യുവാവിനെ തട്ടി കൊണ്ടുപോയി പണം കവർന്ന കേസിൽ മൂന്ന് പേര് കൂടി പിടിയിൽ
തൃശൂർ : മണ്ണുത്തി നെല്ലിക്കുന്ന് കുറ സ്വദേശിയെ തട്ടികൊണ്ടുപോയി ട്രാവലർ തട്ടിയെടുത്ത് പണം കവർന്ന കേസിൽ ഒളിവിൽ കഴിഞ്ഞിരുന്ന പ്രതികളെ പൊലീസ് പിടികൂടി. ഒല്ലൂക്കര നെല്ലിക്കുന്ന് കുറ കാഞ്ഞിരപറമ്പിൽ വീട്ടിൽ അജ്മൽ മുഹമ്മദ് (26) കൃഷ്ണാപുരം യഗരക്കാട്ടിൽ വീട്ടിൽ തബ്ഷീർ (24) നെല്ലിക്കുന്ന് കുറ അറയ്ക്കൽ വീട്ടിൽ റിജാസ് (25) എന്നിവരെയാണ് മണ്ണുത്തി പൊലീസ് പിടികൂടിയത്.
പ്രതികൾ മറ്റു പല കേസുകളിലും ഉൾപെട്ടിട്ടുള്ളവരാണ്. ഈ കേസിലെ അഞ്ച് പ്രതികളെ നേരത്തെ അറസ്റ്റ് ചെയ്തിരുന്നു. ഈ വർഷം മെയ് അഞ്ചിന് പത്തോളം പേർ ചേർന്ന് നെല്ലിക്കുന്ന് കുറ എന്ന സ്ഥലത്ത് വച്ച് യുവാവിനെ തട്ടി കൊണ്ടുപോയി മാരകായുധങ്ങളുമായി ആക്രമിച്ച് പരിക്കേൽപ്പിച്ച് ഭീഷണിപ്പെടുത്തി പ്രതികളിൽ ഒരാളുടെ അക്കൗണ്ടിലേക്ക് 50000 രൂപ മാറ്റുകയും യുവാവിൻെറ കൈവശമുണ്ടായിരുന്ന കാറും, ടെമ്പോ ട്രാവലറിൻെറ ആർ.സി ബുക്കും കൈവശപ്പെടുത്തുകയുമായിരുന്നു. സംഭവത്തിനു ശേഷം പ്രതികൾ ഒളിവിൽ പോവുയി. മുടിക്കോടുള്ള ബന്ധുവീട്ടിൽ രഹസ്യമായി എത്തിയപ്പോഴാണ് പ്രതിയായ അജ്മൽമുഹമ്മദിനെ പിടികൂടിയത്.
ഒല്ലൂർ എ.സി.പി പി.എസ് സുരേഷിൻറെ നിർദ്ദേശപ്രകാരം മണ്ണുത്തി പൊലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ എസ്. ഷുക്കൂർ, സബ് ഇൻസ്പെക്ടർമാരായ കെ. പ്രദീപ് കുമാർ, സീനിയർ സിവിൽ പൊലീസ് ഓഫീസർമാരായ ജോഷി, എം.എ അജിത്ത്, ഉന്മേഷ്, പി.പി അജിത്ത് എന്നിവർ ചേർന്നാണ് പ്രതിയെ പിടികൂടിയത്.