
പ്രമുഖ ഗാന്ധിയൻ വലിയപുരക്കല്‍ കൃഷ്ണന് നൂറാം പിറന്നാള്‍

ഗുരുവായൂർ : ഗാന്ധിയനും സ്വാതന്ത്ര്യ സമരത്തില്‍ പങ്കാളിയുമായിരുന്ന വലിയപുരക്കല്‍ കൃഷ്ണന്റെ നൂറാം പിറന്നാള്‍ ആഘോഷം ഏപ്രില്‍ ഒന്നിന് രുഗ്മണി റീജന്‍സിയില്‍ നടക്കുമെന്ന് സംഘാടകര്‍ വാര്‍ത്ത സമ്മേളനത്തില്‍ അറിയിച്ചു. മുന്‍ നിയമസഭ സ്പീക്കര്‍ വി.എം സുധീരന്‍ ഉദ്ഘാടനം ചെയ്യും. പാവറട്ടി വില്ലേജ് കോണ്‍ഗ്രസ്സ് സെക്രട്ടറി, മണ്ഡലം കോണ്‍ഗ്രസ്സ് സെക്രട്ടറി, ഡി.സി.സി അംഗം എന്നീ സ്ഥാനങ്ങള്‍ ഇദ്ദേഹം വഹിച്ചിരുന്നതായി സംഘാടക സമിതി ഭാരവാഹികള്‍ പറഞ്ഞു.

എസ്.എന്‍.ഡി.പിയിലും സജീവമായിരുന്നു. കെ കേളപ്പന്‍ പങ്കെടുത്ത ഗുരുവായൂര്‍ ക്ഷേത്രപ്രവേശന ദിനാചരണത്തില്‍ പങ്കെടുക്കുകയും ജവഹര്‍ലാല്‍ നെഹ്‌റു പാവറട്ടി സെന്റ് ജോസഫ്‌സ് ഹൈസ്‌ക്കൂളില്‍ പങ്കെടുത്ത യോഗത്തിലേക്ക് പ്രത്യേകം ക്ഷണിക്കപ്പെടുകയും ചെയ്ത വ്യക്തിത്വമാണെന്ന് വാര്‍ത്ത സമ്മേളനത്തില്‍ അറിയിച്ചു.

വിവിധ സാമൂഹ്യ സാംസ്‌കാരിക വ്യാപാര സംഘടനകളുടെ ഭാരവാഹിത്വം വഹിച്ചിട്ടുണ്ട്. അടുത്ത കാലം വരെ സൈക്കിളില്‍ സഞ്ചരിച്ച് പൊതു പരിപാടികളില്‍ പങ്കെടുത്തിരുന്ന കൃഷ്ണന്‍, ഇപ്പോള്‍ ഡോക്ടറുടെ നിര്‍ദേശപ്രകാരം വിശ്രമജീവിതം നയിക്കുകയാണ്. ജീവിതത്തില്‍ ഖാദി മാത്രം ഉപയോഗിക്കുന്ന വ്യക്തിയാണ്. അനുമോദന ചടങ്ങില്‍ എന്‍.കെ. അക്ബര്‍ എം.എല്‍.എ ഉപഹാരം നല്‍കും. നഗരസഭ ചെയര്‍മാന്‍ എം കൃഷ്ണദാസ് പൊന്നാട അണിയിക്കും.
മുന്‍ എം.പി ടി എന്‍ പ്രതാപന്‍ പ്രശസ്തി പത്രം സമര്‍പ്പിക്കും. സ്വാമി പ്രബോധ തീര്‍ത്ഥ ശിവഗിരി മഠം അനുഗ്രഹ പ്രഭാഷണം നടത്തും. ശതാബ്ദി ആഘോഷ കമ്മറ്റി ചെയര്‍മാന്‍ ആര്‍ രവികുമാര്‍, വര്‍ക്കിങ് ചെയര്‍മാന്‍ അരവിന്ദന്‍ പല്ലത്ത്, ജനറല്‍ കണ്‍വീനര്‍ ബാലന്‍ വാറനാട്ട്, ട്രഷറര്‍ വി കെ ജയരാജ് എന്നിവര്‍ വാര്‍ത്ത സമ്മേളനത്തില്‍ പങ്കെടുത്തു