
വഖഫ് ബോർഡ് പുഃനസംഘടനയിൽ സ്റ്റേയില്ല.

കൊച്ചി: സംസ്ഥാന വഖഫ് ബോർഡ് പുഃനസംഘടനയിൽ സ്റ്റേയില്ല. വഖഫ് ബോർഡ് പൂർണമായി പിരിച്ചുവിട്ട് പുതിയ ബോർഡ് രൂപവത്കരിച്ച സർക്കാർ നടപടി സ്റ്റേ ചെയ്യണമെന്ന ആവശ്യം ഹൈക്കോടതി തള്ളി. മുൻ ചെയർമാൻ കെ.എസ്. ഹംസ സമർപ്പിച്ച ഹർജിയിലാണ് ഹൈക്കോടതി ഇടക്കാല ഉത്തരവ് പുറപ്പെടുവിച്ചിരിക്കുന്നത്. ഹൈക്കോടതി പ്രത്യേക സിറ്റിങ് നടത്തിയാണ് ഹർജി പരിഗണിച്ചത്.
കേന്ദ്ര നിയമപ്രകാരമല്ല പുതിയ ബോർഡ് രൂപവത്കരിച്ചതെന്നാണ് ഹർജിക്കാരൻ ചൂണ്ടിക്കാട്ടിയിരുന്നത്. ഹർജി ഫയലിൽ സ്വീകരിച്ചെങ്കിലും നടപടി സ്റ്റേ ചെയ്യണമെന്ന ആവശ്യം ഹൈക്കോടതി സിംഗിൾ ബെഞ്ച് നിരാകരിച്ചു. സ്റ്റേ അനുവദിക്കേണ്ട സാഹചര്യമില്ലെന്നാണ് കോടതി നിരീക്ഷിച്ചത്. ഹർജി ഡിവിഷൻ ബെഞ്ചിൻ്റെ പരിഗണനയ്ക്ക് കൈമാറി.

സ്റ്റേ അനുവദിച്ചിരുന്നെങ്കിൽ പുതിയ ബോർഡിന് മുന്നോട്ടുപോകാൻ സാധിക്കുമായിരുന്നില്ല. മാത്രമല്ല, സർക്കാരിനും തിരിച്ചടിയാകുമായിരുന്നു. നിലവിലെ ഉത്തരവ് സർക്കാരിനെ സംബന്ധിച്ച് ആശ്വാസമാണ്.മുസ്ലിം ലീഗ് നേതാവ് എം.സി. മായിൻ ഹാജിയെ പുതിയ വഖഫ് ബോർഡ് ചെയർമാനാക്കി സർക്കാർ ഉത്തരവിറക്കിയതിന് പിന്നാലെയാണ് മുൻ ചെയർമാനും എൽ.ഡി.എഫ്. സർക്കാരിൻ്റെ കാലത്തെ ബോർഡ് തലവനുമായിരുന്ന കെ.എസ്. ഹംസ ഹൈക്കോടതിയെ സമീപിച്ചത് തുടർച്ചയായ ദിവസങ്ങളിൽ കോടതി അവധിയായ സാഹചര്യത്തിലാണ് വിഷയം അടിയന്തരമായി പരിഗണിച്ച് പ്രത്യേക സിറ്റിങ് നടത്തിയത്.
കെ.എസ്. ഹംസയുടെ നേതൃത്വത്തിലുള്ള സമിതിയെ പൂർണമായി മാറ്റിയാണ് പുതിയ വഖഫ് ബോർഡ് രൂപീകരിച്ചത്. മുസ്ലിം ലീഗ് സംസ്ഥാന വൈസ് പ്രസിഡന്റും സമസ്ത ഇ കെ വിഭാഗം നേതാവുമാണ് വഖഫ് ബോർഡിൻ്റെ പുതിയ ചെയർമാൻ എംസി മായിൻഹാജി രണ്ട് അമുസ്ലിം അംഗങ്ങളെ പുതിയ ബോർഡിലും ഉൾപ്പെടുത്തിയിട്ടില്ല. സമസ്ത മുശാവറയിൽ നിന്ന് പുറത്താക്കിയ മുസ്തഫൽ ഫൈസിയും, ജമാഅത്ത് പ്രതിനിധിയെയും ബോർഡിൽ ഉൾപ്പെടുത്തി. മേലാറ്റൂർ പഞ്ചായത്തിൽ യുഡിഎഫ് പിന്തുണയിൽ മത്സരിച്ച് ജയിച്ച ജസീം സബാഹ് ആണ് ജമാഅത്തെ ഇസ്ലാമിയിൽ നിന്നുള്ള വഖഫ് ബോർഡ് അംഗം.

ഇത്തവണ ബോറാ വിഭാഗത്തെയും ഉൾപ്പെടുത്തി. സിറാജ് ഡീ കാപ്പസിയാണ് ബോർഡ് അംഗം. നേതൃത്വത്തിനെതിരെ വിമർശനമുന്നയിച്ചതിന് പിന്നാലെ സമസ്ത മുശാവറയിൽ നിന്ന് പുറത്താക്കപ്പെട്ട മുസ്തഫൽ ഫൈസിയെ വഖഫ് ബോർഡ് അംഗമാക്കിയത് സമസ്തക്കുള്ള ലീഗിൻ്റെ മറുപടിയാണ്. മുജാഹിദ് വിഭാഗത്തിൽ നിന്ന് ഡോ. അബ്ദുൽ മജീദ് സ്വലാഹിയെ ബോർഡ് അംഗമാക്കി. തെക്കൻ കേരളത്തിൽ സ്വാധീനമുള്ള ദക്ഷിണ കേരള ജംഇയ്യത്തുൽ ഉലമയിൽ നിന്നുള്ള അംഗമാണ് തൊടിയൂർ മുഹമ്മദ് കുഞ്ഞി മൗലവി. എംഎൽഎമാരുടെ പ്രതിനിധിയായി കുറുക്കോളി മൊയ്തീൻ എംഎൽഎയും ബോർഡിലുണ്ട്. അതേസമയം, കാന്തപുരം വിഭാഗത്തെ അവഗണിച്ചു
ബോർഡിൽ അമുസ്ലിംകളെ ഉൾപ്പെടുത്താത്തതിനെതിരെ ബിജെപി നേതാവ് ഷോൺ ജോർജ് നൽകിയ ഹർജി പരിഗണിക്കവെ, ബോർഡ് പുനഃസംഘടിപ്പിക്കുന്നതിൽ സർക്കാരിന് തീരുമാനമെടുക്കാമെന്ന് ഹൈക്കോടതി വ്യക്തമാക്കിയിരുന്നു . ഇതിനെ തുടർന്നാണ് വഖഫ് ബോർഡ് സർക്കാർ പുനഃസംഘടിപ്പിച്ചത്
