വന്ദേഭാരത് എക്‌സ്പ്രസ് സര്‍വീസ് മംഗലുരു വരെ നീട്ടണം: വി ഡി സതീശൻ
തിരുവനന്തപുരം : കേരളത്തിന് അനുവദിച്ച വന്ദേഭാരത് എക്‌സ്പ്രസ് സര്‍വീസ് മംഗലുരു വരെ നീട്ടണമെന്നും റെയില്‍ പാളങ്ങളിലെ വളവുകള്‍ നികത്തി ഹൈ- സ്പീഡ് റെയില്‍ കണക്ടിവിറ്റി സംസ്ഥാനത്ത് ഉറപ്പാക്കണമെന്നും ആവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ കേന്ദ്ര റെയില്‍വെ മന്ത്രിക്ക് കത്തയച്ചു.
തിരുവനന്തപുരം മുതല്‍ കണ്ണൂര്‍ വരെ പ്രഖ്യാപിച്ചിരിക്കുന്ന വന്ദേഭാരത് സര്‍വീസില്‍ കാസര്‍കോടിനെ കൂടി ഉള്‍പ്പെടുത്തണമെന്നും കണക്ടിവിറ്റി പൂര്‍ണമാകാന്‍ മംഗലുരു വരെ സര്‍വീസ് നീട്ടണമെന്നുമാണ് പ്രതിപക്ഷ നേതാവ് ആവശ്യപ്പെട്ടിരിക്കുന്നത്. നിലവിലെ റെയില്‍ പാളങ്ങളുടെ വളവുകള്‍ നികത്തിയും സിഗ്നലിങ് സംവിധാനം മെച്ചപ്പെടുത്തിയും വന്ദേഭാരതിന് പരമാവധി സ്പീഡില്‍ സര്‍വീസ് നടത്താനുള്ള സൗകര്യം ഒരുക്കണമെന്നും പ്രതിപക്ഷ നേതാവ് ആവശ്യപ്പെട്ടു
അതെ സമയം വന്ദേ ഭാരത് ട്രെയിന്‍, കെറെയിലിന് ബദല്‍ അല്ലെന്നും സിപിഐഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദന്‍ പറഞ്ഞു. വന്ദേഭാരതും കെറെയിലും തമ്മില്‍ യാതൊരു ബന്ധവുമില്ല. കെറെയിലിനെ അറിയാത്തത് കൊണ്ടാണ് ഇത് പറഞ്ഞുകൊണ്ടിരിക്കുന്നത്. ഉന്നത ശ്രേണിയിലുള്ളവര്‍ക്ക് മാത്രമല്ല കെറെയില്‍, എല്ലാ ജനവിഭാഗത്തിനും വേണ്ടിയുള്ളതാണെന്നും ഗോവിന്ദന്‍ കൂട്ടിച്ചേര്‍ത്തു. അപ്പവുമായി കുടുംബശ്രീക്കാര്‍ കെറെയിലില്‍ തന്നെ പോകുമെന്നും അദ്ദേഹം പ്രതികരിച്ചു. ”വന്ദേഭാരത് കയറി അപ്പവും കൊണ്ട് പോയാല്‍ രണ്ടാമത്തെ ദിവസമാണ് എത്തുക. കേടാകുമെന്ന് ഉറപ്പല്ലേ.”-ഗോവിന്ദന്‍ പറഞ്ഞു