വക്കം പുരുഷോത്തമൻ അന്തരിച്ചു
തിരുവനന്തപുരം: മുതിർന്ന കോൺഗ്രസ് നേതാവും മുൻമന്ത്രിയും നിയമസഭ സ്പീക്കറും ആയിരുന്ന വക്കം പുരുഷോത്തമൻ അന്തരിച്ചു. വാർദ്ധക്യസഹജമായ അസുഖത്തെ തുടർന്നായിരുന്നു അന്ത്യം. അഞ്ചുതവണ ആറ്റിങ്ങലിൽ നിന്ന് നിയമസഭയിലേക്ക് എത്തി. മൂന്ന് തവണ മന്ത്രിയായി. കെപിസിസി ജനറൽ സെക്രട്ടറി, വൈസ് പ്രസിഡന്റ് എന്നീ സ്ഥാനങ്ങൾ വഹിച്ചു. കേരള നിയമസഭയിൽ ഏറ്റവും അധികം കാലം സ്പീക്കറായ വ്യക്തിയായിരുന്നു ഇദ്ദേഹം. 96 വയസ്സായിരുന്നു. മിസോറാം, ത്രിപുര സംസ്ഥാനങ്ങളുടെ ഗവർണറായും സേവനമനുഷ്ഠിച്ചിട്ടുണ്ട്. ഭാര്യ: മെഡിക്കൽ വിദ്യാഭ്യാസ ജോയിന്റ് ഡയറക്ടറായിരുന്ന ഡോ.ലില്ലി. മക്കൾ: ബിനു, ബിന്ദു, പരേതനായ ബിജു
1928 ഏപ്രിൽ 12 ന് വക്കം കടവിളാകത്തു വീട്ടിൽ കെ. ഭാനുപ്പണിക്കരുടെയും ഭവാനിയുടെയും മകനായി ജനിച്ച പുരുഷോത്തമൻ 1946 ൽ വിദ്യാർഥി കോൺഗ്രസിലൂടെയാണ് പൊതുപ്രവർത്തനരംഗത്തെത്തിയത്. 1952 ൽ ആദ്യ പഞ്ചായത്ത് തെരഞ്ഞെടുപ്പിൽ ആർഎസ്പി സ്ഥാനാർഥിയായി മത്സരിച്ച് വക്കം പഞ്ചായത്ത് അംഗമായി. 1956 ൽ ഹൈക്കോടതി ബഞ്ചിനുവേണ്ടിയുള്ള പ്രക്ഷോഭത്തിൽ പങ്കെടുത്ത് ജയിൽവാസം അനുഭവിച്ചിട്ടുണ്ട്. തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളജിൽനിന്നു ബിരുദവും അലിഗഡ് സർവകലാശാലയിൽനിന്ന് എംഎയും എൽഎൽബിയും പാസായശേഷം തിരുവനന്തപുരത്ത് അഭിഭാഷകനായി ജോലി ചെയ്യുന്നതിനിടെ ആർ.ശങ്കറിന്റെ നിർബന്ധം കാരണമാണ് വീണ്ടും സജീവ രാഷ്ട്രീയത്തിലെത്തിയത്
1967 ലും 1969 ലും നിയമസഭയിലേക്കു മത്സരിച്ച വക്കം പരാജയപ്പെട്ടു. 1970 ൽ ആറ്റിങ്ങലിൽ കാട്ടായിക്കോണം ശ്രീധറിനെ പരാജയപ്പെടുത്തിയാണ് നിയമസഭയിലേക്കുള്ള ആദ്യ വിജയം നേടിയത്. 1971 മുതൽ 1977 വരെ അച്യുതമേനോൻ മന്ത്രിസഭയിൽ കൃഷി, തൊഴിൽ വകുപ്പുകളുടെ മന്ത്രിയായി. അക്കാലത്താണ് കർഷക തൊഴിലാളി നിയമത്തിനും ചുമട്ടുതൊഴിലാളി നിയമത്തിനും രൂപം നൽകിയത്. അഞ്ചുവർഷം നിയമമന്ത്രിയുടെ ചുമതലയും വഹിച്ചു
1977, 1980, 1982 നിയമസഭാ തിരഞ്ഞെടുപ്പുകളിലും ആറ്റിങ്ങലിൽനിന്നു വിജയിച്ചു. 1980 ൽ ഇ.കെ.നായനാർ മന്ത്രസഭയിൽ ആരോഗ്യം, ടൂറിസം വകുപ്പുകളുടെ മന്ത്രിയായി. 1996 ൽ ആനത്തലവട്ടം ആനന്ദനോടു പരാജയപ്പെട്ടെങ്കിലും 2001ൽ കടകംപള്ളി സുരേന്ദ്രനെ തോൽപിച്ച് വീണ്ടും നിയമസഭയിലെത്തി. 2004 ലെ ആദ്യ ഉമ്മൻചാണ്ടി മന്ത്രിസഭയിൽ ധന, എക്സൈസ്, ലോട്ടറി വകുപ്പുകളുടെ ചുമതല ലഭിച്ചു. 1982–84, 2001–2004 കാലത്ത് നിയമസഭാ സ്പീക്കറായിരുന്നു.
1984 ൽ സ്പീക്കർ സ്ഥാനം രാജിവച്ചാണ് ലോക്സഭാ തിരഞ്ഞെടുപ്പിൽ മൽസരിക്കാനിറങ്ങിയത്. ആലപ്പുഴയിലെ കന്നിമൽസരത്തിൽ സുശീലാ ഗോപാലനെ പരാജയപ്പെടുത്തി പാർലമെന്റിൽ എത്തി. 89 ൽ വിജയം ആവർത്തിച്ചെങ്കിലും 91 ൽ ടി.ജെ.ആഞ്ചലോസിനോടു പരാജയപ്പെട്ടു. എംപിയായിരിക്കെ മൂന്നു വർഷം പബ്ളിക് അണ്ടർടേക്കിങ് കമ്മിറ്റി ചെയർമാനായിരുന്നു. ലോക്സഭാംഗമായിരുന്ന കാലം മുഴുവൻ അദ്ദേഹം സഭയുടെ പാനൽ ഓഫ് ചെയർമാനിൽ ഉൾപ്പെട്ടിരുന്നു
കോൺഗ്രസ് തറവാട്ടിലെ കാരണവർ… കരുത്തും ആജ്ഞാശക്തിയുമുള്ള ഭരണാധികാരി… വ്യക്തതയും കണിശതയുമുള്ള നിലപാടുകൾ… ആരെയും കൂസാത്ത, ഒരു സമ്മർദ്ദത്തിനും വഴങ്ങാത്ത വക്കം പുരുഷോത്തമൻ പൊതുപ്രവർത്തകർക്ക് അനുകരണീയമായ മാതൃകയാണ്. ഭരണ, പ്രതിപക്ഷ വ്യത്യാസമില്ലാതെ നീതിബോധത്തോടെ മാത്രം പെരുമാറിയിരുന്ന വക്കം പുരുഷോത്തമൻ നിയമസഭ സ്പീക്കർ പദവിയുടെ അന്തസുയർത്തി. ഒരു സ്പീക്കർ എങ്ങനെ പ്രവർത്തിക്കണമെന്നതിന് എക്കാലത്തെയും റഫറൻസാണ് വക്കം പുരുഷോത്തമന്റെ കാലഘട്ടം.
കൃത്യസമയത്ത് നിയമസഭാ തുടങ്ങി കൃത്യസമയത്ത് തന്നെ നടപടികൾ അവസാനിപ്പിക്കുകയും ചെയ്തിരുന്ന സ്പീക്കറായിരുന്നു അദ്ദേഹം. അതുകൊണ്ടു തന്നെ അനുവദിച്ച് കിട്ടുന്ന ചുരുങ്ങിയ സമയത്തിനുള്ളിൽ പറയേണ്ട കാര്യങ്ങൾ ഭംഗിയായി അവതരിപ്പിക്കാൻ ശ്രമിക്കണമെന്ന് തോന്നിപ്പിച്ചത് അദ്ദേഹത്തിന്റെ ആജ്ഞാശക്തി സ്ഫുരിക്കുന്ന ശബ്ദമാണ്. ഞാൻ ഉൾപ്പെടെ അന്ന് സഭയിലുണ്ടായിരുന്ന ഏറ്റവും ജൂനിയർ അംഗങ്ങളെ പ്രോത്സാഹിപ്പിക്കാനും നന്നായി പ്രസംഗിച്ചാൽ പരസ്യമായി അഭിനന്ദിക്കാനും അദ്ദേഹം പ്രത്യേക ശ്രദ്ധ കാട്ടിയിരുന്നു. പുതുതലമുറയിൽപ്പെട്ട സാമാജികർക്ക് നിർലോഭമായ പിന്തുണ നൽകുകയും അവർക്ക് വളർന്നു വരാനുള്ള അവസരം ഒരുക്കുകയും ചെയ്ത നേതാവായിരുന്നു വക്കം. നിരവധി വകുപ്പുകൾ കൈകാര്യം ചെയ്ത മന്ത്രി, സ്പീക്കർ, പാർലമെന്റ് അംഗം, ലെഫ്റ്റനന്റ് ഗവർണർ, ഗവർണർ എന്നീ പദവികളിൽ അഭിമാനകരമായ പ്രവർത്തനമാണ് അദ്ദേഹം നടത്തിയത്.
വക്കത്തിന്റെ വിയോഗം വ്യക്തിപരമായി എനിക്ക് വലിയ നഷ്ടമാണ്. വക്കം സ്പീക്കറായിരിക്കവെയാണ് ഞാൻ ആദ്യം നിയമസഭയിലെത്തുന്നത്. സഭയിലെ പിൻബെഞ്ചുകാരനായ എന്നെ അകമഴിഞ്ഞ് പ്രോത്സാഹിപ്പിച്ചു. അഭിനന്ദിക്കേണ്ടിടത്ത് അഭിനന്ദിച്ചു… ഉപദേശിക്കേണ്ടിടത്ത് ഉപദേശിച്ചു… തിരുത്തേണ്ടിടത്ത് തിരുത്തി…
അദ്ദേഹം എന്നോട് കാട്ടിയ വാത്സല്യം പറഞ്ഞറിയിക്കാനാകില്ല.
അവസാന കാലത്തും പോലും ഫോണിൽ വിളിക്കുകയും നിയമസഭയിൽ നടക്കുന്ന കാര്യങ്ങളെ കുറിച്ച് സംസാരിക്കുകയും ചെയ്തിട്ടുണ്ട്. സഭയിൽ നന്നായി പ്രസംഗിച്ചാൽ അതിനെ അഭിനന്ദിച്ചും കൃത്യമായ മാർഗനിർദ്ദേശങ്ങൾ നൽകിയും രോഗക്കിടക്കിയിലും അദ്ദേഹം ഞങ്ങൾക്കൊപ്പം സജീവമായിരുന്നു.
പാർട്ടി ചട്ടക്കൂടിനുള്ളിൽ തികഞ്ഞ അച്ചടക്കത്തോടെ പ്രവർത്തിച്ചിരുന്ന നേതാവായിരുന്നു വക്കം. കെ.പി.സി.സി വൈസ് പ്രസിഡന്റ്, ജനറൽ സെക്രട്ടറി സ്ഥാനങ്ങളിൽ അസാധാരണ ഊർജത്തോടെ അദ്ദേഹം പ്രവർത്തിച്ചു. ഡി.സി.സി അധ്യക്ഷനെന്ന നിലയിൽ തിരുവനന്തപുരം ജില്ലയിൽ കോൺഗ്രസിനെ ശക്തിപ്പെടുത്തിയ നേതാക്കളിൽ പ്രധാനിയായിരുന്നു വക്കം. അദ്ദേഹത്തിന്റെ ഓർമ്മകൾക്ക് മുന്നിൽ പ്രണാമം.
മുൻ ഗവർണറും മുൻമന്ത്രിയും നിയമസഭ സ്പീക്കറും ആയിരുന്ന വക്കം പുരുഷോത്തമന്റെ നിര്യാണത്തിൽ എഐസിസി ജനറൽ സെക്രട്ടറി കെ സി വേണുഗോപാൽ എംപി അനുശോചിച്ചു.
വ്യക്തമായ നിലപാടും ശക്തമായ അഭിപ്രായങ്ങളും എന്നും തുറന്നുപ്രകടിപ്പിച്ച വ്യക്തിത്വം. വിദ്യാർഥി രാഷ്ട്രീയത്തിലൂടെ പൊതുരംഗത്ത് എത്തിയ അദ്ദേഹം തന്റേതായ പ്രവർത്തന ശൈലി കൊണ്ട് ജനകീയനായ നേതാവാണ്. ഹൃദയം കൊണ്ട് എല്ലാവരെയും സ്‌നേഹിച്ച മനുഷ്യസ്‌നേഹിയായ നേതാവ്.സഹോദരതുല്യനായ അടുപ്പം എനിക്ക് അദ്ദേഹവുമായി ഉണ്ടായിരുന്നു. ഗുരുസ്ഥാനീയനായ അദ്ദേഹത്തിന്റെ ഉപദേശങ്ങൾ പലപ്പോഴും എന്നിലെ പൊതുപ്രവർത്തകന് വഴികാട്ടിയായിട്ടുണ്ട്. സ്പീക്കറായും മന്ത്രിയായും ഗവർണറായും നിയമസഭാ സാമാജികനായും എംപിയായും മികച്ച നിലയിൽ പ്രവർത്തിക്കാൻ അദ്ദേഹത്തിനു കഴിഞ്ഞിട്ടുണ്ടെന്നും വേണുഗോപാൽ അനുസ്മരിച്ചു.
ഏറ്റവുമധികം കാലം നിയമസഭാ സ്പീക്കർ പദവി വഹിച്ച നേതാവും വക്കം പുരുഷോത്തമാനാണ്. സ്പീക്കർ പദവിയിലിരിക്കെ സഭയെ അച്ചടക്കത്തോടെ നയിക്കുന്നതിലും അംഗങ്ങൾക്ക് സമയനിഷ്ട പാലിക്കുന്നതിലും അദ്ദേഹം കർക്കശത്തോടെ എടുത്ത നടപടികൾ എക്കാലവും ഓർമ്മിക്കപ്പെടുന്നതാണ്. ഒരു നല്ല ഭരണാധികാരിയായി കഴിവ് തെളിയിച്ച അദ്ദേഹം കോൺഗ്രസിനെ ശക്തിപ്പെടുത്തതിന് നൽകിയ സംഭാവനകൾ വലുതാണ്. ചുമട്ടുതൊഴിലാളി നിയമം ഉൾപ്പെടെ പുരോഗമനപരമായ പരിഷ്‌ക്കാരങ്ങൾ കൊണ്ടുവരാൻ അക്ഷീണം പ്രയത്‌നിച്ച ഭരണാധികാരികൂടിയായിരുന്നു അദ്ദേഹം. ഡിസിസി പ്രസിഡന്റ്, കെപിസിസി ജനറൽ സെക്രട്ടറി, കെപിസിസി വൈസ് പ്രസിഡന്റ് എന്നീ പദവികളും വഹിച്ച അദ്ദേഹം ദീർഘകാലം എഐസിസി അംഗമായും പ്രവർത്തിച്ചു. അദ്ദേഹത്തിന്റെ വിയോഗം കോൺഗ്രസ് പ്രസ്ഥാനത്തിന് കനത്ത നഷ്ടമാണെന്നും കെ.സി.വേണുഗോപാൽ പറഞ്ഞു.