ഗുരുവായൂരിൽ വാഹനം റോഡിൽ താഴുന്നത് പതിവായി
ഗുരുവായൂര്‍: സെൻറ് ആൻറണീസ് പള്ളിക്ക് സമീപമുള്ള റോഡിൽ ഗുഡ്സ് വാൻ താഴ്ന്ന് ഏഴ് മണിക്കൂറോളം ഗതാഗതം തടസപ്പെട്ടു. അമൃത് കുടിവെള്ള പദ്ധതിക്കായി പൈപ്പിട്ട ഭാഗത്താണ് വാഹനം താഴ്ന്നത്. വീതി കുറഞ്ഞ റോഡിൽ ഗുഡ്സ് വാൻ താഴ്ന്നതോടെ മറ്റ് വാഹനങ്ങൾക്ക് കടന്നുപോകാൻ കഴിയാത്ത അവസ്ഥയായി. വൈകീട്ട് 4.30ഓടെയാണ് ക്രെയിൻ ഉപയോഗിച്ച് വാഹനം കയറ്റിയത്. രണ്ട് ദിവസം മുമ്പ് ഇതേ റോഡിൽ സ്കൂൾ ബസും തൊട്ടടുത്ത റോഡിൽ ടാങ്കർ ലോറിയും താഴ്ന്നിരുന്നു. റോഡുകളുടെയെല്ലാം ഒരു ഭാഗം കുഴിച്ച് കുടിവെള്ള പദ്ധതിയുടെ പൈപ്പ് ലൈൻ സ്ഥാപിച്ചിട്ടുണ്ട്. പൊളിച്ച ഭാഗം ഉറപ്പാക്കുന്ന ജോലി നഗരസഭ നടത്തുകയും ചെയ്തില്ല. ഇതിനാൽ നഗരസഭയിലെ പല റോഡുകളിലും വാഹനങ്ങൾ താഴുന്നത് പതിവായിട്ടുണ്ട്.