വണ്ടിപ്പെരിയാർ കേസിലെ പ്രതി രക്ഷപെട്ടത് ഡി വൈ എഫ് ഐ ബന്ധം കാരണം : വി ഡി സതീശൻ
തിരുവനന്തപുരം: വണ്ടിപ്പെരിയാറിൽ ആറുവയസുകാരിയെ പീഡിപ്പിച്ച് കൊലപ്പെടുത്തിയ കേസിലെ പ്രതിയെ കോടതി വെറുതെ വിട്ടതിൽ പ്രതികരണവുമായി പ്രതിപക്ഷനേതാവ് വി.ഡി.സതീശൻ. കേസിലെ പ്രതിയെ കോടതി വെറുതെ വിട്ട സംഭവം കേരളത്തിന്റെ പൊതുമനസാക്ഷിയെ ഞെട്ടിക്കുന്നതാണെന്ന് അദ്ദേഹം പറഞ്ഞു. പീഡനവും കൊലപാതകവും പോസ്റ്റമോർട്ടത്തിൽ തെളിഞ്ഞതാണ്. പ്രതി കുറ്റം സമ്മതിക്കുകയും പ്രതിയുമായെത്തി പോലീസ് തെളിവുകൾ ശേഖരിച്ചിട്ടും കേസ് കോടതിയിൽ പരാജയപ്പെട്ടതിന് പിന്നിൽ ബാഹ്യ ഇടപെടലുകൾ ഉണ്ടായിട്ടുണ്ടോയെന്ന് അന്വേഷിക്കണമെന്നും അദ്ദേഹം പറഞ്ഞു.
വാളയാറിന് സമാനമായ അവസ്ഥ വണ്ടിപ്പെരിയാർ കേസിലും ഉണ്ടാകരുതെന്ന് പ്രതിപക്ഷം ചൂണ്ടിക്കാട്ടിയിരുന്നതാണ്. വാളയാറിലെ പ്രതിക്ക് പാർട്ടി ബന്ധം ഉള്ളതിനാൽ തെളിവുകൾ നശിപ്പിക്കപ്പെട്ടു. വണ്ടിപ്പെരിയാറിലെ പ്രതിയുടെ ഡി.വൈ.എഫ്.ഐ ബന്ധമാണ് തെളിവ് നശിപ്പിക്കപ്പെടാൻ കാരണമെന്ന് പൊതുസമൂഹം സംശയിക്കുന്നു. വണ്ടിപ്പെരിയാർ പോക്സോ കേസിലെ കോടതിവിധി കുട്ടികളുടെ സുരക്ഷ സംബന്ധിച്ച കേസുകളിൽ സർക്കാരിന് അൽപം പോലും ഗൗരവം ഇല്ലെന്ന് അടിവരയിട്ട് പറയുന്നുണ്ട്. അപ്പീൽ പോയതുകൊണ്ട് മാത്രം പരിഹാരമാകില്ല. പൊലീസിനും പ്രോസിക്യൂഷനും വീഴ്ച പറ്റിയെന്ന് പകൽ പോലെ വ്യക്തമായി. ഇക്കാര്യത്തിൽ മുഖ്യമന്ത്രി മറുപടി പറയണം.
i
പ്രോസിക്യൂഷൻ അങ്ങേയറ്റം ദുർബലമായിരുന്നു. പ്രതിക്ക് ഒളിവിൽ പോകുന്നതിനുള്ള സഹായം നൽകിയത് സി.പി.എം പ്രാദേശിക നേതൃത്വമാണെന്ന ആരോപണം നേരത്തേയുണ്ട്. കുട്ടിയുടെ മൃതദേഹം പോസ്റ്റ്മോർട്ടം ചെയ്യുന്നതിന് മുൻപ് അടക്കാൻ ശ്രമിച്ചതും കേസ് അന്വേഷണം അട്ടിമറിക്കുന്നതിന് വേണ്ടിയുള്ള ഗൂഡാലോചനയുടെ ഭാഗമായിരുന്നു. എസ്.സി എസ്.ടി പീഡനനിരോധന നിയമപ്രകാരമുള്ള വകുപ്പ് കൂടി ചേർക്കണമെന്ന പെൺകുട്ടിയുടെ കുടുംബത്തിൻ്റെ ആവശ്യം പോലീസ് അവഗണിച്ചത് ദുരൂഹമാണ്.
പെൺകുട്ടിയുടെ കുടുംബത്തിന് എല്ലാതരത്തിലുള്ള പിന്തുണയും നിയമ സഹായവും ലഭ്യമാക്കണമെന്ന് ആവശ്യപ്പെട്ട് വണ്ടിപ്പെരിയാർ സന്ദർശിച്ച ശേഷം പ്രതിപക്ഷ നേതാവെന്ന നിലയിൽ മുഖ്യമന്ത്രിക്ക് കത്ത് നൽകിയിരുന്നു. എന്നിട്ടും ഗൗരവമുള്ള നടപടികൾ ഉണ്ടായില്ലെന്നത് അപലപനീയമാണ്.
കൊലപാതകവും ബലാത്സംഗവും തെളിയിക്കാൻ കഴിഞ്ഞില്ലെന്ന് പറഞ്ഞാണ് കേസിലെ പ്രതി അർജുനെ വെറുതെ വിട്ടു. കട്ടപ്പന കോടതി വെറുതെ വിട്ടത് . വ്യക്തമാക്കി. പ്രതിയെ വെറുതെ വിട്ടിരിക്കുന്നു എന്ന ഒറ്റവാക്കിലാണ് കോടതി വിധി പറഞ്ഞത്. 2021 ജൂൺ 30നാണ് ആറുവയസുകാരി കൊല്ലപ്പെട്ടത്.
പൊലീസുകാർ കൃത്രിമമായി തെളിവുകൾ ഉണ്ടാക്കി അർജുന്റെമേൽ കെട്ടിവയ്ക്കുകയായിരുന്നുവെന്ന് പ്രതിഭാഗം അഭിഭാഷകൻ മാദ്ധ്യമങ്ങളോട് പറഞ്ഞു. കള്ളസാക്ഷികളെ ഉപയോഗപ്പെടുത്തി. ഡിവൈഎഫ്‌ഐ നേതാവായിരുന്നതിനാൽ കുടുക്കുകയായിരുന്നു. കോടതി നീതി നടപ്പിലാക്കിയെന്നും അഭിഭാഷകൻ പറഞ്ഞു. അതേസമയം, ശാസ്ത്രീയ തെളിവുകൾ അടക്കം ശേഖരിച്ചാണ് കോടതിയിൽ കുറ്റപത്രം സമർപ്പിച്ചതെന്ന് കേസ് അന്വേഷിച്ച ഉദ്യോഗസ്ഥനായ ടി ഡി സുനിൽകുമാർ വ്യക്തമാക്കി. അപ്പീൽ സാദ്ധ്യത പരിശോധിക്കുമെന്നും അദ്ദേഹം പറഞ്ഞു.
കോടതി വിധിയിൽ പ്രതിഷേധവുമായി കുട്ടിയുടെ ബന്ധുക്കൾ രംഗത്തെത്തി. ഏറെ വൈകാരികമായ രംഗങ്ങളാണ് കോടതിയിൽ അരങ്ങേറിയത്. പന്ത്രണ്ട് കൊല്ലം കാത്തിരുന്ന് ലഭിച്ച കുഞ്ഞാണെന്നും കുട്ടിയ്ക്ക് നീതി ലഭിച്ചില്ലെന്നും ബന്ധുക്കൾ രോഷത്തോടെ പറഞ്ഞു. തങ്ങൾക്ക് പഴയ ജഡ്‌ജിയെ വേണമെന്നും വിധി പുറപ്പെടുവിച്ച ജഡ്‌ജി പണം വാങ്ങിയെന്നും കുട്ടിയുടെ ബന്ധുക്കൾ ആരോപിച്ചു. ജഡ്ജി ഒരു സ്‌ത്രീ ആയിരുന്നിട്ടുകൂടി പ്രതിയെ വെറുതെ വിട്ടുവെന്നും ബന്ധുക്കൾ പറഞ്ഞു.
മാതാപിതാക്കൾ വീട്ടിലില്ലായിരുന്ന സമയത്തായിരുന്നു സംഭവം നടന്നത്. ചുരക്കുളം എസ്റ്റേറ്റിലെ മുറിക്കുള്ളിൽ ആറുവയസുകാരിയെ പീഡിപ്പിച്ചശേഷം അർജുൻ കെട്ടിത്തൂക്കി കൊലപ്പെടുത്തുകയായിരുന്നുവെന്നാണ് കുറ്റപത്രത്തിൽ പറയുന്നത്. പോസ്റ്റുമോർട്ടത്തിൽ പീഡനത്തിനിരയായെന്ന് കണ്ടെത്തിയതോടെ പൊലീസ് നടത്തിയ അന്വേഷണത്തിലാണ് അർജുൻ പിടിയിലായത്. പീഡിപ്പിക്കുന്നതിനിടെ പെൺകുട്ടി ബോധരഹിതയായെന്നും തുടർന്ന് കെട്ടിത്തൂക്കിയെന്നുമായിരുന്നു അർജുൻ പൊലീസിനോട് പറഞ്ഞത്. പെൺകുട്ടിയെ രണ്ടു വർഷത്തോളം പീഡിപ്പിച്ചതായും ഇയാൾ പൊലീസിന് മൊഴി നൽകിയിരുന്നു.