ഇരിങ്ങാലക്കുട വിജയൻ വധം, പ്രതികൾക്ക് ജീവപര്യന്തം
തൃശ്ശൂർ : ഇരിങ്ങാലക്കുട വിജയൻ കൊലക്കേസിൽ പ്രതികൾക്ക് ജീവപര്യന്തം തടവിന് ശിക്ഷ. കാറളം കിഴുത്താനി ഐനിയിൽ വീട്ടിൽ രഞ്ജിത്ത് (രഞ്ജു-32), നെല്ലായി പന്തല്ലൂർ ആലപ്പാട്ട് മാടാനി വീട്ടിൽ ജിജോ (30), കാറളം പുല്ലത്തറ പെരിങ്ങാട്ടിൽ വീട്ടിൽ നിധീഷ് (പ്രഭു-30), പൊറത്തിശേരി മൂർക്കനാട് കറപ്പ് പറമ്പിൽ വീട്ടിൽ അഭിനന്ദ് (22), വേളൂക്കര കോമ്പാറ കുന്നത്താൻ വീട്ടിൽ മെജോ (28), പുല്ലൂർ ഗാന്ധിഗ്രാം വേലത്തിക്കുളം തൈവളപ്പിൽ അഭിഷേക് (ടുട്ടു-25) എന്നിവരെയാണ് ജീവപര്യന്തം തടവിനും 1.80 ലക്ഷം വീതം പിഴയൊടുക്കാനും ഇരിങ്ങാലക്കുട ജില്ലാ സെഷൻസ് ജഡ്ജ് കെ.എസ്.രാജീവ് ശിക്ഷിച്ചത്.
ഇരിങ്ങാലക്കുടയിൽ മുറുക്കാൻ കടയിൽ െവച്ച് രഞ്ജിത്ത് മുറുക്കുന്നതിനിടയിൽ വിജയന്റെ മകൻ വിനീതിന്റെയും സുഹൃത്ത് ഷെരീഫ് എന്നിവരുടെ ദേഹത്ത് വീണത് ചോദിച്ചതിലുള്ള വിരോധത്തിൽ വീട്ടിൽ കയറി വിജയനെയും ഭാര്യ അംബികയേയും അമ്മ കൗസല്യയെയും ആക്രമിക്കുകയായിരുന്നു. 2018 മെയ് 27ന് രാത്രിയിലായിരുന്നു സംഭവം. ഗുരുതര പരിക്കേറ്റ വിജയൻ ആശുപത്രിയിൽ ചികിൽസയിലിരിക്കെ മരിച്ചു. പിഴസംഖ്യയിൽ 10 ലക്ഷം രൂപ വിജയന്റെ ഭാര്യയ്ക്ക് നഷ്ടപരിഹാരം നല്‍കാൻ ജില്ലാ ലീഗൽ സർവീസ് അതോറിറ്റിക്ക് കോടതി നിർദേശം നൽകി.
ഇൻസ്‌പെക്ടർ എം കെ സുരേഷ് കുമാറിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘമാണ് അന്വേഷണം നടത്തി കുറ്റപത്രം സമർപ്പിച്ചത്. കേസിൽ പ്രോസിക്യൂഷൻ ഭാഗത്തുനിന്നും 68 സാക്ഷികളെ വിസ്തരിക്കുകയും 177 രേഖകളും 39 തൊണ്ടി മുതലുകൾ ഹാജരാക്കുകയും ചെയ്തു. കേസിൽ പ്രോസിക്യൂഷനു വേണ്ടി അഡീഷണൽ പബ്ലിക് പ്രോസിക്യൂട്ടർ പി ജെ ജോബി, അഡ്വക്കേറ്റ് മാരായ ജിഷാ ജോബി, എബിൻ ഗോപുരൻ, ദിനൽ വി. എസ്, അർജുൻ കെ. ആർ, അൽജോ പി. ആന്റണി എന്നിവർ ഹാജരായി