ഗുരുവായൂർ ദേവസ്വത്തിൽ വ്യാജ രേഖ ചമച്ച് ജോലി നേടിയ സിസ്റ്റം അഡ്മിനിസ്ട്രേറ്ററെ പുറത്താക്കി
ഗുരുവായൂർ : വ്യാജ രേഖ ചമച്ച് ഗുരുവായൂർ ദേവസ്വത്തിൽ ജോലി നേടിയ ഉദ്യോഗസ്ഥനെ ദേവസ്വം റിക്രൂട്ട് മെന്റ് ബോർഡ് പുറത്താക്കി . ദേവസ്വത്തിലെ സിസ്റ്റം അഡ്മിനിസ്ട്രേറ്റർ ,തൃശൂർ കോലഴി കാട്ടുങ്ങൽ അനൂപ് ചന്ദ്രനെയാണ് കെ ഡി ആർ ബി പുറത്താക്കിയത് . ഇതിന് പുറമെ ദേവസ്വം ബോർഡ് നടത്തുന്ന പരീക്ഷകളിൽ നിന്ന് ഡീബാർ ചെയ്യുകയും ചെയ്തു . കഴിഞ്ഞ ജനുവരി 23 നു ചേർന്ന റിക്രൂട്ട് മെന്റ് ബോർഡ് യോഗമാണ് ഇത്തരം തീരുമാനം എടുത്തത് .
തന്റെ അവസരം വ്യാജ രേഖ ഉപയോഗിച്ചു തട്ടിയെടുത്തെന്നാരോപിച്ച് മറ്റൊരു ഉദ്യോഗാര്ഥി ഹൈക്കോടതിയെ സമീപിച്ചിരുന്നതിനെ തുടർന്ന് , ഹൈക്കോടതി വിജിലൻസിനോട് അന്വേഷിക്കാൻ ഉത്തരവ് നൽകിയിരുന്നു . വിജിലൻസ് നടത്തിയ അന്വേഷണത്തിൽ ആണ് വ്യാജ രേഖ ഉപയോഗിച്ചാണ് അനൂപ് ജോലിയിൽ പ്രവേശിച്ചത് എന്ന് കണ്ടെത്തിയത് . വിജിലൻസിന്റെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ ആണ് ബോർഡ് നടപടി എടുത്തത് . ഇത് വരെ ശമ്പള ഇനത്തിൽ വാങ്ങിയ 12 ലക്ഷത്തോളം രൂപ തിരിച്ച് അടക്കേണ്ടി വരും .