ചാവക്കാട് ബീച്ച് അടക്കം ജില്ലയിലെ വിനോദ സഞ്ചാര കേന്ദ്രങ്ങളിൽ സന്ദർശകർക്ക് വിലക്ക്.
ഗുരുവായൂർ : ത്യശൂർ ജില്ലയിൽ കനത്ത മഴ തുടരുന്ന സാഹചര്യത്തിൽ അതിരപ്പള്ളി, വാഴച്ചാൽ വിനോദസഞ്ചാര കേന്ദ്രങ്ങൾ ചൊവ്വാഴ്ച അടക്കും. ഇനിയൊരു അറിയിപ്പ് ഉണ്ടാകും വരെയാണ് അടച്ചിടുക. വിനോദസഞ്ചാരികളെ വാഴച്ചാൽ ചെക്ക്പോസ്റ്റിൽ നിന്നും മലക്കപ്പാറ ചെക്ക്പോസ്റ്റിൽ നിന്നും കടത്തിവിടില്ല. അന്തർസംസ്ഥാന യാത്ര രാവിലെ ആറു മണിമുതൽ വൈകിട്ട് അഞ്ചു മണിവരെയായി നിജപ്പെടുത്തി. അതേസമയം കെഎസ്ആർടിസി സർവീസ് തുടരും
കേന്ദ്ര കാലാവസ്ഥാ വകുപ്പ് തൃശൂർ ജില്ലയിൽ ഓറഞ്ച് അലേർട്ട് പ്രഖ്യാപിച്ച സാഹചര്യത്തിൽ ചാവക്കാട് ബീച്ച് , സ്നേഹതീരം ബീച്ച്, വിലങ്ങൻകുന്ന്, പൂമല ഡാം, ഏനമ്മാവ് നെഹ്റു പാർക്ക്, ചെപ്പാറ, വാഴാനി ഡാം, പീച്ചി ഡാം, തുമ്പൂർമുഴി റിവർ ഗാർഡൻ തുടങ്ങിയ വിനോദസഞ്ചാര കേന്ദ്രങ്ങളിൽ മഴ മുന്നറിയിപ്പ് പിൻവലിക്കുംവരെ വിനോദസഞ്ചാരികൾക്ക് പ്രവേശനം ഉണ്ടാകില്ലെന്ന് ജില്ലാ ടൂറിസം പ്രമോഷൻ കൗൺസിൽ അറിയിച്ചു
ഒറ്റപ്പെട്ടയിടങ്ങളിൽ അതിശക്തമായ മഴയ്ക്ക് സാധ്യതയുള്ളതിനാൽ തൃശൂരിൽ 20നും 21നുമാണ് ഓറഞ്ച് അലേർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. 24 മണിക്കൂറിൽ 115.6 മില്ലിമീറ്റർ മുതൽ 204.4 മില്ലിമീറ്റർ വരെ മഴ ലഭിക്കുമെന്നാണ് മുന്നറിയിപ്പ്. 22, 24 തീയതികളിൽ യെല്ലോ അലേർട്ടും പ്രഖ്യാപിച്ചു. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. 24 മണിക്കൂറിൽ 64.5 മില്ലിമീറ്റർ മുതൽ 115.5 മില്ലിമീറ്റർ വരെ മഴ ലഭിച്ചേക്കും