പീഡന കേസിൽ വയോധികന് അഞ്ച് ജീവപര്യന്തവും 5.25 ലക്ഷം രൂപ പിഴയും
കുന്നംകുളം: ഇരട്ട ജീവപര്യന്തം ശിക്ഷയനുഭവിക്കുന്ന വയോധികന് മറ്റൊരു പീഡന കേസിൽ അഞ്ച് ജീവപര്യന്തവും 5.25 ലക്ഷം രൂപ പിഴയും വിധിച്ച് കുന്നംകുളം ഫാസ്റ്റ് ട്രാക്ക് പോക്സോ കോടതി. ചൂണ്ടൽ പുതുശേരി പാമ്പുങ്ങൽ വീട്ടിൽ അജിതനെയാണ് (60) ജഡ്ജി എസ്. ലിഷ ശിക്ഷിച്ചത്. 2017ലാണ് കേസിനാസ്പദമായ സംഭവങ്ങൾ.
മാനസികാസ്വാസ്ഥ്യമുള്ള 15കാരിയെ വീടിന്റെ ശുചിമുറിയിൽ വെച്ച് പീഡിപ്പിച്ചു, കുട്ടിയുടെ അമ്മക്കും സഹോദരിക്കും ഉറക്കഗുളിക കലർത്തിയ ഭക്ഷണം നൽകി മയക്കി കുട്ടിയെ ക്രൂരമായ രീതിയിൽ പലതവണ ബലാത്സംഗം ചെയ്തു എന്നീ കേസുകളിലാണ് അഞ്ച് ജീവപര്യന്തത്തിനും പിഴക്കും ശിക്ഷിച്ചുള്ള ചരിത്രവിധി ഉണ്ടായത്. ഈ കുട്ടിയുടെ സഹോദരിയെ പീഡിപ്പിച്ച കേസിലാണ് നേരത്തേ അജിതനെ ഇരട്ട ജീവപര്യന്തത്തിന് ശിക്ഷിച്ചിരുന്നത്.
പരാതിയെ തുടർന്ന് കുന്നംകുളം എസ്.ഐയായിരുന്ന യു.കെ. ഷാജഹാൻ കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചു. കേസിൽ 23 സാക്ഷികളെ വിസ്തരിക്കുകയും 17 രേഖകളും തൊണ്ടിമുതലുകളും ഹാജരാക്കുകയും ശാസ്ത്രീയ തെളിവുകൾ നിരത്തുകയും ചെയ്തു. പ്രോസിക്യൂഷനു വേണ്ടി സ്പെഷൽ പബ്ലിക് പ്രോസിക്യൂട്ടർ (പോക്സോ) കെ.എസ്. ബിനോയിയും പ്രോസിക്യൂഷനെ സഹായിക്കുന്നതിനായി അഭിഭാഷകരായ അമൃത, സഫ്ന എന്നിവരും ഹാജരായി.
എയ്ഡ് പ്രോസിക്യൂഷനു വേണ്ടി കുന്നംകുളം പൊലീസ് സ്റ്റേഷനിലെ സി.പി.ഒ സുജിത്ത് കാട്ടികുളവും ഹാജരായി. കുന്നംകുളം ഇൻസ്പെക്ടർ ആയിരുന്ന ജി. ഗോപകുമാർ ആണ് കേസിൽ കുറ്റപത്രം സമർപ്പിച്ചത്.