ഗുരുവായൂർ ലോഡ്ജിൽ പിതാവ് കൊലപ്പെടുത്തിയ വിദ്യാർത്ഥിനികളുടെ മൃതദേഹം സംസ്കരിച്ചു
ഗുരുവായൂർ : ഗുരുവായൂരിലെ സ്വകാര്യ ലോഡ്‌ജിൽ മരിച്ച നിലയിൽ കണ്ടെത്തിയ മമ്മിയൂർ എൽ എഫ് കോൺവെന്റ് യു പി സ്‌കൂളിലെ വിദ്യാർത്ഥികളായ ശിവനന്ദന (12), ദേവനന്ദന (9) എന്നി വർക്ക് സഹപാഠികൾ യാത്രാമൊഴി നൽകി . പോസ്റ്റ് മാർട്ടം നടപടികൾക്ക് ശേഷം മുതുവട്ടൂർ രാജാ ആശുപത്രിയിൽ എത്തിച്ച സഹോദരിമാർക്ക് സഹപാഠികൾ അന്ത്യാഞ്ജലി അർപ്പിച്ചത് . തുടർന്ന് വടക്കേക്കാട് ശ്മശാനത്തില്‍ കുഴിയൊരുക്കി സംസ്‌കാരം നടത്തി .
പൊലീസ് നിര്‍ദേശപ്രകാരം വടക്കേക്കാട് പഞ്ചായത്ത് അധികൃതരുടെ പ്രത്യേക അനുമതിയോടെയാണ് ബുധനാഴ്ച്ച ഉച്ചതിരിഞ്ഞ് രണ്ടരയോടെ സംസ്‌കാരം നടത്തിയത്. ഗുരുവായൂരും ചാവക്കാടും മൃതദേഹം കുഴിയൊരുക്കി മറവ് ചെയ്യാനുള്ള സൗകര്യമില്ലാത്തതിനാലാണ് കുട്ടികളുടെ ബന്ധുക്കള്‍ വടക്കേക്കാട് പഞ്ചായത്തിനെ സമീപിച്ചത്. സംസ്‌കാര ചടങ്ങില്‍ പഞ്ചായത്ത് പ്രസിഡന്റ് ശ്രീധരന്‍ മാക്കാലിക്കല്‍, വാര്‍ഡംഗം കെ.വി. റഷീദ്, കുട്ടികളുടെ ബന്ധുക്കളും സന്നദ്ധ പ്രവര്‍ത്തകരായ സ്മിതേഷ്, ഷെക്കീര്‍, കുഞ്ഞഹമ്മദ് എന്നിവരും സംബന്ധിച്ചു.
ഇക്കഴിഞ്ഞ തിങ്കളാഴ്ച ഉച്ചയ്ക്കാണ് പടിഞ്ഞാറെനടയിലെ സ്വകാര്യ ലോഡ്ജില്‍ മക്കളായ ശിവനന്ദനയേയും ദേവനന്ദനയേും കൊലപ്പെടുത്തി ചന്ദ്രശേഖരന്‍ ആത്മഹത്യയ്ക്ക് ശ്രമിച്ചത്. മൂത്ത കുട്ടിക്ക് കീടനാശിനി നല്‍കിയും ഇളയ കുട്ടിയെ ഷാള്‍ ഉപയോഗിച്ച് ഫാനില്‍ കെട്ടിത്തൂക്കിയുമാണ് കൊന്നതെന്ന് ആത്മഹത്യാ കുറിപ്പിലുണ്ടായിരുന്നതായി പൊലീസ് പറഞ്ഞു. ദേവനന്ദന ഫാനില്‍ തൂങ്ങിയ നിലയിലും ശിവനന്ദന കിടക്കയില്‍ കിടക്കുന്ന നിലയിലുമായിരുന്നു.
മൂത്ത കുട്ടി കീടനാശിനി അകത്ത് ചെന്നും ഇളയ കുട്ടി തൂങ്ങിമരിച്ചതാണെന്നുമാണ് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്. ഇത് പ്രകാരം നേരത്തെ അസ്വാഭാവിക മരണത്തിന് രജിസ്റ്റര്‍ ചെയ്തിരുന്ന കേസ് 302-ാം വകുപ്പ് പ്രകാരം കൊലക്കുറ്റമാക്കി. കൈ ഞരമ്പ് മുറിച്ച് കീടനാശിനി കഴിച്ച് ഗുരുതരാവസ്ഥയില്‍ അമലയില്‍ ചികിത്സയിലായിരുന്ന ചന്ദ്രശേഖരനെ തൃശൂര്‍ മെഡിക്കല്‍ കോളജിലേക്ക് മാറ്റി. ഇയാളുടെ ആരോഗ്യനിലയില്‍ പുരോഗതിയുള്ളതായും മരുന്നുകളോട് പ്രതികരിച്ച് തുടങ്ങിയതായും ആശുപത്രി അധികൃതര്‍ അറിയിച്ചു. കൊലക്കുറ്റത്തിന് കേസെടുത്തതോടെ ചന്ദ്രശേഖരന് പൊലീസ് കാവലേര്‍പ്പെടുത്തി. ആശുപത്രി വിടുന്ന മുറയ്ക്ക് ടെമ്പിള്‍ പോലീസ് അറസ്റ്റ് ചെയ്ത് കോടതിയില്‍ ഹാജരാക്കും