ഗുരുവായൂരിൽ യുവാവിന് കുത്തേറ്റ സംഭവം ,രണ്ട് പേർ അറസ്റ്റിൽ

ഗുരുവായൂർ : യുവാവിനെ കുത്തിപരിക്കേൽപ്പിച്ച കേസിൽ ഒളിവിലായിരുന്ന രണ്ട് പ്രതികളെ ഗുരുവായൂർ ടെമ്പിൾ പോലീസ് പിടികൂടി. ചെർപ്പുളശ്ശേരി നെല്ലായ കിഴക്കേക്കര താഴത്തേതിൽ സുനിൽ രാജ് (38), പട്ടാമ്പി ചെറുകോട തോപ്പിൽ രാകേഷ് (37)എന്നിവരാണ് അറസ്റ്റിലായത്. . കാവീട് വാടകയ്ക്ക് താമസിക്കുന്ന മലപ്പുറം എടവണ്ണ സ്വദേശി കൊളത്തിങ്കൽ നൗഫലിനാണ് കഴിഞ്ഞ എട്ടിന് പുലർച്ചെ 12.30ഓടെ പടിഞ്ഞാറെ നടയിൽ അപ്പാസ് തിയേറ്ററിന് മുന്നിൽ വെച്ച് കുത്തേറ്റത്.

അമിത രക്ത സ്രവം മൂലം ഗുരുതരാ വസ്തയിലായ നൗഫലിനെ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. സംഭവദിവസം രാത്രി ചാവക്കാട് കടപ്പുറത്ത് വെച്ച് നൗഫലും സുഹ്യത്ത് ബെന്നിയും അപരിചിതരായ പ്രതികളുമായി വാക്കുതർക്കത്തിലേർപ്പെട്ടിരുന്നു. പിന്നീട് ഇരുവരും കാറിൽ ഗുരുവായൂരിലേക്ക് വരുന്നതിനിടെ പ്രതികൾ പിന്തുടർന്നു.
ഗുരുവായൂരിലെത്തി കാറിൽനിന്ന് ഇറങ്ങുന്നതിനിടെ കത്തി ഉപയോഗിച്ച് കൈയിൽ കുത്തിയെന്നാണ് നൗഫൽ പോലീസിൽ മൊഴി നൽകിയത്. പ്രതികളെക്കുറിച്ച് യാതൊരു സൂചനയും ഉണ്ടായിരുന്നില്ല. സംഭവശേഷം പ്രതികൾ ഇരുവരും ഓട്ടോറിക്ഷയിൽ കുന്നംകുളം ഭാഗത്തേക്ക് പോയെന്ന വിവരം മാത്രമാണ് പോലീസിന് ലഭിച്ചിരുന്നത്. ഇതേ തുടർന്ന് ഗുരുവായൂർ എ.സി.പി. എം. സുരേന്ദ്രൻ, ടെമ്പിൾ എസ്.എച്ച്.ഒ. കെ.വ ജയപ്രദീപ്, എസ്.ഐമാരായ കെ.ആർ. വിനു കെ.കെ. സുനിൽകുമാർ എന്നിവരുടെ നേര്യത്വത്തിൽ പ്രത്യേക അന്വേഷണസംഘം രൂപീകരിച്ചു.

പ്രതികൾ സഞ്ചരിച്ച വാഹനം കേന്ദ്രീകരിച്ച് പാലക്കാട് വരെയുള്ള സിസിടിവി ക്യാമറകൾ പോലീസ് പരിശോധിച്ചു. സീനിയർ സി.പി.ഒ. വി.എൽ. സന്ദിഷ് കുമാറും സി.പി.ഒ. എസ്. റമീസും 116 സി.സി.ടി.വി. ക്യാമറകളാണ് ആറു ദിവസത്തിനിടെ പരിശോധിച്ചത്. രാത്രിയായിരുന്നതിനാൽ വാഹനത്തിന്റെ നമ്പർ പ്ലേറ്റ് വ്യക്തമായി കാണാൻ കഴിയാത്തത് അന്വേഷണത്തിന് തിരിച്ചടിയായി. ഇതിനിടെയാണ് പ്രതികൾ യാത്രയ്ക്കിടെ ഒരു കടയിൽ കയറി സിഗരറ്റ് വാങ്ങിയതായി പോലീസിന് വിവരം ലഭിച്ചത്. പണമായി നൽകാതെ ഗൂഗിൾ പേ വഴിയായിരുന്നു പണമിടപാട്. ഈ ഡിജിറ്റൽ ഇടപാടാണ് പ്രതികളിലേക്ക് എത്താനുള്ള നിർണായക സൂചനയായത്.
