വാദ്യ കലാകാരന്മാരെ സർക്കാർ അവഗണിക്കുന്നു ,പലരും ആത്മഹത്യയുടെ വക്കിൽ : പെരുവനം കുട്ടൻമാരാർ
തൃശൂർ : സർക്കാരിനെതിരെ വിമർശനവുമായി മേള പ്രമാണി പെരുവനം കുട്ടൻ മാരാർ. വാദ്യകലാകാരൻമാരെ സർക്കാർ സഹായിക്കുന്നില്ലെന്ന് പെരുവനം കുട്ടൻ മാരാർ കുറ്റപ്പെടുത്തി. സർക്കാർ സഹായത്തിനായി നിരന്തരം അപേക്ഷ നൽകിയിട്ടും നടപടി ഉണ്ടായില്ല. കഴിഞ്ഞ വർഷം യാതൊരു ധനസഹായവും ലഭിച്ചില്ല. ചുരുങ്ങിയത് 5000 രൂപയെങ്കിലും കലാകാരൻമാർക് പ്രതിമാസം നൽകണം. അടിയന്തിര സഹായം ലഭിച്ചില്ലെങ്കിൽ ജീവിതം പ്രതിസന്ധിയിലാകുമെന്നും ചുരുങ്ങിയ രീതിയിലെങ്കിലും ഉത്സവം നടത്താൻ അനുവദിക്കണമെന്നും പെരുവനം വാർത്ത സമ്മേളനത്തിൽ ആവശ്യപ്പെട്ടു.
പല കലാകാരന്മാരും ആത്മഹത്യയുടെ വക്കിലുമാണ്. ഈ വർഷം തുടക്കം കുറിച്ച് ഉത്സവങ്ങൾ നടക്കുകയും, ചെറിയ സമാധാനം കിട്ടുകയും, കലാകാരന്മാരുടെ ജീവിതം കുറച്ചു ഭേദപ്പെട്ടു വരികയുമായിരുന്നു. കലാകാരന്മാരെ സംബന്ധിച്ച് ജനുവരി മുതൽ ഏപ്രിൽ വരെയാണ് പിന്നീടുള്ള ഒരുവർഷക്കാലത്തേക്കുള്ള നീക്കിയിരിപ്പിനും, കുടുംബം പുലർത്തുന്നതിനും സാമ്പത്തിക വരുമാനമുള്ള കാലഘട്ടം. ബസ്സുകൾ, ബാറുകൾ, മാളുകൾ, ബീവറേജ് എന്നുവേണ്ട മറ്റു എല്ലാ പൊതുസ്ഥലങ്ങളും യാതൊരു മാനദണ്ഡങ്ങൾ ഇല്ലാതെ ജനങ്ങൾ തിക്കും തിരക്കും കൂട്ടി നടക്കുന്നുണ്ട്. എന്നാൽ ഉത്സവങ്ങളുടെ കാര്യമാകുമ്പോൾ വിലക്ക് ഏർപ്പെടുത്തികൊണ്ടിരിക്കുകയാണ്. വീണ്ടും ഒരു വിലക്ക് നേരിടാനുള്ള ശേഷി കലാകാരന്മാർക്ക് ഇല്ല. ഉത്സവകമ്മറ്റികളെ പോലീസ് കേസിന്റെ പേര് പറഞ്ഞ് പരിപാടി നടത്തുന്നതിൽ നിന്നും പിൻതിരിപ്പിക്കുകയാണ്.
കലാകാരന്മാരുടേയും കുടുംബത്തിന്റേയും അവസ്ഥ മനസ്സിലാക്കി കോവിഡ് മാനദണ്ഢങ്ങൾ പാലിച്ച് ഉത്സവങ്ങൾ നടത്തുവാൻ വേണ്ട നടപടികൾ ഉണ്ടാക്കി തരണമെന്നും ഏറ്റവും ചുരുങ്ങിയത് 50 പേർക്ക് വാദ്യകല അവതരിപ്പിക്കുവാൻ അവസരം നൽകണമെന്നും, കലാകാരന്മാർക്ക് സർക്കാർ ധനസഹായം നൽകണമെന്നും ഭരണാധികാരികൾ ഉത്സവങ്ങൾ നടത്തുവാൻ അനുമതി നൽകണമെന്നും ക്ഷേത്ര വാദ്യകലാ അക്കാദമി രക്ഷാധികാരി കൂടിയായ പെരുവനം ആവശ്യപ്പെട്ടു. അക്കാദമി സംസ്ഥാന പ്രസിഡണ്ട് അന്തിക്കാട് പത്മനാഭൻ, സംസ്ഥാന ട്രഷറർ കീഴൂട്ട് നന്ദനൻ, തൃശൂർ ജില്ലാ വർക്കിംഗ് പ്രസിഡണ്ട് കിള്ളിമംഗലം പ്രിയേഷ്, ജില്ലാ സെക്രട്ടറി കല്ലേറ്റുംകര ഹരിശങ്കർ എന്നിവർ പങ്കെടുത്തു