വയോധികരെയും മക്കളെയും കൊലപ്പെടുത്താൻ ശ്രമം, യുവാവിന് പതിനാലര വർഷം തടവ്
ചാവക്കാട് : വീട്ടിൽ അതിക്രമിച്ച് കയറി വയോധികരെയും മക്കളെയും കുത്തിക്കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ യുവാവിന് പതിനാലര വർഷം തടവും 55,000 രൂപ പിഴയും. വെള്ളറ വീട്ടിൽ സനുവിനെ (31) ആണ് ചാവക്കാട് അസിസ്റ്റൻറ് സെഷൻസ് കോടതി വിവിധ വകുപ്പുകളിലായി ശിക്ഷിച്ചത്. പിഴ സംഖ്യ പരിക്കേറ്റവർക്ക് നൽകണം. 2016 നവംബർ 12ന് വൈകീട്ടാണ് കേസിനാസ്പദമായ സംഭവം.
കുന്നംകുളം അകതിയൂർ സ്വദേശികളായ വെള്ളറ വീട്ടിൽ ജീസി (65), ജീസിയുടെ സഹോദരൻ വർഗീസ് (74), വർഗീസിന്റെ ഭാര്യ ലിസി (57), ജീസിയുടെ മകൻ ജിലിമോൻ (35) എന്നിവരെയാണ് കൊലപ്പെടുത്താൻ ശ്രമിച്ചത്. വർഗീസിനെ ആക്രമിക്കുന്നത് കണ്ട് ഓടിയെത്തിയതായിരുന്നു വീട്ടുകാർ. വർഗീസിനെ ആശുപത്രിയിൽ കൊണ്ടു പോകാൻ ശ്രമിക്കുന്നതിനിടെയാണ് സനു കത്തികൊണ്ട് ജീസിയെ ആക്രമിച്ചത്. അത് കണ്ട് വന്ന മകൻ ജിലി മോനെയും വെട്ടി പരിക്കേൽപ്പിച്ചു. തടയാനെത്തിയ വർഗീസിന്റെ ഭാര്യ ലിസിയെയും ആക്രമിച്ചു. ആക്രമണത്തിൽ എല്ലാവർക്കും ഗുരുതര പരുക്കേറ്റു.
ജീലിമോന്റെ കയ്യിലെ രണ്ടു ഞരമ്പുകൾ പൊട്ടുകയും ചെയ്തു. വർഗീസിനെ ഉപദ്രവിക്കുന്നത് തടഞ്ഞതിലുള്ള വിരോധമാണ് കുടുംബാംഗങ്ങളെയും ആക്രമിച്ചത്. പ്രോസിക്യൂഷൻ ഭാഗത്തുനിന്നും 11 സാക്ഷികളെ വിസ്തരിച്ചു. 14 രേഖകളും ഹാജരാക്കി. കുന്നംകുളം പോലീസ് സബ് ഇൻസ്പെക്ടർ ആയിരുന്ന സി.പി പ്രശാന്ത് അന്വേഷണം നടത്തി കുറ്റപത്രം സമർപ്പിച്ചു. പ്രോസിക്യൂഷന് വേണ്ടി അഡീഷണൽ പബ്ലിക് പ്രോസിക്യൂട്ടർ കെ.ആർ.രജിത്കുമാർ ഹാജരായി