വിജയ്‌യുടെ റാലിക്കിടെ വന്‍ ദുരന്തം ,33 പേർ കൊല്ലപ്പെട്ടു.

Above Post Pazhidam (working)

ചെന്നൈ: ടി വികെ മേധാവിയും തമിഴ് സൂപ്പര്‍ താരവുമായ വിജയ്‌യുടെ സംസ്ഥാന പര്യടനത്തിനിടെ വന്‍ ദുരന്തം. കരൂരില്‍ സംഘടിപ്പിച്ച റാലിക്കിടെ ഉണ്ടായ തിക്കിലും തിരക്കിലും 33 പേർക്ക് ജീവൻ നഷ്ടപ്പെട്ടു . 12 പേര്‍ക്കെങ്കിലും ഗുരുതരമായി പരിക്കേറ്റിട്ടുണ്ടെന്നും പ്രാദേശിക മാധ്യമ റിപ്പോര്‍ട്ടുകള്‍ പറയുന്നു . അന്‍പത് പേരോളമാണ് ചികിത്സയിലുള്ളത്. മരിച്ചവരില്‍ ആറ് പേര്‍ കുട്ടികളും പത്തിലധികം സ്ത്രീകളും ഉണ്ടെണെന്നാണ് വിവരം. മരണ സംഖ്യ ഉയരുമെന്നും ആശങ്കയുണ്ട്

First Paragraph Rugmini Regency (working)

സംസ്ഥാന പര്യടനത്തിന്റെ ഭാഗമായി കരൂരില്‍ സംഘടിപ്പിച്ച വന്‍ റാലിയാണ് അപകടത്തില്‍ കലാശിച്ചത്. ആയിരങ്ങളായിരുന്നു വിജയ്‌യെ കാണാനും പ്രസംഗം കേള്‍ക്കാനും തടിച്ചുകൂടിയത്. ഇതിനിടെ ഉണ്ടായ വന്‍ തിരക്കാണ് അപകടത്തിന് ഇടയാക്കിയത്. .
മദ്രാസ് ഹൈക്കോടതിയുടെ മുന്നറിയിപ്പ് മറികടന്ന്ആണ് ദുരന്തം വിളിച്ചുവരുത്തിയ റാലി വിജയ് നടത്തിയത്. സമ്മേളനങ്ങള്‍ നടത്തുമ്പോള്‍ പ്രവര്‍ത്തകരെ നിയന്ത്രിക്കേണ്ടത് നേതാവാണെന്ന് ഒരാഴ്ച മുമ്പാണ് കോടതി പറഞ്ഞത്. എന്തെങ്കിലും അനിഷ്ട സംഭവങ്ങളുണ്ടായാല്‍ ആര് ഉത്തരവാദിത്തം ഏറ്റെടുക്കും എന്നായിരുന്നു കോടതി ചോദിച്ചത്. തിരുച്ചിറപ്പള്ളിയില്‍ നടന്ന യോഗത്തിലുണ്ടായ സംഭവങ്ങളുടെ പശ്ചാത്തലത്തിലായിരുന്നു കോടതിയുടെ വിമര്‍ശനം. അന്നത്തെ റാലിയില്‍ ഒരാള്‍ കുഴഞ്ഞുവീണ് മരിച്ചിരുന്നു.

Second Paragraph  Amabdi Hadicrafts (working)

നിശ്ചയിച്ചതിലും വൈകിയായിരുന്നു വിജയ് ജനങ്ങളെ അഭിസംബോധന ചെയ്തത്. ആറുമണിക്കൂറോളമാണ് ജനങ്ങള്‍ അദ്ദേഹത്തെ കാത്തിരുന്നത്. വിജയ് ജനങ്ങളെ അഭിസംബോധന ചെയ്ത് സംസാരിക്കുന്നതിനിടെയാണ് ദുരന്ത വാര്‍ത്ത എത്തുന്നത്. ഇതോടെ വിജയ് പ്രസംഗം പാതിവഴിയില്‍ നിര്‍ത്തുകയും ചെയ്തു. ജനബാഹുല്യം മൂലം അപകട സ്ഥലത്തേക്ക് ആംബുലന്‍സ് ഉള്‍പ്പെടെ എത്താന്‍ വൈകിയതും ദുരന്തത്തിന്റെ വ്യാപ്തി വര്‍ധിപ്പിച്ചു. ആംബുലന്‍സിന് വഴിയൊരുക്കാന്‍ പൊലീസിന് ലാത്തിച്ചാര്‍ജ്ജ് ഉള്‍പ്പെടെ നടത്തേണ്ടിവന്നതായും റിപ്പോര്‍ട്ടുകളുണ്ട്.

തമിഴ്‌നാട് സര്‍ക്കാര്‍ ദുരന്തത്തില്‍ ജൂഡീഷ്യല്‍ അന്വേഷണം പ്രഖ്യാപിച്ചു . മുന്‍ ജഡ്ജി അരുണ ജഗദീശന്‍ അധ്യക്ഷയായ കമ്മീഷനാണ് അന്വേഷണ ചുമതല. ദുരന്തത്തിന്റെ ഇരകള്‍ക്ക് ധനസഹായവും തമിഴ്‌നാട് സര്‍ക്കാര്‍ പ്രഖ്യാപിച്ചു. മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് 10 ലക്ഷം രൂപയാണ് ധന സഹായമായി നല്‍കുക. പരിക്കേറ്റവര്‍ക്ക് ചികിത്സാ സഹായമായി ഒരു ലക്ഷം രൂപ അനുവദിക്കാനും മുഖ്യമന്ത്രി എം കെ സ്റ്റാലിന്‍ നിര്‍ദേശിച്ചു. ഡിഎംകെ നേതാവ് സെന്തില്‍ ബാലാജി ഉള്‍പ്പെടെയുള്ളരും കരൂരില്‍ എത്തി. സാഹചര്യങ്ങള്‍ നിയന്ത്രിക്കാന്‍ മന്ത്രിതല സംഘത്തെയും സ്റ്റാലിന്‍ കരൂരിലേക്ക് അയച്ചിട്ടുണ്ട്. തിരുച്ചി, സേലം, ഡിണ്ടിഗല്‍ കലക്ടര്‍മാരോടു ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കാന്‍ കരൂരിലെത്താന്‍ മുഖ്യമന്ത്രി നിര്‍ദ്ദേശിച്ചു. സെക്രട്ടേറിയറ്റില്‍ ചേര്‍ന്ന് അടിയന്തിര യോഗത്തിലാണ് സുപ്രധാന തീരുമാനങ്ങള്‍ കൈക്കൊണ്ടത്. അപകടം സംബന്ധിച്ച് കേന്ദ്ര സർക്കാരും റിപ്പോർട്ട് തേടിയിട്ടുണ്ട്.

അകടത്തില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി അപലപിച്ചു. ഹൃദയഭേദകമായ വാര്‍ത്ത എന്നാണ് പ്രധാനമന്ത്രിയുടെ പ്രതികരണം. തമിഴ്‌നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിന്‍ ഞായറാഴ്ച പുലര്‍ച്ചെ കരൂരിലെത്തുമെന്ന് അറിയിച്ചിട്ടുണ്ട്.

വിജയ്‌യുടെ പാര്‍ട്ടിയായ തമിഴക വെട്രികഴകം പതിനായിരം പേരെ പ്രതീക്ഷിച്ച റാലിയില്‍ രണ്ട് ലക്ഷത്തോളം പേരെത്തിയെന്നാണ് അനൗദ്യോഗിക കണക്ക്. റാലിയ്ക്ക് അനുമതി തേടി ടിവികെ സമര്‍പ്പിച്ച അപേക്ഷയിലാണ് സുരക്ഷയും, പ്രതീക്ഷിക്കുന്ന ആളുകളെയും സംബന്ധിച്ച വിവരങ്ങളുള്ളത്. പതിനായിരം പേരെ റാലിയില്‍ പ്രതീക്ഷിക്കുന്നു എന്നാണ് ടിവികെ ജില്ലാ പൊലീസ് മേധാവിക്ക് നല്‍കിയ കത്തില്‍ ആവശ്യപ്പെട്ടിരിക്കുന്നത്. അറുപതിനായിരം പേരെ ഉള്‍ക്കൊള്ളാന്‍ കഴിയുന്ന പ്രദേശമാണ് റാലിയ്ക്ക് സജ്ജമാക്കുന്നത്. വിജയ് കരൂരിലേക്ക് റോഡ് മാര്‍ഗം സഞ്ചരിക്കുമെന്നും ബാനറുകള്‍, ഫ്‌ലെക്സ് ബോര്‍ഡുകള്‍, പ്രസംഗ സംവിധാനം എന്നിവ സ്ഥാപിക്കേണ്ടതുണ്ടെന്നും അനുമതി തേടിക്കൊണ്ട് കരൂര്‍ വെസ്റ്റ് ജില്ലാ സെക്രട്ടറി നല്‍കിയ കത്തില്‍ പറയുന്നു. വിജയ്ക്കെതിരെ പ്രതിഷേധവുമായി രാഷ്ട്രീയ പാര്‍ട്ടികള്‍ രംഗത്തെത്തി. വിജയ് യെ അറസ്റ്റ് ചെയ്യണം എന്ന് കോണ്‍ഗ്രസ് ആവശ്യപ്പെട്ടു. ദുരന്തത്തില്‍ മദ്രാസ് ഹൈക്കോടതി സ്വമേധയാ കേസെടുക്കണം എന്ന് സിപിഎം ആവശ്യപ്പെട്ടു.