
കാപ്പ ചുമത്തി യുവാവിനെ നാടുകടത്തി

ചാവക്കാട്: ഒട്ടേറെ ക്രിമിനല്‍ കേസുകളില്‍ പ്രതിയായ ആളെ കാപ്പ വകുപ്പ് ചുമത്തി ജില്ലയില്‍ നിന്നും ആറ് മാസത്തേക്ക് നാടുകടത്തി. ബ്ലാങ്ങാട് ബീച്ച് തെരുവത്ത് വീട്ടില്‍ മുഹമ്മദ് അലി ഷിഹാബി(44)നെയാണ് സിറ്റി ജില്ലാ പോലീസ് കമ്മീഷണര്‍ നകുല്‍ രാജേന്ദ്ര ദേശ്മുഖിന്റെ നിര്‍ദേശപ്രകാരം ഗുരുവായൂര്‍ എസിപി പ്രേമാനന്ദകൃഷ്ണന്‍, ചാവക്കാട് ഇന്‍സ്‌പെക്ടര്‍ വി.വി. വിമല്‍ എന്നിവരുടെ നേതൃത്വത്തില്‍ നാടുകടത്തിയത്.

ജില്ലയിലെ ചാവക്കാട്, ഗുരുവായൂര്‍ ടെമ്പിള്‍, കുന്നംകുളം, വാടാനപ്പിള്ളി എന്നീ പോലീസ് സ്റ്റേഷനുകളിലായി ഇയാളുടെ പേരില്‍ വധശ്രമം, കുറ്റകരമായ നരഹത്യാശ്രമം, മാരകായുധങ്ങള്‍ ഉപയോഗിച്ച് ദേഹോപദ്രവം ഏല്‍പ്പിക്കല്‍, സ്വത്ത് നശിപ്പിക്കല്‍, ഭീഷണിപ്പെടുത്തല്‍, വിശ്വാസവഞ്ചന, ചതി തുടങ്ങിയ കേസുകളുണ്ടെന്ന് പോലീസ് പറഞ്ഞു.
കുപ്രസിദ്ധ റൗഡി, ഗുണ്ട ഗണത്തില്‍ ഉള്‍പ്പെടുത്തിയാണ് ഇയാള്‍ക്കെതിരെ നടപടിയെടുത്തിട്ടുള്ളത്.

