗൺസിലർമാരായ മുഹമ്മദ് ആസിഫ് പാലയൂർ,ആരിഫ് പാലയൂർ എന്നിവരും പങ്കെടുത്തു .

